ADVERTISEMENT

കളമശേരി∙ സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമാണം 7 വർഷം പിന്നിട്ടിട്ടും രണ്ടറ്റവും കൂട്ടിമുട്ടുന്നില്ല. 140 കോടിരൂപ ചെലവിൽ നിർമാണം തുടങ്ങിയ റോഡ് ടാറിങ് പൂർത്തിയായി. ഒരറ്റത്ത് എൻഎഡി സ്ഥലം വിട്ടു നൽകിയില്ലെങ്കിൽ റോഡ് മുന്നോട്ടു പോകില്ല. മറ്റൊരറ്റത്തു എച്ച്എംടി സ്ഥലം വിട്ടു നൽകാത്തതിനാൽ രണ്ടാം ഘട്ടമായി നിർമിച്ച റോഡിലേക്കു പ്രവേശിക്കാനും കഴിയുന്നില്ല. എൻഎഡി സ്ഥലം വിട്ടുകൊടുക്കുന്നതിനു മുന്നോട്ടുവച്ച നിബന്ധനകൾ ആർബിഡിസി അംഗീകരിച്ചു കരാറൊപ്പിടാൻ തയാറായപ്പോൾ പദ്ധതി പ്രദേശത്തു വെട്ടിമാറ്റപ്പെടുന്ന വൃക്ഷങ്ങൾക്കു വില ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു. 

ernakulam-hmt-road
ഭൂമി ലഭിക്കാത്തതിനേത്തുടർന്നു നിർമാണം നടത്താൻ കഴിയാതെ കിടക്കുന്ന എച്ച്എംടി ഭാഗത്തെ സ്ഥലം. ഇവിടയാണു കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ചത്.

ഇതും ആർബിഡിസി അംഗീകരിച്ചതോടെ എൻഎഡി സ്ഥലം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. സുപ്രീംകോടതിയിൽ എച്ച്എംടി ഭൂമിയുമായി ബന്ധപ്പെട്ടു കേസ് നിലവിലുള്ളതു ചൂണ്ടിക്കാട്ടിയാണ് തടസ്സം നിൽക്കുന്നത്. റോഡ് നിർമാണത്തിനാവശ്യമായ ഭൂമി എച്ച്എംടിയിൽ നിന്നു പണം നൽകി വാങ്ങാൻ സന്നദ്ധമാണെന്നു കാണിച്ചു സുപ്രീംകോടതിയിൽ അപേക്ഷ നൽകാനുള്ള തയാറെടുപ്പിലാണ് അധികൃതർ. എച്ച്എംടിയിൽ നിന്നു 4 ഏക്കർ  ഭൂമിയാണ് റോഡ് നിർമാണത്തിനായി വേണ്ടത്. എൻഎഡിയിൽ നിന്നു 6 ഏക്കറോളം ഭൂമി വിട്ടുകിട്ടണം.

റോഡിന്റെ നിർമാണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടില്ലെങ്കിലും നാട്ടുകാർ ഉപയോഗിച്ചു തുടങ്ങി. രണ്ടറ്റത്തും ഭൂമി കുണ്ടുംകുഴിയുമായി കിടക്കുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് ഗതാഗതം തടയുന്നതിനു കരാറുകാർ ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്. രാത്രിയിൽ ഇതുവഴി വാഹനങ്ങൾ ഓടിച്ചു വരുന്നത് അപകടത്തിലേക്കാണ്. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ യുവാവ് ഇവിടെ ബൈക്കപകടത്തിൽ മരിച്ചിരുന്നു.

അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. സാമൂഹികവിരുദ്ധശല്യവും ഇവിടെ വർധിക്കുകയാണ്. 25.7 കിലോമീറ്റർ സീപോർട്ട്–എയർപോർട്ട് റോഡിന്റെ ഒന്നാം ഘട്ടമായ 11.3 കിലോമീറ്റർ 2003ൽ പൂ‍ർത്തിയാക്കിയതാണ്. തുടർന്നു എൻഎഡി വരെയുള്ള 2.7 കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. എൻഎഡി മുതൽ മഹിളാലയം വരെയുള്ള 6.5 കിലോമീറ്റർ ദൂരം നിർമിക്കുന്നതിനായി കിഫ്ബി 430 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com