ADVERTISEMENT

കൊച്ചി ∙ കലൂരിലെ ഗാനമേളക്കിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മുഹമ്മദ്‌ ഹുസൈനെ കണ്ടെത്താൻ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടി. കൊച്ചി സിറ്റി പൊലീസിന്റെ ഒരു സംഘം മൈസൂരിലെത്തി. പാലാരിവട്ടം എസ്‌എച്ച്‌ഒ ജോസഫ്‌ സാജന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. സൈബർ പൊലീസിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസിന്റെ മറ്റൊരു സംഘം നാട്ടിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതി മുഹമ്മദ് ഹുസൈൻ ഒളിവിലുള്ള സ്ഥലത്തെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. .

കൊച്ചി പനയപ്പിള്ളി അമ്മൻകോവിൽ പറമ്പിൽ ചെല്ലമ്മവീട്ടിൽ എം.ആർ. രാജേഷാണു ശനിയാഴ്ച രാത്രി കുത്തേറ്റു മരിച്ചത്‌.  രണ്ടാംപ്രതി തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണിനെയും മുഖ്യപ്രതിയുടെ ഇരട്ടസഹോദരനും മൂന്നാം പ്രതിയുമായ മുഹമ്മദ് ഹസനെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഡിസിപി എസ്‌ ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ ചോദ്യംചെയ്തു. ഗാനമേളക്കിടെ മുഹമ്മദ്‌ ഹുസൈനും അഭിഷേക് ജോണും ഒരു പെൺകുട്ടിയെ ശല്യം ചെയ്തു. രാജേഷും സുഹൃത്തുക്കളും ഇതു ചോദ്യം ചെയ്തതോടെ  തർക്കമുണ്ടായി. 

മറ്റുള്ളവർ ഇടപ്പെട്ടു പ്രശ്നം പറഞ്ഞു തീർത്തെങ്കിലും ഗാനമേള കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോകുന്നതിനിടെ പ്രതികൾ രാജേഷിനെ കുത്തുകയായിരുന്നു. നഗരത്തിലെ ഓൺലൈൻ ഭക്ഷണ വിതരണക്കാരാണു പ്രതികൾ. ആലുവയിൽ ഒരുമിച്ചാണു മുഹമ്മദ്‌ ഹുസൈനും അഭിഷേകും താമസിച്ചിരുന്നത്. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും താമസസ്ഥലത്തു നിന്നു കടന്നു. കാസർകോട് എത്തിയ മുഹമ്മദ് ഹുസൈൻ അവിടെനിന്നു മൈസൂരിലേക്കു കടന്നു. സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെയാണ് അഭിഷേകും മുഹമ്മദ്‌ ഹസനും പൊലീസ്‌ പിടിയിലായത്. ഒന്നും രണ്ടും പ്രതികൾ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അഭിഷേകിനെതിരെ മോഷണത്തിനും കേസുണ്ട്.

കൊലപാതകങ്ങൾ സംഘടിതമല്ല: സിറ്റി പൊലീസ് 

രണ്ടു മാസത്തിനുള്ളിൽ നഗരത്തിൽ നടന്ന 7 കൊലപാതകങ്ങളിൽ ഒന്നും സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി സംഭവിച്ചതല്ലെന്നു പൊലീസ്. ഗുണ്ടാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരല്ല ഇതിനു പിന്നിലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിൽ ഒരു കേസിൽ മാത്രമാണു മുൻപ് കുറ്റകൃത്യത്തിൽ പെട്ടയാൾ പ്രതിയായത്. നഗരത്തിൽ നടന്ന കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും ലഹരി മരുന്നിന്റെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. 

നഗരത്തിൽ ലഹരി വ്യാപനവും വിപണനം തടയാൻ ശക്തമായ നടപടികളെടുത്തു. ഈ വർഷം ഇതുവരെ 1,724 കേസാണു ലഹരിയുമായി ബന്ധപ്പെട്ടു നഗരത്തിൽ എടുത്തത്.  ഓഗസ്റ്റിൽ മാത്രം 461 കേസെടുത്തു. കൊച്ചിയിൽ 98 ബോധവൽക്കരണ പരിപാടികൾ പൊലീസ് സംഘടിപ്പിച്ചു. 176 വിദ്യാലയങ്ങളിൽ യോദ്ധാവ് പദ്ധതി നടപ്പാക്കി.  കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി രണ്ടു മാസത്തിനുള്ളിൽ 101 പേരെ കരുതൽ തടങ്കലിൽ വച്ചതായും രാത്രി പട്രോളിങ് ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com