കൊലപാതകം നടന്നിടത്ത് പുലർച്ചെ രണ്ടിനു ഫുട്ബോൾ കളി, പന്തുതട്ടാൻ സ്ത്രീകളും; കൊച്ചിയിൽ സംഭവിക്കുന്നത്..

HIGHLIGHTS
  • മെട്രോ നഗരമെന്താണ് ഇങ്ങനെ?
  • ഒന്നര മാസത്തിനുള്ളിൽ ഏഴു കൊലപാതകം
  • ഇവയ്ക്കെല്ലാം പിന്നിൽ ലഹരിയുടെ വലിയ ലോകം
  • ഇതെല്ലാം അറിഞ്ഞിട്ടും നിയമപാലകർ ഉറങ്ങുകയാണ്
SHARE

യുവാക്കൾ ക്ഷമിക്കണം! ഇതു നിങ്ങളുടെ ആഘോഷങ്ങൾക്ക് എതിരെയുള്ള ചുവരെഴുത്തല്ല. മറിച്ച്, യുവത്വം ലഹരിയുടെ മായിക ലോകത്തേക്കു പാളുമ്പോൾ അതിരുവിടുന്ന ആഘോഷങ്ങളും പൊലീസിന്റെ അനാസ്ഥയും മൂലം നഗരത്തിൽ ചോരക്കുരുതികൾ പതിവാകുന്നുവെന്ന വസ്തുതയിലേക്കുള്ള വിരൽ ചൂണ്ടൽ മാത്രം. കഴിഞ്ഞ ഏതാനും രാത്രികളിൽ നഗരത്തിൽ മനോരമ വാർത്താ സംഘം കണ്ട കാഴ്ചകളുടെ നേരെഴുത്തു മാത്രമാണു മുകളിൽ വായിച്ചത്. ഒന്നര മാസത്തിനുള്ളിൽ നടന്ന ഏഴു പാതിരാക്കൊലപാതകങ്ങളിൽ അവസാനത്തേതിനു മുൻപും പിൻപുമുള്ള ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിനിടെ കണ്ണിൽ തടഞ്ഞതിലേറെയും ലഹരിമാഫിയയും സാമൂഹികവിരുദ്ധരും നഗരം കയ്യടക്കുന്നതിന്റെയും പൊലീസ് നിഷ്ക്രിയത്വത്തിന്റെയും നേർക്കാഴ്ചകൾ മാത്രം.

നഗരരാത്രികളെ സുരക്ഷിതമാക്കേണ്ട  നൈറ്റ് പൊലീസ് പട്രോളിങ് ഏറെക്കുറെ നിലച്ചു. രാത്രി ഊർജസ്വലരായി വാഹന പരിശോധനയുൾപ്പെടെ നടത്തി, സംശയാസ്പദമായി കാണുന്നവരെ കർശനമായി ചോദ്യം ചെയ്തിരുന്ന പൊലീസുകാരെ എങ്ങും കാണാനില്ല. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, പ്രധാന ആശുപത്രികൾ എന്നിവിടങ്ങളുടെ സമീപം പോലും പൊലീസ് സാന്നിധ്യമില്ല. ഇരുട്ടുവീണ വഴികളിൽ സാധാരണക്കാർ ഒറ്റപ്പെട്ടു പോയാൽ എന്തും സംഭവിക്കുന്ന അവസ്ഥ. ആളൊഴിഞ്ഞ ചില സ്ഥലത്തു വാഹനം ഒതുക്കി അതിലിരുന്നുറങ്ങുന്ന പൊലീസുകാരെയും ഒരിടത്തു കണ്ടു.

നഗരത്തിൽ അടുത്തിടെ നടന്ന ഒരു കൊലപാതകത്തിൽ ട്രാൻസ്ജെൻഡറുകളുമായി ബന്ധപ്പെട്ട തർക്കമായിരുന്നെങ്കിലും ലഹരി വിതരണത്തിൽ ഇവരിൽ ചിലരുടെ പങ്കു വളരെ കൃത്യമായി പൊലീസിനു മനസ്സിലായിട്ടും നടപടിയുണ്ടായില്ല. നഗരാതിർത്തികളിൽ പൊലീസ് പരിശോധനയില്ല. മുൻകാലങ്ങളിൽ നഗരത്തിന്റെ എല്ലാ കവാടങ്ങളിലും പൊലീസ് സാന്നിധ്യവും കർശന പരിശോധനയുമുണ്ടായിരുന്നപ്പോൾ കുറ്റകൃത്യങ്ങളും ഗുണ്ടാ പ്രശ്നങ്ങളും അവസാനിച്ചിരുന്നു. എന്നാൽ, ഇത്രയേറെ അനിഷ്ട സംഭവങ്ങളുണ്ടായിട്ടും പൊലീസ് ഈ വഴിയിൽ ചെറുവിരൽ പോലും അനക്കുന്നില്ല. നഗരം അരാജകത്വത്തിന്റെ പിടിയിലേക്കു വഴുതുന്നതിനു മറ്റു കാരണങ്ങൾ തിരയുന്നതെന്തിന്?

ചിലയിടത്തു ‘വിനോദം’; ചിലയിടത്തു സ്റ്റണ്ട് 

ഗാനമേളയ്ക്കിടെ കൊലപാതകം നടന്ന സ്റ്റേഡിയം പരിസരത്തു കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനു നടുറോഡിൽ ഒരു ഫുട്ബോൾ കളി നടന്നു. യുവാക്കളും യുവതികളുമുൾപ്പെടെ പന്തുതട്ടാനെത്തി. ബഹളം നിയന്ത്രണാതീതമായതോടെ സമീപവാസികൾ സ്ഥലത്തെത്തി. കാലുറയ്ക്കാത്ത അവസ്ഥയിലാണു ഫുട്ബോൾ കളിയെന്നും കളിക്കാരെല്ലാം ലഹരി മൂത്ത അവസ്ഥയിലായിരുന്നുവെന്നും മനസ്സിലായതോടെ ഇടപെടാതെ പിന്തിരിയുകയായിരുന്നുവെന്നു നാട്ടുകാർ . ഒരാഴ്ചയ്ക്കു ശേഷം വിവിധ വാഹനങ്ങളിൽ പാഞ്ഞെത്തിയ രണ്ടു സംഘങ്ങൾ ഇതേ സ്ഥലത്ത് ഏറ്റുമുട്ടി.

കാര്യമായ പ്രകോപനമൊന്നുമില്ലാതെയായിരുന്നു മാരകായുധങ്ങളുമായി യുവാക്കളുടെ തമ്മിലടി. അടിമൂത്തതോടെ നാട്ടുകാരിലൊരാൾ പൊലീസിനെ വിളിച്ചു. പൊലീസ് എത്തും മുൻപു സംഘർഷമുണ്ടാക്കിയവർ സ്ഥലം കാലിയാക്കി. പാതിരാത്രിയും തുറന്നിരിക്കുന്ന കടകൾ നഗരത്തിൽ കൂണു പോലെ മുളച്ചു പൊന്തുകയും യുവാക്കൾ കൂട്ടമായി ഇവിടേക്കെത്തുകയും ചെയ്യുന്നതോടെ സംഘർഷങ്ങൾ പതിവാകുകയാണ്. രാത്രി 12 വരെ മാത്രമാണു കടകൾ തുറക്കാൻ പൊലീസിന്റെ അനുമതിയുള്ളതെങ്കിലും അനധികൃതമായി തുറന്നു വയ്ക്കുന്ന കടകൾ അടപ്പിക്കാൻ പൊലീസിനാകുന്നില്ല.

നടപടിയെടുക്കുന്നതിനെ തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ ആളുകൾ തടയുകയും പൊലീസ് അതിക്രമമെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്നതോടെ സേനയുടെ മനോവീര്യം ചോരുകയും പിന്നാക്കം പോവുകയും ചെയ്യുന്നു. ലഹരി ഉപയോഗിച്ച ശേഷം പരസ്യമായി അനാശാസ്യ പ്രവർത്തനങ്ങളിലും സംഘർഷങ്ങളിലും ഭാഗഭാക്കാവുന്നവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാലും ഇതേ പ്രശ്നമുണ്ട്. സദാചാര ഗുണ്ടായിസം നടത്തുന്നു എന്ന ആരോപണമുയർത്തി ചില സംഘടനകൾ രംഗത്തെത്തും; പിൻവാങ്ങാൻ  പൊലീസ് നിർബന്ധിതരാവും. 

വരിഞ്ഞു മുറുക്കി രാസലഹരി

നഗരത്തിലെത്തുന്ന പത്തിലൊരാൾ ലഹരി മാഫിയയുടെ ആളോ ലഹരി ഉപയോഗിക്കുന്നവരോ ആണെന്ന നിലയിലാണു കാര്യങ്ങൾ. സൗത്ത് എസിപിയുടെ കീഴിലുള്ള സ്റ്റേഷനുകളിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ റജിസ്റ്റർ ചെയ്തതു 137 ലഹരിക്കേസാണ്. നഗരത്തിൽ ഒരു എൻഡിപിഎസ് കേസെങ്കിലും റജിസ്റ്റർ ചെയ്യപ്പെടാത്ത ഒരു ദിവസം പോലുമില്ല. എന്നാൽ പിടിയിലാകുന്നതു കേവലം ഒന്നോ രണ്ടോ ശതമാനം മാത്രമാണെന്നു പൊലീസ്  പറയുന്നു. ഫ്ലാറ്റുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും പാർട്ടികളും  പതിവു സംഭവങ്ങളായിട്ടു കാലങ്ങളായി.

ആളില്ലാ സ്റ്റേഷനുകൾ

രാത്രി പട്രോളിങ്ങിനു പല സ്റ്റേഷനുകളിലും ആളില്ല. പ്രധാന സ്റ്റേഷനുകളിൽ പോലും രാത്രി ഡ്യൂട്ടിയിലുള്ളത് ഡ്രൈവർ ഉൾപ്പെടെ മൂന്നോ നാലോ പേർ. ആരെങ്കിലും അടിയന്തര ആവശ്യങ്ങൾ വിളിച്ചു പറഞ്ഞാൽ പോലും പോകാൻ നിർവാഹമില്ല. പിന്നെങ്ങനെ പട്രോളിങ് ഫലപ്രദമായി നടത്തുമെന്നാണു പൊലീസിന്റെ ചോദ്യം. പട്രോളിങ് ഇല്ലാത്തതിനാൽ തന്നെ, റസിഡന്റ്സ് അസോസിയേഷനുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ബീറ്റ് ബുക്കുകളിൽ  പൊലീസുകാരുടെ ഒപ്പു പതിയാറില്ല. 

‘പേടിയാണ് ,സ്വസ്ഥമായി ജീവിച്ചോട്ടെ’

നഗരത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്.  ലഹരിക്കച്ചവടം ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പേടിയാണെന്ന്  ഉദ്യോഗസ്ഥൻ പറയുന്നു. ഗുണ്ടകളും ലഹരിക്കടത്തുകാർക്കുമൊക്കെ ഉന്നത സ്വാധീനമുണ്ടെന്നും പിടികൂടിയിൽ മിനിറ്റുകൾക്കുള്ളിൽ ചില രാഷ്ട്രീയ നേതാക്കളുടെ വിളി വരുമെന്നുമാണു പരാതി.

ഭീഷണിക്കു വഴങ്ങാത്തവരെ നാടുകടത്തിക്കൊണ്ടുള്ള ഉത്തരവുണ്ടാകുമെന്നതിനാൽ വയ്യാവേലി പിടിക്കാൻ പോകാത്തതാണെന്നും ഇദ്ദേഹം പറയുന്നു. നഗരത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനിലെ ഇൻസ്പെക്ടറെ രണ്ടാഴ്ച മുൻപു രായ്ക്കു രാമാനം സ്ഥലം മാറ്റിയതിനു പിന്നിൽ ഒരു രാഷ്ട്രീയ കക്ഷിക്കുണ്ടായ അതൃപ്തിയാണെന്നും പൊലീസുകാർ പറയുന്നു. പാർട്ടി ക്രിമിനലുകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതായിരുന്നു കാരണം.

4 നഗര രാത്രി

നഗര രാത്രി–1
മൂന്നാഴ്ച മുൻപൊരു ദിവസം,
രാത്രി 11.30
മറൈൻ ഡ്രൈവ്

പാതയോരത്തു ഗിറ്റാറുമായി ഗാനം ആലപിക്കുന്ന യുവാവ്.  ചുറ്റും വിനോദസഞ്ചാരികളും കുടുംബങ്ങളും. ഇവർക്കിടയിലേക്കു പൊടുന്നനെ രണ്ടുപേർ എത്തി  അസഭ്യം പറയുകയും പാട്ടു നിർത്തെന്ന് അലറുകയും ചെയ്യുന്നു. തുടർന്ന് ആളൊഴിഞ്ഞ, ഇരുട്ടുവീണൊരു മൂലയിലേക്കു മാറിയിരുന്നു പരസ്യ മദ്യപാനം. ഇതിനിടെ സമീപത്തുകൂടി കടന്നു പോയ കുടുംബത്തെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ  ശ്രമം. ഓടി രക്ഷപ്പെട്ട കുടുംബം അൽപം അകലെയുണ്ടായിരുന്ന പൊലീസുകാരോടു പരാതി പറയുന്നു. തിരക്കാനെത്തിയ പൊലീസിനു നേരെ അസഭ്യ വർഷം. ഒരു യുവാവിനെ പിടികൂടി. രണ്ടാമൻ പൊലീസിനെ ആക്രമിച്ചു  ബൈക്കിൽ രക്ഷപ്പെടുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഓടി രക്ഷപ്പെട്ടതെന്നു പൊലീസ് പറയുന്നു. 

നഗരരാത്രി– 2
25.09.2022, രാത്രി 10.30
കലൂർ സ്റ്റേഡിയത്തിന്
മുൻവശത്തെ പ്രദർശന നഗരി

ഹൈടെക് വേദിയിൽ നിന്നു ചടുല സംഗീതത്തിന്റെയും ആരവങ്ങളുടെയും അലകൾ പുറത്തേക്കൊഴുകുന്നു. സംഗീതത്തിനൊപ്പിച്ച് ഉറഞ്ഞുതുള്ളുന്ന യുവാക്കളുടെയും യുവതികളുടെയും വൻ സംഘം. തലേ ദിവസം സമാനമായൊരു സംഗീത പരിപാടിക്കിടെ ഒരു യുവാവു കുത്തേറ്റു മരിച്ച സ്ഥലമാണെന്ന് ആരും പറയില്ല. കാരണം പേരിനു പോലുമില്ല  പൊലീസ് സാന്നിധ്യം.

നഗര രാത്രി– 3
ഇടപ്പള്ളി മണിമല റോഡ്
25.09.2022, പുലർച്ചെ 2.00

റോഡിൽ യുവാക്കളുടെ തിരക്ക്. പലരും പുതുതലമുറ ഇരുചക്ര വാഹനങ്ങളിൽ വന്നു മടങ്ങുന്നു. നമ്പർ പ്ലേറ്റ് മറച്ച വാഹനങ്ങളാണു പലതും. ഇവിടേക്ക് അടിക്കടിയെത്തുന്ന ആഡംബര കാറുകൾ. ജില്ലയ്ക്കു പുറത്തുള്ള റജിസ്ട്രേഷൻ നമ്പറുകളാണ് ഏറെയും. ചില കാറുകൾക്കുള്ളിലേക്കു കയറുന്ന ചിലർ മിനിറ്റുകൾക്കുള്ളിൽ ചില കവറുകളുമായി പുറത്തേക്ക്. കവറുമായി പുറത്തേക്കിറങ്ങിയവർ യുവാക്കളുടെ അടുത്തേക്ക്. ചില യുവാക്കൾ കവറുകൾ കൈപ്പറ്റുന്നു. പുലർച്ചെ 3.30 വരെയും സീനിൽ മാറ്റമില്ല.

ഇടതിങ്ങി വീടുകളുള്ള ഈ പ്രദേശത്ത് ഒന്നര മണിക്കൂറിനിടെയൊരിക്കൽ പോലും പൊലീസിനെ കണ്ടിട്ടില്ല. രാത്രി 12 മുതൽ പുലർച്ചെ നാലര വരെ നാട്ടുകാർക്ക് അപ്രഖ്യാപിത കർഫ്യൂവാണെന്നു നാട്ടുകാർ പറയുന്നു.  പേടികൊണ്ടു  പ്രഭാതസവാരി രാവിലെ ഏഴിനു ശേഷമാക്കിയെന്നു ചില വീട്ടുകാർ പറയുന്നു. ലഹരിക്കച്ചവടത്തിന്റെയും അനാശാസ്യ പ്രവർത്തനങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസിനു കൈമാറി നടപടി കാത്തിരിക്കുകയാണിവർ.

നഗര രാത്രി– 4
26.09.2022, പുലർച്ചെ 2.30
കലൂർ സ്റ്റേഡിയത്തിനു പിൻവശം

രാത്രി മുഴുവൻ തുറന്നിരിക്കുന്ന ലഘു ഭക്ഷണശാലയ്ക്കു സമീപം വാഹനത്തിരക്ക്. അവിടവിടെയായി തമ്പടിച്ചിരിക്കുന്ന യുവാക്കളും യുവതികളും. ചിലർ സംഗീതത്തിനൊപ്പിച്ചു നൃത്തം ചവിട്ടുന്നു. ചിലർ സ്റ്റേഡിയത്തിനു പുറത്തെ ടാർ റോഡിൽ കിടക്കുന്നു. റോഡിനപ്പുറം ഇരുട്ടുവീണ മരച്ചുവടുകളിൽ മിന്നിത്തെളിഞ്ഞു കെടുന്നതു മിന്നാമിനുങ്ങുകളല്ല, മരച്ചുവട്ടിൽ യുവാക്കളും യുവതികളും ഒരുമിച്ചിരുന്നു പുകച്ചു തള്ളുന്ന ലഹരി സിഗരറ്റാണവയെന്നു സൂക്ഷിച്ചു നോക്കിയാലേ മനസ്സിലാകൂ. സമീപത്ത് ഇരുട്ടിലേക്കു മാറ്റി പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലെല്ലാം യുവാക്കളാണ്. ചിലയിടത്തു മദ്യപാനം. ഇത്രയേറെ ആളുകൾ പുലർച്ചെ ഒത്തു കൂടിയിട്ടുള്ള സ്ഥലത്തും പൊലീസിനെ കാണാനില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}