ADVERTISEMENT

തൃപ്പൂണിത്തുറ ∙ ദേശീയ മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയിൽ (നീറ്റ് യുജി) സംസ്ഥാനത്തെ റാങ്ക് പട്ടികയിൽ രണ്ടാം റാങ്ക് നേടിയ സന്തോഷത്തിലാണു സിദ്ധാർഥ് എം. നായർ. ദേശീയ അടിസ്ഥാനത്തിൽ 79–ാം റാങ്കാണ് സിദ്ധാർഥ‌ിന്. 720 ൽ 700 മാർക്കാണ് നേടിയത്. കഠിന പരിശ്രമവും ചിട്ടയോടെയുള്ള പഠനവുമാണ് വിജയത്തിലെത്താൻ സഹായിച്ചതെന്നാണു സിദ്ധാർഥ് പറഞ്ഞു. ഒപ്പം കുടുംബത്തിന്റെ പിന്തുണയും.

സ്കൂളിലും എൻട്രൻസ് കോച്ചിങ് സെന്ററിലും പഠിപ്പിക്കുന്ന ഓരോ ക്ലാസുകളും അന്നന്ന് തന്നെ പഠിച്ചു പോയത് വിജയത്തിലെത്താൻ ഏറെ ഗുണം ചെയ്തു. പരീക്ഷ അടുത്തപ്പോൾ രാവിലെ 10 മണിക്കു തുടങ്ങുന്ന പഠനം പുലർച്ചെ 3 വരെ നീളും. 2 മണിക്കൂർ കൂടുമ്പോൾ 5–10 മിനിറ്റ് ഇടവേള എടുക്കും. ഫോണിൽ തമാശകൾ കാണും. സമൂഹമാധ്യമങ്ങൾ സജീവമല്ല താനെന്നും സിദ്ധാർഥ് പറഞ്ഞു.കോട്ടയം മാന്നാനം കെഇ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് പ്ലസ് ടു ജയിച്ചത്. 99.75 ശതമാനം മാർക്ക് ഉണ്ടായിരുന്നു. പോണ്ടിച്ചേരി ജിപ്മെറിൽ ഉപരിപഠനം നടത്താനാണ് സിദ്ധാർഥിന്റെ ആഗ്രഹം.

ഡോക്ടർ ആകണമെന്നു 9 –ാം ക്ലാസ് മുതലുള്ള ആഗ്രഹമായിരുന്നു. ബന്ധുവായ കാൻസർ ചികിത്സ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന്റെ പ്രോത്സാഹനവും ഉപദേശങ്ങളും മികച്ച വിജയം നേടാൻ കാരണമായി – സിദ്ധാർഥ് പറഞ്ഞു. തൃപ്പൂണിത്തുറ എസ്എഫ്എസ് കിങ്ഡം അപ്പാർട്മെന്റിൽ താമസിക്കുന്ന കോഴിക്കോട് ചാലപ്പുറം അച്യുതം വീട്ടിൽ ഡോ. എസ്. മധുവിന്റെയും( കോഴിക്കോട് ഗവ ഡെന്റൽ കോളജ് ശിശു ദന്തരോഗ വിഭാഗം അഡീ.പ്രഫസർ) രഞ്ജന ആർ. നായരുടെയും ( ആർക്കിടെക്ട് ) മകനാണ്. സഹോദരി ചോയ്സ് സ്കൂൾ 7–ാം ക്ലാസ് വിദ്യാർഥിനി സാൻചിത എം. നായർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com