ADVERTISEMENT

കൊച്ചി∙ പതിനായിരങ്ങളുടെ അതിരറ്റ ആവേശം ഏറ്റുവാങ്ങിയും അളവറ്റ സ്നേഹം തിരികെ നൽകിയും രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി എറണാകുളം ജില്ല കടന്നു. കോൺഗ്രസിന്റെ കരുത്തു പ്രകടമാക്കിയ സ്വീകരണമാണു ജില്ലയിൽ പദയാത്രയ്ക്കു ലഭിച്ചത്.ആദ്യ ദിനത്തിലെ ആവേശം ഇന്നലെയും തുടർന്നു. പ്രവർത്തകർക്കു പുറമേ വഴിയോരങ്ങളിൽ തിങ്ങിനിന്ന നൂറുകണക്കിനു പേർ രാഹുൽ ഗാന്ധിക്കും ജാഥയ്ക്കും അഭിവാദ്യമർപ്പിച്ചു. രണ്ടാം ദിന പദയാത്രയുടെ ആദ്യപാദത്തോടെ ഇന്നലെ ഉച്ചയ്ക്കു ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനം പൂർത്തിയായി.

ernakulam-leaders
ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലെ പ്രയാണത്തിനു ശേഷം നടത്തിയ മാധ്യമ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞ തമാശയിൽ ചിരിക്കുന്ന നേതാക്കൾ. റോജി എം. ജോൺ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബെന്നി ബഹനാൻ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കേന്ദ്രമന്ത്രി ജയ്റാം രമേഷ്, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ സമീപം.

ആദ്യദിനം രാത്രി തങ്ങിയ ആലുവ യുസി കോളജ് വളപ്പിൽ മഹാത്മാ ഗാന്ധി സ്മാരകത്തിൽ പ്രണാമർപ്പിച്ചാണു രാഹുൽ ഇന്നലെ ജാഥയ്ക്കായി ദേശീയപാതയിൽ ദേശം പറമ്പയത്തേക്കു തിരിച്ചത്. യുസി കോളജ് വളപ്പിൽ ലക്ഷദ്വീപിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ എത്തിച്ചുനൽകിയ തെങ്ങിൻതൈയും രാഹുൽ നട്ടു. 6.50നു ജാഥ ആരംഭിച്ചപ്പോൾതന്നെ ആയിരക്കണക്കിനു പ്രവർത്തകർ ജാഥയിൽ അണിചേരാനെത്തിയിരുന്നു. വഴിയിൽനിന്നെല്ലാം ചെറു ജാഥകളായി പിന്നെയും അണികളെത്തി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എംപിമാരായ കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.കെ.രാഘവൻ, ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, എംഎൽഎമാരായ റോജി എം.ജോൺ, അൻവർ സാദത്ത്, ടി.ജെ.വിനോദ്, പി.സി.വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരെല്ലാം തുടക്കംമുതൽ പദയാത്രയുടെ ഭാഗമായി. രാവിലെ 10 മണിക്ക് അങ്കമാലിയിൽ വഴിയോര ഹോട്ടലിൽ രാഹുൽ പ്രാതൽ കഴിച്ചു. തുടർന്നു കറുകുറ്റിയിൽ പദയാത്രയുടെ ആദ്യപാദം സമാപിച്ചു. .

വഴിനീളെ കാത്തുനിന്നവരിൽ ശ്രദ്ധയിൽപെടുന്ന കുട്ടികളെയും സ്ത്രീകളെയും യുവാക്കളെയും ജാഥയിലേക്കു വിളിച്ചും അവരോടു സംവദിച്ചും കൂടെ നടത്തിയും ഫോട്ടോ എടുത്തുമെല്ലാമാണു പദയാത്ര മുന്നേറിയത്. ‘റെഡ് സല്യൂട്ട് രാഹുൽ ജി’ എന്നെഴുതിയ ചുവപ്പു ബാനർ പിടിച്ച് ആർഎസ്പി ജില്ലാ ഘടകം അങ്കമാലിയിൽ സെക്രട്ടറി ജോർജ് സ്റ്റീഫന്റെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ചു. നാഷനൽ ജനതാദൾ, കേരള കോൺഗ്രസ് (ജേക്കബ്) പ്രവർത്തകരും ജാഥയ്ക്ക്് അഭിവാദ്യമർപ്പിച്ചു.

തൃശൂർ ജില്ലയിലേക്കു പ്രവേശിക്കും മുൻപു കറുകുറ്റി അഡ്‌ലക്സ് കൺവൻഷൻ സെന്ററിലായിരുന്നു രാഹുലിനും പദയാത്ര അംഗങ്ങൾക്കും വിശ്രമം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ജയറാം രമേഷ്, പവൻ ഖേര, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, വൈസ് പ്രസിഡന്റുമാരായ വി.ടി.ബൽറാം, വി.പി.സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്, ബി.എ.അബ്ദുൽ മുത്തലിബ് തുടങ്ങി ഒട്ടേറെ നേതാക്കൾ അവിടെയെത്തി. യാത്രയുടെ രണ്ടാം പാദം വൈകിട്ട് 5നുശേഷം തൃശൂർ ജില്ലയിലെ ചിറങ്ങരയിൽ നിന്നാണ് ആരംഭിച്ചത്.

ernakulam-irin
ഐറിൻ ജോസ് താൻ വരച്ച രാഹുൽ ഗാന്ധിയുടെ ഛായാചിത്രം ജോഡോ യാത്രക്കിടെ കരിയാട്ടിൽ രാഹുൽ ഗാന്ധിക്ക് സമ്മാനിക്കുന്നു.

2 വർഷം മുൻപു വരച്ച ചിത്രം രാഹുലിന് കൈമാറി ഐറിൻ

നെടുമ്പാശേരി ∙ 2 വർഷം വൈകിയെങ്കിലും താൻ വരച്ച രാഹുൽഗാന്ധിയുടെ ഛായാചിത്രം നേരിട്ട് കൈമാറാൻ ആയതിന്റെ സന്തോഷത്തിലാണ് ഐറിൻ ജോസ്. അങ്കമാലി മങ്ങാട്ടുകര നെൽക്കര ജോസിന്റെ മകളാണ് നായത്തോട് ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ഐറിൻ. 

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് രാഹുലിന്റെ ചിത്രം വരച്ചത്. രാഹുൽ ഗാന്ധി മുൻപ് കേരളത്തിൽ എത്തിയപ്പോൾ പല പ്രാവശ്യം ശ്രമിച്ചെങ്കിലും ചിത്രം കൈമാറാൻ അവസരം ലഭിച്ചില്ല. ഇന്നലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ദേശീയപാതയിൽ കരിയാട്ടിൽ സഹോദരനുമൊത്ത് കാത്തു നിൽക്കുകയായിരുന്നു. ചിത്രം ഉയർത്തിക്കാട്ടിയപ്പോൾ രാഹുൽ ഗാന്ധി അടുത്ത് വിളിപ്പിച്ച് ചിത്രം ഏറ്റുവാങ്ങി നന്ദിയും അറിയിച്ചു.

ernakulam-uc-college-rahul
ആലുവ യുസി കോളജിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് സന്ദർശക ഡയറിയിൽ മഹാത്മാഗാന്ധി എഴുതിയ പേജ് കാണിക്കുന്നു.

ഗാന്ധിജി വന്ന വഴിയേ യുസിയിലേക്ക് രാഹുലും

ആലുവ∙ ശതാബ്ദി വർഷത്തിൽ യുസി കോളജിന് അഭിമാനമായി മറ്റൊരു ഗാന്ധി സന്ദർശനം. മഹാത്മാഗാന്ധി യുസിയിൽ വന്നു 97 വർഷം പിന്നിടുമ്പോഴാണു രാഹുൽ ഗാന്ധി കോളജിൽ എത്തിയത്. ഒരു രാത്രി ക്യാംപസിൽ ചെലവഴിച്ചു. ഗാന്ധിജി നട്ട പ്രശസ്തമായ ഗാന്ധിമാവിൻ ചുവട്ടിൽ പുഷ്പാർച്ചന നടത്തി പ്രാർഥിച്ച രാഹുൽ കോളജ് അങ്കണത്തിൽ ചന്ദനത്തൈയും തെങ്ങിൻതൈയും നട്ടു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദ്വിഗ്‌വിജയ് സിങ് ലക്ഷദ്വീപിൽ നിന്നു കൊണ്ടുവന്ന തെങ്ങിൻതൈ ആണു രാഹുൽ നട്ടത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു ശേഖരിച്ച മണ്ണും ജലവും അതിന്റെ തടത്തിൽ ചേർത്തു.  വൈക്കം സത്യഗ്രഹ യാത്രാമധ്യേ അധ്യാപകരുടെ ക്ഷണം സ്വീകരിച്ചാണു ഗാന്ധിജി യുസിയിൽ എത്തിയത്. സന്ദർശക ഡയറിയുടെ ആദ്യ വോള്യത്തിലെ ആദ്യ താളിലാണു ഗാന്ധിജി സ്വന്തം കൈപ്പടയിൽ ഏതാനും വാക്കുകൾ കുറിച്ചത്. മൂന്നാമത്തെ വോള്യത്തിന്റെ ആദ്യ താളിൽ ‘താങ്ക്സ് ഫോർ ദ് വണ്ടർഫുൾ സ്റ്റേ’ എന്നു രാഹുൽ എഴുതി. പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, മാനേജർ റവ. തോമസ് ജോൺ എന്നിവർ ചേർന്നു രാഹുലിനെ സ്വീകരിച്ചു.

ernakulam-rahul-safa
ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ കൈ പിടിച്ച് നടക്കുന്ന സഫ ഫാത്തിമ. അൻവർ സാദത്ത് എംഎൽഎ സമീപം.

അൻവർ സാദത്തിന്റെ പദയാത്ര കുടുംബസമേതം

ആലുവ∙ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ പദയാത്രയിൽ അണിചേർന്ന് അൻ‍വർ സാദത്ത് എംഎൽഎയുടെ കുടുംബാംഗങ്ങളും. ബുധനാഴ്ച ആലുവയിൽ സാദത്തിന്റെ ഭാര്യ സബീനയും മകൾ സഫ ഫാത്തിമയും രാഹുലിനൊപ്പം നടന്നു. ഇടയ്ക്കു പുളിഞ്ചോട്ടിലെ പിസാ ഹട്ടിൽ രാഹുൽ 20 മിനിറ്റ് ചെലവഴിച്ചപ്പോൾ ഇവരും ഉണ്ടായിരുന്നു കൂടെ. ഇന്നലെ അതിരാവിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ സഫ ഫാത്തിമയെ വീണ്ടും പദയാത്രയിൽ കണ്ടമുട്ടിയപ്പോൾ രാഹുലിന് അദ്ഭുതം. കൊച്ചുമിടുക്കിയുടെ കൈപിടിച്ച് അദ്ദേഹം കുറച്ചുനേരം നടന്നു. യാത്രയിൽ പങ്കെടുത്തവർക്ക് ഇന്നലെ അൻവർ സാദത്തിന്റെ വക സമ്മാനമുണ്ടായിരുന്നു. ഓരോ ആപ്പിൾ. 3500 ആപ്പിൾ വിതരണം ചെയ്തു.

ernakulam-rahul-and-nurses
ഭാരത് ജോഡോ യാത്ര അങ്കമാലിയിലെത്തിയപ്പോൾ രാജഗിരി ആശുപത്രിയിലെ ഫാർമസിസ്റ്റ് അലീന ഡേവിസിന്റെ കൈപിടിച്ചു നടക്കുന്ന രാഹുൽ ഗാന്ധി. ആശുപത്രി ഡയറക്ടർ ഫാ. ജോയി കിളിക്കുന്നേൽ, ലാബ് ടെക്‌നീഷ്യൻ മെറിൻ വൈസൻ എന്നിവർ ഒപ്പം.

കൂടെക്കൂട്ടിയും കുശലം ചോദിച്ചും

അങ്കമാലി ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുട്ടിക്കാലത്ത് കുസൃതിക്കാരനായിരുന്നോ? ഭാരത് ജോഡോ യാത്രയിൽ അങ്കമാലിയിൽ ചേർന്ന രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജോയി കിളിക്കുന്നേലിനോടായിരുന്നു രാഹുൽഗാന്ധിയുടെ ചോദ്യം. പ്രതിപക്ഷനേതാവ് സഹപാഠിയാണെന്ന് അറിയിച്ചപ്പോഴാണ് ചെറുപുഞ്ചിരിയോടെ രാഹുൽഗാന്ധിയുടെ അന്വേഷണം. സഹപാഠിയായ വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ രാഹുൽഗാന്ധിയുമായി സംവദിക്കാൻ അവസരം ലഭിച്ചതു നവ്യാനുഭവമായെന്ന് ഫാ.ജോയി കിളിക്കുന്നേൽ പറഞ്ഞു.

ആശുപത്രിയുടെ മുന്നിൽ ദേശീയപാതയോരത്ത് കാത്തുനിന്ന‌ ഫാ. ജോയിയെയും ആശുപത്രിയിലെ ഫാർമസിസ്റ്റ് അലീന ഡേവിസ്, ലാബ് ടെക്നീഷ്യ മെറിൻ വൈസൺ എന്നിവരെയും രാഹുൽഗാന്ധി ഒപ്പം കൂട്ടുകയായിരുന്നു. താൻ ഏതെല്ലാം മരുന്നുകളാണ് ഒഴിവാക്കേണ്ടതെന്നായിരുന്നു അലീനയോടും മെറീനയോടും അദ്ദേഹം ചോദിച്ചത്. പ്രമേഹവും രക്തസമ്മർദ്ദവും വരാതെ നോക്കണമെന്നായിരുന്നു അവരുടെ മറുപടി.

ഇന്നലെ രാവിലെ എട്ടിനാണ് അങ്കമാലി ടെൽക്കിനു സമീപത്ത് യാത്ര എത്തിയത്. റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിലെത്തിയപ്പോൾ യാത്ര കാണാനെത്തിയ ലോട്ടറി തൊഴിലാളിയെ അടുത്തേക്കു വിളിച്ചു കൂടെ നിർത്തി ചിത്രങ്ങൾ എടുപ്പിച്ചു. സെന്റ് ജോസഫ്സ് സ്കൂളിനു മുൻപിൽ എത്തിയപ്പോൾ 2 സ്കൂൾ കൂട്ടികൾ ജാഥയ്ക്കൊപ്പം ചേർന്നു. അങ്കമാലി ടൗണിലും കോതകുളങ്ങരയിലുമൊക്കെ ജനാവലിയുടെ അടുത്തേക്കെത്തി അഭിവാദ്യം അർപ്പിച്ചു. കോതകുളങ്ങരയിൽ വാഹനങ്ങൾക്കു ഗ്രീസ് അടിക്കുന്ന കുഞ്ഞാപ്പുവിനെ അടുത്തു വിളിച്ചു. 9.50ന് കറുകുറ്റി കപ്പേള ജംക്‌ഷനിൽ ജാഥ സമാപിച്ചു.

ernakulam-hotel-workers
അങ്കമാലിയിൽ പ്രഭാതഭക്ഷണം കഴിക്കാൻ കയറിയ ടൗണിലെ സ്വാഗത് ഹോട്ടൽ നടത്തിപ്പുകാരൻ എ.ടി.നാസറിന്റെയും തൊഴിലാളികളുടെയും കൂടെ രാഹുൽഗാന്ധി ചിത്രമെടുത്തപ്പോൾ.

ഏറെ ഇഷ്ടപ്പെട്ടത് കൊഴുക്കട്ട

അങ്കമാലി ∙ അങ്കമാലി ടൗണിലെ ഹോട്ടലിലെ പ്രഭാതഭക്ഷണത്തിൽ രാഹുൽ ഗാന്ധിക്ക് ഏറെ ഇഷ്ടപ്പെട്ടതു കൊഴുക്കട്ട. സ്വാദിഷ്ടമായെന്നു രാഹുൽ പറഞ്ഞപ്പോൾ അരിപ്പൊടിയും ശർക്കരയും തേങ്ങയുമൊക്കെ ചേർത്താണ് ഉണ്ടാക്കിയതെന്ന് ഹോട്ടലുകാരുടെ മറുപടി. രാവിലെ 8.30ന് അങ്കമാലി സെൻട്രൽ ജംക്‌ഷനിലെത്തിയ രാഹുൽ ഗാന്ധി സ്വാഗത് ഹോട്ടലിൽ നിന്നാണു പ്രഭാത ഭക്ഷണം കഴിച്ചത്. വെള്ളയപ്പവും കടലക്കറിയുമാണു നൽകിയത്. അതോടൊപ്പം കൊഴുക്കട്ട, ബിസ്കറ്റ്, പഴംപൊരി, പത്തിരി, ഉഴുന്നുവട എന്നിവയും തീൻമേശയിൽ ഒരുക്കി. ഹോട്ടൽ നടത്തുന്ന എ.ടി.നാസറിനെയും തൊഴിലാളികളെയും ചേർത്തു നിർത്തി ചിത്രങ്ങൾ എടുത്തു.

ernakulam-basil-rahul
1- നെടുമ്പാശേരി കരിയാട് എത്തിയപ്പോൾ ഒപ്പം ചേർന്ന മൂവാറ്റുപുഴ ആയവന സ്വദേശി ബേസിൽ വർഗീസിനോടു കൈപ്പത്തി മുറിഞ്ഞു പോകാനുണ്ടായ കാര്യങ്ങൾ അന്വേഷിക്കുന്ന രാഹുൽ ഗാന്ധി. 2- ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലാ അതിർത്തിയിലെ കറുകുറ്റിയിലെത്തിയപ്പോൾ ദേശീയപാതയുടെ മധ്യത്തിൽ കയറിനിന്നു റാലി കാണുന്നവർ.

കൈവിടാതെ ആവേശം

കൊച്ചി∙ ഇടതു കയ്യിൽ കേരള കോൺഗ്രസ് (ജേക്കബ്) പതാക പിടിച്ചു വലതുകൈ വീശി തന്നെ അഭിവാദ്യം ചെയ്ത മൂവാറ്റുപുഴ ആയവന സ്വദേശി ബേസിൽ വർഗീസിനെ രാഹുൽ ഗാന്ധി അടുത്തേക്കു വിളിച്ചത് അപ്രതീക്ഷിതമായിരുന്നു. ബേസിലിനു വലതു കൈപ്പത്തി ഇല്ലെന്നു തിരിച്ചറിഞ്ഞാണു രാഹുൽ അടുത്തേക്കു വിളിച്ചത്. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാണു ബേസിൽ. 

ernakulam-shaji-rahul
ഭാരത് ജോഡോ യാത്ര അങ്കമാലി കോതകുളങ്ങരയിലെത്തിയപ്പോൾ വാഹനങ്ങളുടെ ഗ്രീസ്– പഞ്ചർ ജോലികൾ വഴിയരികിലിരുന്നു ചെയ്യുന്ന മൂക്കന്നൂർ സ്വദേശി ഷാജി കാച്ചപ്പള്ളിയോടു (കുഞ്ഞാപ്പു), കുശലം പറഞ്ഞു നടക്കുന്ന രാഹുൽ ഗാന്ധി.

‘പേഷ്യൻസ്’ എന്നാൽ ക്ഷമ

അങ്കമാലി ∙ രാഹുൽഗാന്ധിക്കു പേഷ്യൻസ് എന്ന ഇംഗ്ലിഷ് പദത്തിന്റെ മലയാളവാക്ക് ‘ക്ഷമ’ എന്നാണെന്നു വിശദീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും റോജി എം.ജോൺ എം എൽഎയും. കൂടെ നിന്നു ചിത്രമെടുക്കാനായി സുരക്ഷാവലയം ഭേദിച്ചു പ്രവർത്തകർ അടുത്തേക്കു വരാൻ ശ്രമിച്ചപ്പോൾ ‘ബി പേഷ്യന്റ്’ എന്നു രാഹുൽ ഗാന്ധി വിളിച്ചു പറഞ്ഞു. പ്രവർത്തകർക്കു പറഞ്ഞതു മനസ്സിലായില്ലെന്നു കരുതിയാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടു മലയാളം പദം എന്താണെന്നു ചോദിച്ചത്. തുടർന്ന് ‘ക്ഷമിക്കൂ’ എന്നു രാഹുൽഗാന്ധി പ്രവർത്തകരോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com