ADVERTISEMENT

പെരുമ്പാവൂർ ∙ രണ്ടു വർഷമായി നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കിയ ‘ബർമുഡ കള്ളൻ’ പൊലീസ് പിടിയിൽ.  50 മോഷണക്കേസുകളിൽ പ്രതിയായ ഇരിങ്ങോൾ മനയ്ക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകയ്ക്കു  താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ്  പിടിയിലായത്. ജനൽക്കമ്പികൾ അറുത്തുമാറ്റിയും വാതിലുകളിൽ ദ്വാരമുണ്ടാക്കി തുറന്നും അകത്തു കയറി  സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതാണ് രീതി. 3 മാസം മുൻപ് വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും പണവും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. ഇതിൽ ചോദ്യം ചെയ്തപ്പോൾ  മറ്റ് 20 കേസുകൾ തെളിഞ്ഞു. 30  കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

7 വർഷമായി ഇരിങ്ങോളിലെ വാടക വീട്ടിൽ  ഒറ്റയ്ക്കാണ് താമസം. ഈ കാലയളവിൽ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന്  ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. തൊണ്ടിമുതൽ കണ്ടെത്താൻ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.  കൂൺ കൃഷി നടത്തുകയാണെന്നാണ് ഇയാൾ പരിസരവാസികളോടു പറഞ്ഞിരുന്നത്. എഎസ്പി അനൂജ് പലിവാൽ, കുറുപ്പംപടി ഇൻസ്പെക്ടർ എം.കെ.സജീവ്, പെരുമ്പാവൂർ ഇൻസ്പെക്ടർ ആർ.രഞ്ജിത് എഎസ്ഐമാരായ അബ്ദുൽ  സത്താർ, ജോബി ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് കുര്യാക്കോസ്, അബ്ദുൽ  മനാഫ്, എം.എം.സുധീർ, എം.ബി.സുബൈർ എന്നിവർ  ചേർന്നാണു പ്രതിയെ പിടികൂടിയത്. 

ബർമുഡ ധരിക്കും,  4 കിലോമീറ്റർ നടക്കും

മോഷണം നടത്തേണ്ട വീട് ജോസ് മാത്യു നേരത്തെ കണ്ടു വയ്ക്കും.  ബർമുഡ ധരിച്ച് 4  കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തിരിച്ചു നടന്നു പോകുന്നതാണ് രീതി. പൊലീസിനെ കബളിപ്പിക്കാനാണ്  ഈ നടത്തം.ബർമുഡ ധരിച്ച് എത്തുന്നതിനാലാണു ബർമുഡ കള്ളൻ എന്ന പേരിൽ അറിയപ്പെടുന്നത്. പകൽ മാന്യമായ വേഷം ധരിച്ചാണു നടപ്പ്.   വാതിലും ജനലും തുറക്കാൻ ഉപയോഗിക്കുന്ന ഡ്രില്ലറും ഇലക്ട്രിക് കട്ടറും മറ്റ് ആയുധങ്ങളും ഇയാളിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. സമ്പന്നരുടെയും അതിസമ്പന്നരുടെയും  വീടുകൾ തിരഞ്ഞെടുത്താണു മോഷണം.

മുഖവും തലയും മൂടിയാണു മോഷണത്തിന് എത്തുന്നത്. വാതിലിൽ ചെറിയ ദ്വാരങ്ങളും ചതുരാകൃതിയിൽ വിടവും ഉണ്ടാക്കി പൂട്ട് തുറന്നാണ് അകത്തു കടക്കുന്നത്. വല്ലത്തെ ഒരു വീട്ടിലെ വാതിലിന്റെ 7 പൂട്ടുകൾ തുറന്നു മോഷണം നടത്തിയിരുന്നു.  കഴിഞ്ഞ ദിവസം അല്ലപ്രയിൽ 8 ജനൽക്കമ്പികൾ അറുത്തുമാറ്റി  മോഷണം ശ്രമം നടത്തിയതും ഇയാളാണെന്നു കരുതുന്നു. വല്ലം, കാഞ്ഞിരക്കാട്, കണ്ടന്തറ, വട്ടയ്ക്കാട്ടുപടി, പോഞ്ഞാശേരി, വെങ്ങോല തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ മോഷണം നടന്നത്. മിക്കതും പുലർച്ചെയാണ്. പ്രധാന റോഡുകളോടു ചേർന്നുള്ള വീടുകളിലാണ് മോഷണങ്ങൾ അധികവും. സിസിടിവിയിൽ ഒട്ടേറെ തവണ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com