ADVERTISEMENT

കൊച്ചി ∙ ഓൺലൈൻ സിനിമ ചാനലിലെ മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ പ്രതിയായ നടൻ ശ്രീനാഥ് ഭാസിയെ തൽക്കാലത്തേക്കു സിനിമയിൽ നിന്നു മാറ്റി നിർത്താൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനം. സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗം തുടരുകയാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പൊലീസിനു ലൊക്കേഷനിൽ ഉൾപ്പെടെ പരിശോധന നടത്താം. അക്കാര്യത്തിൽ പൂർണ പിന്തുണ നൽകും.

തന്നെ അപമാനിച്ച നടനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മാധ്യമ പ്രവർത്തക രേഖാമൂലം നൽകിയ പരാതിയിലാണു നിർമാതാക്കളുടെ സംഘടന ശ്രീനാഥിനെതിരെ നടപടിയെടുത്തത്. ശ്രീനാഥ് തെറ്റു സമ്മതിച്ചു മാപ്പ് പറഞ്ഞെങ്കിലും നടപടി ഒഴിവാക്കാനാകില്ലെന്നു സംഘടന നിലപാടെടുത്തു. ശ്രീനാഥിനെയും പരാതിക്കാരിയെയും അസോസിയേഷൻ വിളിച്ചു വരുത്തി തെളിവെടുത്ത ശേഷമാണു നടപടി. തന്റെ ഭാഗത്തു  തെറ്റു സംഭവിച്ചതായി അദ്ദേഹം സമ്മതിക്കുകയും മാപ്പു പറയുകയും ചെയ്തതായി അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്തും സെക്രട്ടറി ആന്റോ ജോസഫും പറഞ്ഞു. ‘‘ ശ്രീനാഥ് പരാതിക്കാരിയോടു ഖേദം പ്രകടിപ്പിച്ചു. ഭാവിയിൽ ഒരു വിധത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പും നൽകി.

ശ്രീനാഥിനു തെറ്റു തിരുത്തി മടങ്ങിവരാനുള്ള അവസരമാണു സിനിമയിൽ നിന്നുള്ള  മാറ്റി നിർത്തൽ. അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന 5 സിനിമ പൂർത്തിയാക്കാൻ അവസരം നൽകും. 4 സിനിമ ഡബ്ബിങ് പൂർത്തിയാക്കാനുണ്ട്. ഒരു സിനിമയുടെ ചിത്രീകരണവും ബാക്കിയുണ്ട്. അതെല്ലാം പൂർത്തിയാക്കും. അതിനുശേഷം നിശ്ചിതകാലത്തേക്കു മാറ്റി നിർത്തും. എത്ര കാലത്തേയ്ക്കെന്നു പിന്നീടു തീരുമാനിക്കും. കേസ് അന്വേഷണത്തിൽ ഒരുതരത്തിലും ഇടപെടില്ല ’’ – അസോസിയേഷൻ  പറഞ്ഞു. ലഹരിമരുന്ന് സ്വാധീനത്തിലാണു ശ്രീനാഥ് പരാതിക്ക് ഇടയാക്കും വിധം പെരുമാറിയതെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻ നടന്റെ മുടി, നഖം, രക്തം എന്നിവയുടെ സാംപിൾ ശേഖരിച്ചു പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ലഹരിമരുന്നു കേസുകളിൽ അറസ്റ്റിലാകുന്ന പ്രതികൾ സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയാണിത്. ചില ഇനം രാസലഹരി പദാർഥങ്ങൾ ഉപയോഗിച്ചാൽ ഒരു വർഷം മുതൽ 6 മാസം വരെ ഇവയുടെ രാസാംശം നഖം, മുടി എന്നിവയിൽ നിന്നു ലഭിക്കും. ജാമ്യം കിട്ടി സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങിയതിനു ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണു സാംപിളുകൾ ശേഖരിച്ചത്. പരിശോധനയുടെ ഫലം ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com