ADVERTISEMENT

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് എംസി റോഡ് ഒഴിവാക്കാനാവില്ല; പലവിധ കുരുക്കുകൾ നിറഞ്ഞ ഈ പാത യാത്രക്കാർക്കു വെല്ലുവിളിയാകുന്നു. പരിമിതികൾ അന്വേഷിച്ചും പരിഹാരം തേടിയുമുള്ള പരമ്പര ഇന്നു മുതൽ.

87 കിലോമീറ്റർ. കോട്ടയം തിരുനക്കര മൈതാനത്തിനു സമീപത്തുനിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്റർനാഷനൽ ടെർമിനലിനു മുന്നിൽ വരെയുള്ള ദൂരമാണ്. ഈ ദൂരം പരമാവധി രണ്ടര മണിക്കൂർ കൊണ്ടു മറികടന്നു വിമാനമേറാമെന്ന കണക്കുകൂട്ടലിൽ എംസി റോഡ് വഴി വന്നാൽ ഉദ്ദേശിച്ച വിമാനം അതിന്റെ പാട്ടിനു പോകും.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എന്നിവിടങ്ങളിലുള്ളവർക്കു കൊച്ചി വിമാനത്താവളത്തിലെത്താൻ പ്രധാന ആശ്രയമാണ് എംസി റോഡ്. വിദ്യാഭ്യാസം, ജോലി, വിനോദം, വാണിജ്യ–വ്യവസായം തുടങ്ങിയ പല ആവശ്യങ്ങൾക്കുമായി യാത്രകൾ ഏറെയും ആകാശ മാർഗമാകുന്ന ഇക്കാലത്ത് വിമാനത്താവളത്തിലേക്കുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നതും സമയം തിന്നുതീർക്കുന്നതുമായി മാറി.

എംസി റോഡിൽ കോട്ടയം ബേക്കർ ജംങ്ഷനിലെ തിരക്ക്.

ഇരുതലയ്ക്കലും ദേശീയപാതയുമായി മുട്ടുന്ന, കേരളത്തിലെ ഏറ്റവും ഗ്ലാമറുള്ള സംസ്ഥാനപാത ഗതാഗതക്കുരുക്കിന്റെയും അപകടക്കണക്കിന്റെയും കാര്യത്തിലും മുന്നിലാണ്. എംസി റോഡ് മിക്കയിടത്തും കുഴികൾ മൂടി നല്ല നിലയിലാണ്. എന്നിട്ടും, കൃത്യസമയത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇപ്പോഴും എംസി റോഡിനെ വിശ്വസിക്കാനാവില്ല. ഒരു ദിവസം ഗതാഗതക്കുരുക്ക് കുറഞ്ഞു കണ്ടാൽ അടുത്ത ദിവസം മണിക്കൂറുകൾ കുരുക്കിൽ വലയ്ക്കും. കോടികൾ മുടക്കിയിട്ടും ഈ പാതയ്ക്കിത് എന്തുപറ്റി ? കുരുക്കും അപകടക്കെണികളും പതിവാകുന്നത് എന്തുകൊണ്ട് ? കുരുക്ക് കുറയ്ക്കാൻ വേറെ വഴികളില്ലേ ? ഒരന്വേഷണം.

റോഡിൽ കണ്ടതും അനുഭവിച്ചതും

കോട്ടയം തിരുനക്കര മൈതാനത്തിനു സമീപത്തുനിന്നു കൊച്ചി വിമാനത്താവളം വരെ നടത്തിയ റോഡ് യാത്രയിൽ കണ്ടതും അനുഭവിച്ചതും അറിഞ്ഞതുമായ കാര്യങ്ങളിലൂടെ... താരതമ്യേന തിരക്കു കുറഞ്ഞ ഒരു ദിവസത്തെ യാത്രയാണ്. ആകെ സമയം: 3 മണിക്കൂർ 42 മിനിറ്റ്. ഇതിൽ 30 മിനിറ്റ് ചിത്രങ്ങൾ എടുക്കാനും മറ്റുമായി വിനിയോഗിച്ചു. ബാക്കി 3 മണിക്കൂർ 12 മിനിറ്റാണ് 87 കിലോമീറ്റർ യാത്രയ്ക്കായത്. ഏറ്റവും തിരക്കു കുറഞ്ഞ ഒരു ദിവസത്തെ യാത്രയിലാണ് ഈ സമയം; ഏറിയാൽ രണ്ടര മണിക്കൂറിൽ പിന്നിടേണ്ട ദൂരം.

∙ രാവിലെ 8.45: തിരുനക്കര മൈതാനത്തിനു സമീപത്തുനിന്നു യാത്ര തുടങ്ങുമ്പോൾ നഗരത്തിരക്കും കൂടെ കൂടി. എന്നാലും, തട്ടുകേടില്ലാതെ ബേക്കർ ജംക്‌ഷനും നാഗമ്പടം പാലവും കടന്നുകിട്ടി. സംക്രാന്തിയിൽ എത്തിയപ്പോൾ ചെറിയൊരു ആശങ്ക. കുടുങ്ങുമോ ? ആശങ്ക കുറച്ചെങ്കിലും ശരിയായത് ഏറ്റുമാനൂരിൽ എത്തിയപ്പോൾ. അനങ്ങിയനങ്ങി 15 മിനിറ്റിൽ ഏറ്റുമാനൂർ കടന്നു. ഏറ്റുമാനൂരിന്റെ തിരക്കു നോക്കിയാൽ അതൊരു കുരുക്കേ അല്ല.

പട്ടിത്താനം ജംക്‌ഷനിൽ മണർകാട് ബൈപാസ് വന്നു ചേരുന്ന ഭാഗത്തു ടാറിങ് ജോലികൾ തിരക്കിട്ടു നടക്കുന്നു. ഇവിടെ മുതൽ എറണാകുളം അതിർത്തി കടക്കും വരെ വളവും തിരിവുമായി അൽപം സാഹസിക ഭാവത്തിലാണ് എംസി റോഡ്. എറണാകുളം ജില്ലയിൽ എംസി റോഡ് തുടങ്ങുന്നതു കൂത്താട്ടുകുളം ചോരക്കുഴി പാലം മുതലാണ്. പുതുവേലി മുതൽ ആറൂർ ചാന്ത്യം കവല വരെ റോഡിൽ മുപ്പതിലേറെ വളവുകളുണ്ട്. കഴിഞ്ഞ വർഷം ഇരുപതോളം അപകടങ്ങളിലായി 10 പേർ ഈ ഭാഗങ്ങളിൽ മരിച്ചെന്നാണു പൊലീസിന്റെ കണക്ക്. ഇവിടത്തെ അപകട വളവിലൊന്നിൽ തൊട്ടുതൊട്ടില്ല എന്ന രീതിയിൽ ഏതാനും വാഹനങ്ങൾ മറികടന്നു പോയി.

∙ സമയം 10.30: മൂവാറ്റുപുഴയിലേക്കു കടന്നതേ കുരുക്കിലേക്കാണ്. വള്ളക്കാലിൽ ജം‌ക്‌ഷനിൽ തുടങ്ങി. കുറച്ചു മുൻപ് നഗരത്തിലൂടെ ഒരു ജാഥ കടന്നുപോയിരുന്നു. അതുമൂലമുള്ള കുരുക്കിന്റെ ഇങ്ങേയറ്റമാണ്. ഇതിനിടെ ചെറുതും വലുതുമായ ഏറെ വാഹനങ്ങൾ നിരതെറ്റിച്ചു മുന്നിലെത്താൻ പാഞ്ഞതോടെ കുരുക്കു പിന്നെയും മുറുകി. ഇവിടെ കുരുക്കു മുറുക്കുന്ന മറ്റൊരു കാരണമാണ് അനധികൃത പാർക്കിങ്. നഗരപരിധി വിട്ടു നീങ്ങിത്തുടങ്ങിയപ്പോൾ, പല വാഹനങ്ങളും അതിവേഗത്തിൽ ഓവർടേക്ക് ചെയ്തുപോകുന്നുണ്ട്, നഷ്ടപ്പെട്ട സമയം തിരികെ പിടിക്കാനെന്ന പോലെ.

∙ 11.30: പെരുമ്പാവൂർ നഗരത്തിലേക്കു കടക്കുന്നതിനു മുൻപ് 20 മിനിറ്റോളം നീണ്ട നിര. നഗരത്തിലുണ്ടായ വാഹനാപകടമാണ് കാരണങ്ങളിൽ ഒന്ന്. പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്കിൽ പിന്നെയും നഷ്ടമായി ഒരു 10–15 മിനിറ്റ്. ഭാഗ്യം! കുപ്പിക്കഴുത്തുപോലുള്ള കാലടി പാലം കടക്കാൻ അധികം കാത്തുകിടക്കേണ്ടി വന്നില്ല. 10 മിനിറ്റിൽ കടന്നുകിട്ടി. മറ്റൂർ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് വിമാനത്താവളത്തിലേക്കുള്ള പാതയിലേക്ക്. എംസി റോഡിന്റെ ഭാഗമല്ല ഈ പാതയെങ്കിലും അപകടം ഇവിടെയും കുറവല്ല. മറ്റൂർ മുതൽ മരോട്ടിച്ചോട് വരെയുള്ള ഭാഗം അപകട കേന്ദ്രമാണ്.

കഴിഞ്ഞ 10 വർഷത്തിനകം മുപ്പതോളം അപകട മരണങ്ങൾ ഇവിടെയുണ്ടായി. ഇവിടവും പിന്നിട്ട് വിമാനത്താവളത്തിലെത്തുമ്പോൾ സമയം 12.27. ഇനി ചെക്ക് ഇൻ സമയം. വൈകിട്ടു മൂന്നിനും 3.30നും ഇടയിലുള്ള ഒരു വിമാനത്തിൽ പോകാൻ കോട്ടയത്തു നിന്നുള്ള ഒരാൾ രാവിലെ 8.45നു പുറപ്പെട്ടാലും കിട്ടിയാലായി എന്നതാണ് അവസ്ഥ. ഇനി എംസി റോഡ് വഴിയുള്ള യാത്ര വൈകിട്ടാണെങ്കിലോ? കാത്തിരിക്കുന്നത് അഴിയാക്കുരുക്കുതന്നെ.

കൊച്ചിയിൽ നിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കുള്ള പറക്കൽ സമയം ഒരു മണിക്കൂർ 15 മിനിറ്റ് ആണ്. മാലദ്വീപിലേക്ക് ഇത് ഒരു മണിക്കൂർ 47 മിനിറ്റ്. ദുബായിലേക്ക് 4 മണിക്കൂറിൽ താഴെ മതി. ദുബായിലേക്കു പുറപ്പെട്ടയാൾ അവിടെ ചെന്നാലും, യാത്രയാക്കാൻ വന്നവർ എംസി റോഡ് വഴി തിരികെ വീടു പിടിക്കണമെങ്കിൽ പലപ്പോഴും അതിലും സമയമെടുക്കും.

കുരുക്കിൽ നഷ്ടം വിദേശ ജോലിയും

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന്് ആഭ്യന്തര വിമാനങ്ങൾ ഏറെയും പുറപ്പെടുന്നതു രാവിലെ 6 മുതൽ രാത്രി 10.30 വരെയുള്ള സമയത്താണ്; രാജ്യാന്തര സർവീസുകളിൽ ഭൂരിഭാഗവും രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെയും. വിമാനത്താവളത്തിൽ ചെക്ക് ഇൻ സമയം ആഭ്യന്തര സർവീസുകൾക്ക് ഒന്നര മണിക്കൂറും രാജ്യാന്തര സർവീസുകൾക്കു 3 മണിക്കൂറുമാണ്. ഈ സമയംകൂടി കണക്കു കൂട്ടിയാകും യാത്രികർ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നത്. ഇത്രയും കണക്കുകൂട്ടിയിട്ടും എംസി റോഡിലെ കുരുക്കിൽപെട്ട് വിമാനം കിട്ടാതെ വിദേശജോലി നഷ്ടമായവർ പോലുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com