ADVERTISEMENT

ഓലച്ചൂട്ടിന്റെ തീപ്പൊരികൾ ചിതറുന്ന വെട്ടത്തിൽ വസൂരിപൊങ്ങിയൊരു ഉടൽ....... പുല്ലേപ്പടിക്കു കിഴക്കുള്ളവരെ ഏറെക്കാലം പേടിപ്പിച്ച ഓർമകൾ. രാത്രിയായാൽ ആരും തനിച്ചു പുറത്തുപോകില്ല. തമ്മനം, കാരണക്കോടം, കതൃക്കടവ് ഭാഗങ്ങളിലേക്കു പോകാൻ രാത്രിയിൽ പുല്ലേപ്പടിയിൽ വന്നു കാത്തുനിൽക്കും. എട്ടോ, പത്തോ ആളുകൾ ചേർന്നു ചൂട്ടും കത്തിച്ചു നടക്കും. നാടെങ്ങും വസൂരി നടമാടിയിരുന്ന കാലം. കോവിഡ് പേടിയിൽ വീട്ടിലൊളിക്കേണ്ടിവന്ന നമ്മൾക്ക് അക്കാലം കുറച്ചൊക്കെ ഓർത്തെടുക്കാനാവും.

വസൂരി ബാധിച്ചവർക്കു വീട്ടിലും നാട്ടിലും ഇടമില്ല. അവരെ കൊണ്ടിടാൻ രാജാവു പണിത കെട്ടിടമാണു വസൂരി കോലോം. പുല്ലേപ്പടിയിലെ ആ കെട്ടിടം ഇന്നു ഹോമിയോ ആശുപത്രിയാണ്. ഒറ്റപ്പെടലും വേദനവും മരണഭീതിയും സഹിക്കാതെ, ദേഹത്താകെ വ്രണങ്ങളുമായി രോഗികൾ ഇറങ്ങിയോടും. അവരെ പേടിച്ചാണു രാത്രി ഒറ്റയ്ക്കുള്ള യാത്ര ഭയക്കുന്നത്. പുല്ലേപ്പടി കവലയിൽ വാപ്പാൻ എന്നൊരാളുണ്ട്, വസൂരിപിടിച്ചു മരിക്കുന്നവരെ സംസ്കരിക്കുന്ന ശ്മശാനത്തിന്റെ നടത്തിപ്പുകാരൻ. വാപ്പന്റെ കടയിൽ ഓലച്ചൂട്ടുണ്ട്. ആ ചൂട്ടിന്റെ ബലത്തിലായിരുന്നു രാത്രി നടപ്പ്.

നെല്ലറ ഓഫ് കൊച്ചി

മാനംമുട്ടെ ഉയരമുള്ള കെട്ടിടങ്ങൾ, സർവത്ര തിരക്ക്, ആളൊഴിയാ നേരങ്ങൾ..... പച്ചപ്പരിഷ്കാരിയായ നഗരമാകുന്നതിനു മുൻപ് 50 വർഷം മുൻപത്തെ നഗരത്തെ ‘സൂം’ ചെയ്തു നോക്കിയാൽ കായലും തോടുകളും , നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുഞ്ചപ്പാടങ്ങളും ചേർന്നുള്ള കാഴ്ച തെളിയും. ഏതാണ്ട്, ഇന്നത്തെ കുട്ടനാടുപോലെ. വാഹനങ്ങൾ കുറവ്, ചെമ്മൺ പാതകളിലൂടെ വല്ലപ്പോഴും പോകുന്ന മോട്ടർ വാഹനങ്ങൾ.

നഗരത്തിനുള്ളിലേക്കു കയറിക്കിടക്കുന്ന കനാലുകളിൽ കേവുവള്ളങ്ങൾ നിറഞ്ഞ കാലം. ഇന്നുള്ള പല റോഡുകളും വയൽ വരമ്പുകൾമാത്രം. ചിലതു വീതിയുള്ള തോടുകൾ. ഹൈക്കോടതിയിൽ നിന്നു പാലാരിവട്ടം വരെ നീണ്ടുകിടന്ന പാലാത്തോടിനെ ഇന്നു ബാനർജി റോഡെന്നു വിളിക്കണം. കോന്തുരുത്തിയിൽ നിന്നു തുടങ്ങി പെരുമാനൂർ, രവിപുരം, പച്ചാളം, വടുതല, എളമക്കര, ഇടപ്പള്ളി ഇങ്ങനെ ജനവാസ കേന്ദ്രങ്ങൾ. ബാക്കിയെല്ലാം വിശാലമായ വയലുകൾ. കലൂർ മുതൽ കടവന്ത്ര അറ്റത്തു കായൽവരെ നീണ്ടുകിടക്കുന്ന പാടം. എറണാകുളത്തിന്റെ നെല്ലറയായിരുന്നു കലൂർ മുതൽ കടവന്ത്ര അറ്റം കായൽവരെയുള്ള പ്രദേശം. കിഴക്കേ അതിരിൽ പാലാരിവട്ടം, മുതൽ വൈറ്റിലവരെയും വയൽ.

 ഷൺമുഖം ചെട്ടി കണ്ട കാഴ്ചകൾ

ബംഗ്ലാവിന്റെ മട്ടുപ്പാവിൽ നിന്നു ദിവാൻ ഷൺമുഖം ചെട്ടി എന്നു കായലിലേക്കു നോക്കിയാലും മടുപ്പിക്കുന്ന ചില കാഴ്ചകൾ. കായൽ ഇറമ്പത്തു ചെറു കുടിലുകൾ. അവർ ‘വെളിക്കിറങ്ങുന്ന’തും കായൽത്തീരത്ത്. മനംമടുപ്പിക്കുന്ന ആ കാഴ്ചകൾക്കു പരിഹാരമാണ് ഇന്നത്തെ ഷൺമുഖം റോഡ്. കായൽ ഇറമ്പത്തെ കുടിലുകൾ മാറ്റി അവിടെ നിർമിച്ച റോഡ്. ആ റോഡിന്റെ ഭിത്തി പാരപ്പറ്റ് എന്നറിയപ്പെട്ടു, ഒരു കാലത്തു കൊച്ചിയുടെ സൗഹൃദോത്സവങ്ങൾക്കുള്ള ഏക വേദി. എറണാകുളത്ത് ആദ്യം ടാർ ചെയ്തതു ഷൺമുഖം റോഡ് ആണ്, 1948 ൽ. മറൈൻഡ്രൈവ് വന്നപ്പോൾ റോഡിന്റെ വീതി ഇരട്ടിയായി.1936ൽ ആലുവയിൽ നിന്നു വൈക്കത്തേക്കു ബസ് സർവീസ് ആരംഭിച്ചു. എറണാകുളത്തിനു പുറത്തേക്കു പോകാൻ അന്നു രണ്ടു വഴിയേയുള്ളു, ആലുവയ്ക്കും തൃപ്പൂണിത്തുറയ്ക്കുമുള്ള മൺപാതകൾ.

 ചിറ്റൂർ റോഡ് വളഞ്ഞ കഥ

രാജാവിനു ജനക്ഷേമം മാത്രമല്ല ക്ഷേത്രദർശനവും കടമയായിരുന്നു. രാജാവിനു വേണ്ടി നിർമിച്ചതാണു ഇന്നുള്ള പ്രധാന റോഡുകൾ പലതും. ചിറ്റൂർ ക്ഷേത്ര ദർശനത്തിനു ചിറ്റൂർ റോഡ്. ഇന്നും നഗരത്തിലെ ഏറ്റവും ഉയർന്ന റോഡ് ഇതാണ്. വളഞ്ഞമ്പലത്തു നിന്നു വടുതല സുബ്രഹ്മണ്യ ക്ഷേത്രം വരെ ചിറ്റൂർ റോഡ് നേർരേഖയാണ്. വടുതല വളവിൽ റോഡ് വളഞ്ഞത് അവിടെയുള്ളൊരു ആൽ സംരക്ഷിക്കാൻ വേണ്ടി മാത്രം.

പിന്നീടു റെയിൽവേ ലൈൻ ഇരട്ടിപ്പിച്ചപ്പോൾ റോഡ് വളഞ്ഞുപോയിട്ടുണ്ട്. 40,000 രൂപയാണു ചിറ്റൂർ റോഡിന്റെ നിർമാണച്ചെലവ്. രാജേന്ദ്ര മൈതാനത്തു നിന്നു നോക്കിയാൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കാണാൻ കഴിയാത്തിന്റെ കാരണം പഴയൊരു പ്രമാണിയുടെ വീടു സംരക്ഷിക്കാൻ നോക്കിയതാണ്. സ്വാധീനമുള്ളവർക്കു വേണ്ടി റോഡ് വളയ്ക്കുന്ന രീതി അന്നും ഉണ്ട്. നേർ രേഖയിൽ റോഡ് നിർമിക്കാൻ ഉത്തരവിട്ട ദിവാൻ , സൗത്ത് ജംക്‌ഷനിൽ റോഡ് വളഞ്ഞതിനു കാരണം അന്വേഷിച്ചു കരാറുകാരനു ശിക്ഷ കൊടുത്തു. ‘ഏതായാലും പണിതില്ലേ, ശിക്ഷിക്കേണ്ട’ എന്നു രാജാവു കൽപിച്ചതിനാൽ റോഡിന്റെ വളവു നിവർന്നില്ല.

കലൂരെത്തി, മൂക്കു പൊത്തിക്കോളൂ...

കലൂർ എത്തിയാൽ മൂക്കു പൊത്തണം, പാലാരിവട്ടം കഴിഞ്ഞാൽ മൂക്കു സ്വതന്ത്രമാക്കാം...പണ്ടത്തെ ആചാരമൊന്നുമല്ല. പക്ഷേ, ശീലമാണ്. ആധുനിക ശുചിമുറികൾ വരും മുൻപ്, മനുഷ്യവിസർജ്യം കൊണ്ടിടുന്ന ഡിപ്പോ ആയിരുന്നു ഇന്നത്തെ കലൂർ ബസ് സ്റ്റാൻഡ്. റയിൽപാളത്തിന് അപ്പുറം കലൂർ ഭാഗത്തുള്ള സ്ഥലം എറണാകുളത്തിനു വേണ്ടാത്തതെല്ലാം കൊണ്ടിടാനുള്ള സ്ഥലമായിരുന്നു.

വയലേലകൾ, കൊയ്ത്തു പാട്ടുകൾ

കൃഷിപ്പണിയാണു പ്രധാന തൊഴിൽ. വേലികെട്ടും പുരമേയലും പുരുഷൻമാരുടെ മറ്റു ജോലികൾ. പാട വരമ്പിൽ കർഷക തൊഴിലാളികളുടെ വീട്. പറമ്പുകൾക്കു മതിലുകളില്ല. ഓരോ പറമ്പിലും രണ്ടും മൂന്നും കുളങ്ങൾ– കുളിക്കാൻ, കുടിക്കാൻ, ശൗചാവശ്യങ്ങൾക്ക്. കപ്പൽശാലയ്ക്കുള്ളിലൂടെയാണു ഫോർഷോർ റോഡ്. കപ്പൽശാല നിൽക്കുന്ന സ്ഥലത്തു പണ്ടു പുരാതനമായ പള്ളിയുണ്ട്. സിഎംഎഫ്ആർഐ ഉള്ള സ്ഥലം പണ്ടു സെന്റ് ആൽബർട്സ് കോളജിന്റെ ഫുട്ബോൾ ഗ്രൗണ്ട് ആണ്, തൂശം പറമ്പ്. ജനറൽ ആശുപത്രിയോടു ചേർന്നു ജയിലുണ്ടായിരുന്നു. ബിടിഎച്ച് ഇരിക്കുന്ന സ്ഥലം കിഴവനച്ചാൽ. ഉഴപ്പി നടക്കുന്ന മക്കളോടു പണ്ടു കാർന്നോൻമാർ പറയും, ‘അഞ്ചുപൈസയ്ക്ക് ഉപ്പുമേടിച്ചു തിന്നു കിഴവനച്ചാലിൽ ചാടി ചാകെടാ’ എന്ന്.

കപ്പലണ്ടി കൊറിച്ച്

ലക്ഷ്മൺ, പത്മ, മേനക– പഴയ എറണാകുളത്തെ സജീവമാക്കിയ മൂന്നു സിനിമാ തിയറ്ററുകൾ. സിനിമ കാണാൻ വകയില്ലാത്തവരും തീയറ്ററിനു മുന്നിൽ വരും, പാട്ടുകേൾക്കാൻ. അന്നു പാട്ടുകേൾക്കാൻ വേറെ സംവിധാനമില്ല. ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ തീയറ്ററുകൾക്കു മുന്നിലാണ്. വറുത്ത കപ്പലണ്ടി കൊറിച്ച് , കൊച്ചുവർത്തമാനം മുതൽ വിപ്ലവം വരെ ചർച്ചചെയ്തവരാണു കൊച്ചിക്കാർ. മുച്ചീട്ടുകളിക്കാരും ലാട വൈദ്യൻമാരും ആൾക്കൂട്ടങ്ങളുടെ ഭിന്നാഭിരുചിക്കു കുടപിടിച്ചു.

കൊച്ചിയുടെ പഴയ സെക്രട്ടേറിയറ്റ് മന്ദിരമായിരുന്നു ഇന്നത്തെ കണയന്നൂർ താലൂക്ക് ഓഫിസ്. സെക്രട്ടേറിയറ്റ് പിന്നീടു പഴയ ഹൈക്കോടതി കെട്ടിടമായ റാം മോഹൻ പാലസിലേക്കു മാറ്റി. 1850–63 കാലത്താണു നിർമാണം. ഇന്നു ടൗൺഹാൾ നിൽക്കുന്ന സ്ഥലം വിജനമായ പറമ്പാണ്. നോർത്ത് മേൽപാലം ഇല്ല. നോർത്ത് റെയിൽവേ സ്റ്റേഷനുമുന്നിൽ പിഎസ്എൻ മോട്ടോഴ്സിന്റെ ഗാരിജ്. എറണാകുളം– തൃശൂർ ബസുകൾ ഇവിടെനിന്നാണു പുറപ്പെടുന്നത്.

നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസുകൾ– രാധാ ബസ്, കോസ്റ്റൽ ബസ്. ടാക്സി പിടിക്കണമെങ്കിൽ ഇന്നത്തെ ശീമാട്ടിക്കു മുന്നിൽ പണ്ട് ഉണ്ടായിരുന്ന മദ്രാസ് കേഫിനു മുന്നിൽ വരണം. അവിടെ മാത്രമേ ടാക്സി സ്റ്റാൻഡ് ഉള്ളൂ. ഓർമകളിങ്ങനെ മാനം മുട്ടെയും ദേശീയപാതപോലെ നീണ്ടു നിവർന്നും കിടക്കുമ്പോൾ , ചരിത്രത്തെ പഴയകാലത്തെ കണ്ടഭാവം പോലുമില്ലാതെ എറണാകുളമൊരു നഗരമായി വളർന്നു. കോർപറേഷൻ ആയതോടെ കൊച്ചിയെന്ന പേരും പങ്കുവച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com