ADVERTISEMENT

കാക്കനാട്∙ ഹരിതകർമ സേനയുടെ രൂപവും ഭാവവും മാറ്റി ശുചീകരണ രംഗത്ത് അത്യാധുനിക പരിഷ്ക്കാരങ്ങൾക്കു തൃക്കാക്കര നഗരസഭ തുടക്കമിടുന്നു. എല്ലാ കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി നഗരസഭാ പരിധിയിൽ ഗ്രീൻ പ്രോട്ടോക്കോൾ ബാധകമാക്കാനാണ് തീരുമാനം. ഇതു യാഥാർഥ്യമാകുന്നതോടെ ശുചീകരണ തൊഴിലാളികൾ ‘ഗ്രീൻ ടെക്നീഷ്യൻ’ എന്ന പേരിലാകും അറിയപ്പെടുക. വിദ്യാസമ്പന്നരായ യുവജനങ്ങളെ ശുചീകരണ തൊഴിലിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.43 വാർഡുകളിലെ ഹരിതകർമ സേനാംഗങ്ങളെ ഉൾപ്പെടുത്തി 8 സംരംഭക ഗ്രൂപ്പുകളുണ്ടാക്കി സ്വയം തൊഴിൽ മാതൃകയിലാകും മാലിന്യ സംസ്ക്കരണം. ആരോഗ്യ സ്ഥിരം സമിതി സമ്പൂർണ പദ്ധതി തയാറാക്കി നഗരസഭ കൗൺസിലിന്റെ അനുമതി ലഭ്യമാക്കിയാകും പ്രാവർത്തികമാക്കുക.

കുറഞ്ഞ അളവിൽ മാത്രം മാലിന്യം ഉണ്ടാകും വിധം ദൈനം ദിന കാര്യങ്ങൾ നടപ്പാക്കാൻ വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിശീലനം നൽകും. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിച്ചു വളം നിർമിക്കാനും അതുപയോഗിച്ചു ജൈവ കൃഷി ചെയ്യാനും കുടുംബങ്ങളിലെ ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കാനും ഗ്രീൻ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കും.  വീടുകളിലെ ചടങ്ങുകളിലേക്ക് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനുള്ള ഉപകരണങ്ങൾ സംരംഭക ഗ്രൂപ്പുകൾ വഴി ലഭ്യമാക്കും. നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ റാഷിദ് ഉള്ളമ്പിള്ളി, നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ, പെലിക്കൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സി.എൻ.മനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

വാർഡുകളിൽ വൊളന്റിയർ കൂട്ടായ്മ 

തൃക്കാക്കര നഗരസഭയിൽ സംരംഭക ഗ്രൂപ്പുകളെ സഹായിക്കാൻ വാർഡുകൾ തോറും വൊളന്റിയർ കൂട്ടായ്മ രൂപീകരിക്കും. വാർഡ് കൗൺസിലർമാർക്കായിരിക്കും മേൽനോട്ട ചുമതല. റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളാകും വൊളന്റിയർ കൂട്ടായ്മയിൽ ഉണ്ടാകുക. നിലവിൽ 70 അംഗങ്ങളാണ് ഹരിതകർമ സേനയിലുള്ളത്.

പദ്ധതി വിപുലമാക്കുന്നതോടെ കൂടുതൽ ഹരിതകർമ സേനാംഗങ്ങളെ തിരഞ്ഞെടുത്തു പരിശീലനം നൽകി നിയമിക്കും. വാഹനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം നഗരസഭ ഏർപ്പെടുത്തും. നഗരസഭയുടെ കണ്ടിജന്റ് ജീവനക്കാർക്കു റോഡുകൾ ഉൾപ്പെടെയുള്ള പൊതുനിരത്തുകളുടെ ശുചീകരണ ചുമതല നൽകും. ഇപ്പോൾ സ്ഥാപനങ്ങളിൽ നിന്നും മറ്റും കണ്ടിജന്റ് ജീവനക്കാരും മാലിന്യം ശേഖരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com