ADVERTISEMENT

മൂവാറ്റുപുഴ∙ പാൽ നിറത്തിൽ രൂക്ഷ ഗന്ധത്തിൽ മണ്ണാൻ തോട്ടിലൂടെ മൂവാറ്റുപുഴയാറ്റിലേക്ക് മലിനജല പ്രവാഹം. ദുർഗന്ധം വമിച്ചു വൻ തോതിൽ മലിന ജലം ഒഴുകിയത് പേട്ട നിവാസികളെ ദുരിതത്തിലാഴ്ത്തി. പരാതിയെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥരും വാർഡ് കൗൺസിലർ ജാഫർ സാദിഖും ചേർന്നു പരിശോധന നടത്തിയെങ്കിലും നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നു തോട്ടിലേക്കു തുറക്കുന്ന മലിന ജല പൈപ്പ് മാത്രമാണ് കണ്ടത്. വെള്ളനിറത്തിലുള്ള മലിനജലം ഒഴുക്കിയത് ഇതിൽ നിന്നല്ല എന്നു പരിശോധനയിൽ മനസ്സിലായി.

മലിന ജലത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വ്യക്തമാക്കി പിന്നീട് ഉദ്യോഗസ്ഥർ പിന്മാറി. ഇന്നലെ രാത്രി മുതലാണ് തോട്ടിലൂടെ വെള്ളം പാൽ നിറത്തിൽ ഒഴുകാൻ തുടങ്ങിയത്. രൂക്ഷമായ ദുർഗന്ധം പുറത്തേക്കു വന്നതോടെയാണു ജനങ്ങൾ തോട്ടിൽ വെള്ള നിറത്തിൽ വെള്ളം ഒഴുകുന്നതു കണ്ടത്. വെള്ളം ഒഴുകി എത്തുന്നത് മൂവാറ്റുപുഴയാറ്റിലേക്കാണ്. കഴിഞ്ഞ ദിവസങ്ങളിൽ തോട്ടിലൂടെ കൊഴുത്ത കറുത്ത നിറത്തിലാണ് വെള്ളം ഒഴുകിയിരുന്നത്.

തോട്ടിലെ മലിനീകരണം തടയുന്നതിനു തോടിന്റെ തീരത്തു താമസിക്കുന്നവരുടെ വീടുകളിൽ നിന്നുള്ള മാലിന്യ കുഴലുകൾ അടയ്ക്കാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാർ ശക്തമായി എതിർത്തതോടെ ഇവർ പിന്മാറിയിരുന്നു. വലിയ തോതിൽ മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി അവർക്കെതിരെ ആദ്യം നടപടി സ്വീകരിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. എന്നാൽ ഇതിനു നഗരസഭ ഉദ്യോഗസ്ഥർ തയാറായില്ല. ഇതിനു പിന്നാലെയാണ് ഇന്നലെ തോട്ടിലൂടെ വെള്ള നിറത്തിൽ മലിന ജലം വലിയ തോതിൽ ഒഴുകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com