ADVERTISEMENT

കൊച്ചി ∙ രാജ്യം ഭരിക്കുന്ന ബിജെപി പരത്തുന്ന അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരിണതഫലമാണ് എല്ലാ മേഖലയിലെയും തകർച്ചയും രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവുമെന്നു രാഹുൽ ഗാന്ധി. ‘ഭാരത് ജോഡോ യാത്ര’യ്ക്ക്  അരൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിഎച്ച്ഡിക്കാർക്കു പോലും തൊഴിൽ ലഭിക്കാത്ത സ്ഥിതിയാണെങ്കിലും ലോകത്തെ രണ്ടാമത്തെ അതിസമ്പന്നൻ ഇന്ത്യക്കാരനാണ്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ രാത്രി അരൂരിൽ എത്തിയപ്പോൾ നടന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു. ഹൈബി ഈഡൻ എംപി, എം.ലിജു, കൊടിക്കുന്നിൽ സുരേഷ് എംപി, എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ സമീപം. ചിത്രം: മനോരമ.

രാജ്യത്തെ 5 അതിസമ്പന്നരുടെയും ഏറ്റവും അടുത്ത വ്യക്തി നമ്മുടെ പ്രധാനമന്ത്രിയാണ്. മറുവശത്തു ജനം അതിരൂക്ഷമായ വിലക്കയറ്റത്തതാൽ പൊറുതി മുട്ടുകയാണ്. ഇന്ത്യയുടെ ആയിരക്കണക്കിന് ഏക്കർ മണ്ണാണു ചൈന കയ്യടക്കിയത്. എന്നാൽ, പ്രധാനമന്ത്രി അവകാശപ്പെടുന്നത് ആരും ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ലെന്നാണ്. ന്യൂഡൽഹിയുടെ വലുപ്പമുള്ള സ്ഥലം കയ്യടക്കി ചൈന അതിനു മുകളിൽ ഇരിക്കുകയാണ്. രാജ്യം ദുർബലമാകുന്നു. ഇന്ത്യയിലെ ജനങ്ങൾ വിഭജിക്കപ്പെടുന്നു.

ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും മഹാത്മാ അയ്യങ്കാളിയുടെയും മണ്ണാണു കേരളം. അവർ ഇന്നും സ്മരിക്കപ്പെടുന്നതിനു കാരണമെന്താണ്? അവർ സ്നേഹവും ആർദ്രതയും കരുണയും ഒരുമയുമാണു പ്രഘോഷിച്ചത്; വെറുപ്പും വിദ്വേഷവും വിഭജനവുമല്ല. അവരുടെ ആദർശങ്ങൾ കൂടി ഉൾക്കൊണ്ടാണു ‘ഭാരത് ജോഡോ യാത്ര’ പുരോഗമിക്കുന്നത്. നമ്മുടെ ചരിത്രത്തിലെ ഏതെങ്കിലും മഹാനായ നേതാവ് വിദ്വേഷം പ്രചരിപ്പിച്ചിട്ടുണ്ടോ? ഒരാളുമില്ല. അതുകൊണ്ടാണ് അവർ എക്കാലവും ആദരിക്കപ്പെടുന്നത്. എന്നാൽ‍, ബിജെപി എന്താണു പ്രചരിപ്പിക്കുന്നത്. അവരുടെ നേതാക്കൾ എന്താണു പറയുന്നത്? വിദ്വേഷത്തിന്റെ ആശയങ്ങൾ. ഭാരത് ജോഡോ യാത്ര വാഹനത്തിൽ പോരേയെന്നാണ് ആദ്യം നേതാക്കൾ ചോദിച്ചത്.

യഥാർഥത്തിൽ യാത്ര ആഗ്രഹിക്കുന്നുവെങ്കിൽ സാധാരണ ജനങ്ങളെപ്പോലെ നടക്കണം എന്നാണു താൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എറണാകുളം ജില്ലയിലേക്കു രാഹുലിനെ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി, കെ.പി.ധനപാലൻ എന്നിവർ ചേർന്നു സ്വീകരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ആലപ്പുഴ ഡിസിസി അധ്യക്ഷൻ ബി. ബാബുപ്രസാദ്, രമേശ് ചെന്നിത്തല എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി, ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി.മാത്യു, ഡീൻ കുര്യാക്കോസ്, എം.ലിജു, കെ.മുരളീധരൻ എംപി, ടി.സിദ്ദീഖ്, എ.എ.ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

ഭാരത് ജോഡോ പദയാത്ര തുറവൂരിൽ എത്തിയപ്പോൾ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം ആസ്വദിച്ചതിനു ശേഷം ചെണ്ടക്കോൽ വാങ്ങി നോക്കുന്ന രാഹുൽ ഗാന്ധി. രമേശ് ചെന്നിത്തല എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ സമീപം.

ഭാരത് ജോഡോ യാത്ര ഇന്നും നാളെയും കൊച്ചിയിൽ

കൊച്ചി ∙ ആലപ്പുഴ പിന്നിട്ട ഭാരത് ജോഡോ യാത്ര ഇന്നും നാളെയും എറണാകുളം ജില്ലയിൽ പര്യടനം നടത്തും. ഇന്നലെ രാത്രി ജില്ലാ അതിർത്തി കടന്നു കുമ്പളം ഫിഷറീസ് യൂണിവേഴ്സിറ്റി ക്യാംപസിൽ എത്തിയ സംഘം തങ്ങിയതും അവിടെ. ഇന്നു രാവിലെ 6.30നു മാടവന ജംക്‌ഷനിൽനിന്നു പദയാത്ര തുടങ്ങും. അതിനു തൊട്ടുമുൻപ് 6.15നു കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം ശ്രീനാരായണഗുരുവിന്റെ ഛായാചിത്രത്തിൽ രാഹുൽഗാന്ധി പുഷ്പാർച്ചന നടത്തും.

ശ്രീനാരായണ ഗുരു സമാധിദിനത്തിന്റെ ഭാഗമായാണിത്. പദയാത്ര 10.30ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ എത്തിച്ചേരും. അവിടെ വിശ്രമവും ഭക്ഷണവും. കളമശേരി ഞാലകം കൺവൻഷൻ സെന്ററിൽ ജില്ലയിലെ വിവിധ മേഖലയിലെ പ്രമുഖർക്ക് ഒപ്പമാണു രാഹുലിന്റെ ഉച്ചയൂണ്. 2 മുതൽ 2.30 വരെ സ്റ്റാർട്ടപ് – ഐടി മേഖലയിലെ പ്രഫഷനലുകളുമായും 2.30 മുതൽ 3 വരെ ട്രാൻസ്‌ജെൻഡർ പ്രതിനിധികളുമായും കൂടിക്കാഴ്ച. 4ന് ഇടപ്പള്ളി ടോൾ ജംക്‌ഷനിൽ നിന്നു പദയാത്ര പുനരാരംഭിക്കും. രാത്രി 7ന് ആലുവ സെമിനാരിപ്പടിയിൽ അദ്ദേഹം പ്രസംഗിക്കും. രാത്രി താമസം യുസി കോളജിൽ.

ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാത 544ൽ ആലുവയിൽ സ്ഥാപിച്ചിരിക്കുന്ന ഡൽഹി ചെങ്കോട്ടയുടെ മാതൃക.

അരൂരിൽ ആവേശത്തിന്റെ വേലിയേറ്റമായി രാഹുൽ

അരൂർ ∙ പെരുമഴ പോലെ കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകരുടെ ആവേശം ദേശീയപാതയിൽ നിറഞ്ഞു പെയ്ത സായാഹ്നം. ഭാരത് ജോഡോ യാത്ര ആലപ്പുഴയിലെ പര്യടനം പൂർത്തിയാക്കുന്ന സമാപന സമ്മേളനത്തിനായി ഇരമ്പിക്കൂടിയതു പതിനായിരങ്ങൾ. 4 വശത്തേക്കും നീണ്ട മൈതാനം പോലെയായി, ഏറെ നേരം ദേശീയപാതയിലെ അരൂർ ജംക്‌ഷൻ.

വൈകിട്ട് 5നു മുൻപേ പ്രവർത്തകർ നിറഞ്ഞു തുടങ്ങിയിരുന്നു. കോൺഗ്രസ് തോരണങ്ങളിൽ, രാഹുൽ ബാനറുകളിൽ കുളിച്ചു നിന്നു ജംക്‌ഷൻ. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പതാകകൾ പാറിക്കളിച്ചു. കൈപ്പത്തി മുദ്രവച്ച തൊപ്പികൾ ധരിച്ചു സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം കാത്തു നിന്നു. ജംക്‌ഷനിൽ വാഹനത്തിൽ ഒരുക്കിയ പ്രസംഗ വേദിയിൽ കോൺഗ്രസ് നേതാക്കൾ പ്രസംഗ പരമ്പര തീർക്കുന്നു. ബിജെപിയെയും ഇടതുപക്ഷത്തെയും രാഷ്ട്രീയമായി കൊത്തിക്കീറുന്ന മൂർച്ചയേറിയ വാക്കുകളുടെ ഘോഷയാത്ര.

ബിജെപി രാജ്യത്തെ ശിഥിലമാക്കിയ നടപടികൾ എണ്ണിപ്പറഞ്ഞ്, അവയിൽ നിന്നെല്ലാം രാജ്യത്തെ ഒറ്റക്കെട്ടായി തിരിച്ചു പിടിക്കാൻ രാഹുലിനു കഴിയുമെന്ന് പ്രസംഗകരുടെ ഉറപ്പ്. ഒടുവിൽ, 6.15 ആയപ്പോഴേക്കും പൈലറ്റ് വാഹനങ്ങൾ എത്തിത്തുടങ്ങി. 6..30: നിരത്തിൽ രാഹുലും സംഘവും; അകമ്പടിയായി ആയിരങ്ങൾ. വാദ്യഘോഷങ്ങൾ, മുദ്രാവാക്യങ്ങൾ, ആരവങ്ങൾ. 6.37 നാണു രാഹുലിന്റെ പ്രസംഗം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഇംഗ്ലിഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് എം.ലിജു.

കേരളത്തിന്റെ മഹാന്മാരായ സാമൂഹിക പരിഷ്കർത്താക്കളുടെ ഐക്യ സന്ദേശം അനുസ്മരിച്ചു പ്രസംഗിച്ച രാഹുൽ അവസാനിപ്പിച്ചത് ഇങ്ങനെ: ‘‘സാധാരണ നടക്കുമ്പോൾ ആദ്യ ചുവടാണ് എളുപ്പം. അവസാനമാകുമ്പോൾ നാം ക്ഷീണിക്കും. പക്ഷേ, കേരളത്തിലെ യാത്രയിൽ എനിക്ക് ഏറ്റവും അനായാസം ദിവസത്തെ അവസാന ചുവടാണ്. എന്താണു കാരണമെന്നു ഞാൻ അദ്ഭുതപ്പെട്ടു. നിങ്ങളുടെ സ്നേഹമാണു കാരണം! തളർച്ചയില്ലാതെ അവസാന ചുവടു വരെ വയ്ക്കാൻ സഹായിക്കുന്നത് അതു തന്നെ.’’

ചെങ്കോട്ടയൊരുങ്ങി; ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ

ആലുവ∙ ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ ആലുവയിൽ ചെങ്കോട്ടയുടെ മാതൃകയൊരുക്കി കോൺഗ്രസ് പ്രവർത്തകർ. ദേശീയപാതയിൽ പറവൂർ കവലയിൽ 16 അടി ഉയരവും 32 അടി വീതിയുമുള്ള ചെങ്കോട്ട പ്ലൈവുഡിൽ ഒറ്റ ദിവസം കൊണ്ടാണു അൻവർ സാദത്ത് എംഎൽഎയുടെ നിർദേശപ്രകാരം നിർമിച്ചത്. മാർത്താണ്ഡവർമ പഴയ പാലത്തിൽ ത്രിവർണ വൈദ്യുതി ദീപാലങ്കാരവും ഒരുക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും സംഘവും രാത്രി ചെലവിടുന്ന യുസി കോളജ് ഗ്രൗണ്ടിൽ 63 കാരവനുകൾ പാർക്ക് ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്തു. മിത്രപുരം ഹാളിനു സമീപത്തെ മതിൽ പൊളിച്ച് എമർജൻസി എക്സിറ്റും ഉണ്ടാക്കി.

സൈനബയ്ക്കൊരാഗ്രഹം മാത്രം: രാഹുലിനു മാലയിടണം

സൈനബ ഉമ്മ.

ആലുവ∙ കമ്പനിപ്പടി കളത്തിപ്പറമ്പിൽ സൈനബ ഉമ്മ (74) ഇന്നു വൈകിട്ടു പൂമാലയുമായി ദേശീയപാതയിൽ കാത്തുനിൽക്കും. 13–ാം വയസ്സിൽ ഇന്ദിരാഗാന്ധിയെ മാലയണിയിച്ച കരങ്ങൾ കൊണ്ടു രാഹുൽ ഗാന്ധിക്കും മാലയിടണം എന്നാണു സൈനബയുടെ ആഗ്രഹം. മാലയുമായി നിൽക്കുമ്പോൾ തന്റെ നേരെ ഒന്നു നോക്കിയാലോ.  കെഎസ്ഇബി എൻജിനീയർ ആയിരുന്ന കെ.കെ. ശിഹാബുദ്ദീനാണ് സൈനബയുടെ ഭർത്താവ്.

കുഫോസ് മൈതാനത്ത് തമ്പടിച്ചു  കണ്ടെയ്നറുകൾ

കുണ്ടന്നൂർ ∙ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്കു വിശ്രമിക്കാനായി ഉച്ചയോടെ എത്തിയ കണ്ടെയ്നർ കാബിനുകൾ കുഫോസ് പ്രധാന ക്യാംപസിനോടു ചേർന്നുള്ള മൈതാനത്ത് തമ്പടിച്ചു. കാബിനുകൾക്കു സുഗമമായി മൈതാനത്തേക്കു പ്രവേശിക്കാൻ അരമണിക്കൂറോളം ഗതാഗതം നിയന്ത്രിച്ചു. ബോംബ്, ഡോഗ് സ്ക്വാഡുകൾ ഇടവേളയിട്ടു സുരക്ഷാ പരിശോധന നടത്തി. അഞ്ചരയോടെ ജാഥാംഗങ്ങളിൽ ചിലർ ക്യാംപിൽ എത്തി വിശ്രമിച്ചു.

രാത്രി ചപ്പാത്തിയും പരിപ്പും

യാത്രയിൽ പങ്കെടുക്കുന്ന 350 പേർക്കുള്ള അത്താഴവും പ്രാതലുമാണു കുഫോസ് മൈതാനത്ത് തയാറാക്കുന്നത്. രാത്രി ചപ്പാത്തി പരിപ്പുകറി, ജീരക റൈസ്, മട്ടൻ, ചിക്കൻ. പ്രാതലിന് അപ്പം, വെജിറ്റബിൾ സ്റ്റ്യൂ, ഇഡ്ഡലി, ചട്ണി, സാമ്പാർ, മുട്ട, ഏത്തപ്പഴം, ചന്ന ബട്ടൂര, പാൽ. മരടിലെ വികെവി കേറ്ററിങ് സർവീസിനാണു ചുമതല. ഇതു കൂടാതെ നെട്ടൂർ മഹല്ല് ഹാളിൽ 300 പേർക്കു ബിരിയാണിയും ഒരുക്കുന്നുണ്ട്.

ബാനർ നീക്കി

യാത്രയെ പരിഹസിച്ചു കുഫോസ് കവാടത്തിനോടു ചേർന്നു പ്രധാന കെട്ടിടത്തിൽ എസ്എഫ്ഐ ഉയർത്തിയ കൂറ്റൻ ബാനർ പരാതിയെ തുടർന്നു നീക്കം ചെയ്തു.

ഇന്നും നാളെയും കർശന ഗതാഗത നിയന്ത്രണം

കൊച്ചി ∙ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഇന്നും നാളെയും ജില്ലയിലെ ദേശീയപാത 544ൽ കർശന ഗതാഗത നിയന്ത്രണം. കണ്ടെയ്നർ ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരോധിച്ചു. പാർക്കിങ്ങും അനുവദിക്കില്ല. ഇന്നും നാളെയും എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള വാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്നു തിരിഞ്ഞ് ചേരാനല്ലൂർ, വരാപ്പുഴ, പറവൂർ, കൊടുങ്ങല്ലൂർ വഴി പോകണം. തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ അങ്കമാലി, കാലടി, പെരുമ്പാവൂർ വഴി പോകണം.

ആലുവയിൽ നിന്നു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ തോട്ടുമുഖം മഹിളാലയം പാലത്തിലൂടെ പോകണം. അങ്കമാലിയിൽ നിന്നുള്ള വാഹനങ്ങൾ നായത്തോടു കൂടി പോകണം. ആലുവയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ മണപ്പുറത്തു പാർക്ക് ചെയ്യണം. ഇന്നു വൈകിട്ട് 5നു ശേഷം യുസി കോളജ് ഭാഗത്തേക്ക് ഒരു വാഹനങ്ങളും കടത്തി വിടില്ല. ഈ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലങ്ങാട്-മാളികംപീടിക - തടിക്കക്കടവ് പാലം-ചെങ്ങമനാട് വഴി അത്താണിയിൽ എത്തി യാത്ര തുടരണം. ഈ ദിവസങ്ങളിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്ന യാത്രക്കാർ നേരത്തെ എത്തിച്ചേരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com