ADVERTISEMENT

മലയാറ്റൂർ∙കോവിഡും മഴയുമെല്ലാം അടങ്ങി വിനോദ സഞ്ചാരികൾ എത്താൻ തുടങ്ങിയപ്പോൾ മണപ്പാട്ടുചിറയിൽ ‘വിനോദം’ ഇല്ലാത്ത അവസ്ഥ. ചിറയിലെ ബോട്ടിങ് നിലച്ചിരിക്കുകയാണ്. ഇവിടെ സർവീസ് നടത്തിയിരുന്ന ഒരു മോട്ടർ ബോട്ടും 6 പെഡൽ ബോട്ടുകളും വെറുതേ കെട്ടിയിട്ടിരിക്കുകയാണ്. കരാറുകാരുടെ കാലാവധി കഴിഞ്ഞതോടെ ബോട്ടിങ് നിർത്തിയെന്നാണ് ഡിടിപിസിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ പകരം സംവിധാനം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. ഓണം വരെ ഈ ബോട്ടുകൾ ഓടിയിരുന്നു. മേയ് മുതൽ മഴയായിരുന്നതിനാൽ ബോട്ടിങ്ങിനു വിനോദ സഞ്ചാരികൾ വളരെ കുറവായിരുന്നു.

മഴ മാറി ആളുകൾ എത്തിത്തുടങ്ങിയപ്പോൾ ബോട്ടിങ് ഇല്ലാത്തതു കാരണം മിക്കവർക്കും നിരാശരായി തിരികെ പോകേണ്ടി വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മണപ്പാട്ടുചിറ പരിസരത്തു നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു . ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 110 ഏക്കർ വിസ്തൃതിയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ടുചിറയിൽ സഹ്യപർവത സാനുക്കളുടെ ഗാംഭീര്യവും ഗ്രാമീണ ഭംഗിയും ആസ്വദിച്ചു ബോട്ടിങ് നടത്തുക എന്നത് ഇവിടത്തെ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകർഷണമാണ്.കഴിഞ്ഞ 9 വർഷമായി മണപ്പാട്ടുചിറയിൽ ബോട്ടിങ് നടക്കുന്നു. ആദ്യം മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് ബോട്ടിങ് നടത്തിപ്പ് ലേലത്തിൽ നൽകുകയായിരുന്നു. ചിറയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു പഞ്ചായത്തും ഇടമലയാർ ഇറിഗേഷനും തമ്മിൽ തർക്കമായപ്പോൾ ബോട്ടിങ് ഡിടിപിസി ഏറ്റെടുത്തു. 

നടത്തിപ്പ് ഡിടിപിസി കരാർ നൽകുകയാണ്.  കോവിഡ് കാലമായിരുന്നതിനാൽ വിനോദ സഞ്ചാരികൾ വളരെ കുറവായിരുന്നതു കാരണം കരാർ നീട്ടി നൽകണമെന്ന കരാറുകാരുടെ ആവശ്യം ഡിടിപിസി അംഗീകരിച്ചില്ല. എന്നാൽ പുതിയ കരാർ നൽകാനുള്ള ശ്രമം സാങ്കേതിക പ്രശ്നങ്ങൾ കുരുങ്ങി കിടക്കുകയുമാണ്. ബോട്ടിങ് അടിയന്തരമായി പുനരാരംഭിച്ചും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയും മണപ്പാട്ടുചിറയിലെ ടൂറിസ്റ്റ് വികസനം ത്വരിതപ്പെടുത്തണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com