പെരുമ്പാവൂർ∙ തെക്കേ വാഴക്കുളം ഗവ. എൽപി സ്കൂളിലെ ക്ലാസ് മുറിയിലെ സീലിങ് പൊളിഞ്ഞു വീണു. വൈകിട്ട് 3 ന് കുട്ടികൾ പുറത്തിറങ്ങിയ സമയമായതിനാൽ അപകടം ഒഴിവായി. സീലിങ്ങിനു മുകളിൽ മരപ്പട്ടികളും മറ്റും പെറ്റുപെരുകിയെന്നു സ്കൂൾ അധികൃതർ പറയുന്നു. ക്ലാസ് മുറികൾ കുറവായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് കുട്ടികൾ ക്ലാസിലിരിക്കുന്നത്.
മറ്റു ക്ലാസ് മുറികളിലും സീലിങ് നിലംപൊത്താൻ സാധ്യതയുണ്ട്. ഇതിനാൽ സീലിങ് പൊളിച്ചു മാറ്റി പുതിയതു സ്ഥാപിച്ച ശേഷം അധ്യായനം തുടർന്നാൽ മതിയെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കു കെട്ടിടങ്ങൾ നിർമിച്ചെങ്കിലും എൽപി വിഭാഗത്തിൽ അലുമിനിയം ഷീറ്റിട്ട കെട്ടിടമാണ് ക്ലാസ് മുറികളായി ഉപയോഗിക്കുന്നത്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് സൗകര്യങ്ങൾ ഇല്ല.