ADVERTISEMENT

എംസി റോഡിന്റെ കോട്ടയം അതിർത്തി പിന്നിട്ട് എറണാകുളത്തേക്കു കടന്നാൽ പാതയിൽ കാത്തിരിക്കുന്നതു വൻ കുരുക്കുകൾ. കൂത്താട്ടുകുളത്തെ ഗതാഗതക്കുരുക്ക് ഏറെ വലയ്ക്കില്ലെങ്കിലും മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും കാലടിയിലും അതല്ല സ്ഥിതി. അതിർത്തിയായ പുതുവേലി മുതൽ ആറൂർ ചാന്ത്യം കവല വരെയുള്ളതു മുപ്പതിലേറെ വളവുകളാണ്. കഴിഞ്ഞ വർഷം ഇവിടെ വിവിധ അപകടങ്ങളിലായി 10 പേർ മരിച്ചെന്നാണു കൂത്താട്ടുകുളം പൊലീസിന്റെ കണക്ക്. 

കരിമ്പന പാലത്തിൽ കയറുന്ന വാഹനങ്ങൾക്കു പാതയിലെ വളവുമൂലം എതിർവശം കൃത്യമായി കാണാനാകാത്തതും പാലക്കുഴ റോഡിലേക്കു വാഹനങ്ങൾ വേഗം തിരിയുന്നതും അപകട കാരണങ്ങളാണ്. ചോരക്കുഴി കവല മുതൽ ചോരക്കുഴി പാലം വരെ തിരിവുകളില്ലാത്ത റോഡ് ആണെങ്കിലും അമിത വേഗം അപകടമുണ്ടാക്കുന്നു. പാത നവീകരണത്തിനു കാലിക്കട്ട് കവലയിൽ ഏറ്റെടുത്ത സ്ഥലം വിനിയോഗിച്ചില്ലെന്നും വളവുകൾ നിവർത്താതെ സർവേകൾ അട്ടിമറിച്ചെന്നും ആരോപണമുണ്ട്. കൂത്താട്ടുകുളം പോസ്റ്റ് ഓഫിസിനു മുൻപിൽ സ്ഥലം ഏറ്റെടുത്തിട്ടുമില്ല. 

മൂവാറ്റുപുഴയിൽ കുരുക്ക് പലവിധം 

പുനലൂർ– മൂവാറ്റുപുഴ റോഡിന്റെയും എംസി റോഡിന്റെയും സംഗമ സ്ഥാനമാണു മൂവാറ്റുപുഴ പിഒ ജംക്‌ഷൻ. ഇതിനു സമീപം മൂവാറ്റുപുഴ– പണ്ടപ്പിള്ളി– കൂത്താട്ടുകുളം റോഡ‍ും മൂവാറ്റുപുഴ– പിറവം റോഡും ചേരുന്നു. ഇവിടെ നിന്നെല്ലാം വാഹനങ്ങൾ പിഒ ജംക്‌ഷൻ മുതൽ വെള്ളൂർകുന്നം ജംക്‌ഷൻ വരെ തിങ്ങിയാണു കടന്നുപോകുക. വെള്ളൂർകുന്നം കവലയിലാണു കൊച്ചി– ധനുഷ്കോടി പാതയും എംസി റോഡും ചേരുന്നത്. യാത്രക്കാർ പിഒ ജംക്‌ഷനിൽ നിന്നു വെള്ളൂർകുന്നം കവല വരെ എത്താൻ നീണ്ട സമയം കുരുക്കിൽപെട്ട സംഭവങ്ങളുണ്ട്. 

അനധികൃത പാർക്കിങ്, നീളുന്ന നഗരപാതാ വികസനം, ബൈപാസ് റോഡുകൾ പൂർത്തിയാക്കുന്നതിലെ താമസം, റോഡ് കയ്യേറ്റം, ഗതാഗത നിയമ ലംഘനം, റോഡിലെയും മൂവാറ്റുപുഴ പാലത്തിലെയും കുഴികൾ എന്നിവ മൂവാറ്റുപുഴയെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. കുരുക്കിൽപെടുന്ന നഗരം വ്യാപാര മാന്ദ്യവും നേരിടുന്നു. വാഴപ്പിള്ളി, പായിപ്ര കവല എന്നിവിടങ്ങളിലും കുരുക്കു രൂക്ഷമാണ്. എംസി റോഡിലെ ഏറ്റവും വീതികുറഞ്ഞ ജംക്‌ഷനുകളിൽ ഒന്നാണു പായിപ്ര കവല. 

പെരുമ്പാവൂരിനെ ചുറ്റിവരിഞ്ഞ് 

എംസി റോഡിൽ പെരുമ്പാവൂർ ടൗണിൽ കുരുക്കു രൂപപ്പെടുന്ന പ്രധാന സ്ഥലം കാലടി സിഗ്നലിനു സമീപമാണ്. ആലുവ– മൂന്നാർ റോഡും എംസി റോഡും ചേരുന്നിടത്താണു സിഗ്നൽ. മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ആലുവ ഭാഗത്തേക്കു തിരിയുന്നത് ഇവിടെയാണ്. ഇടത്തേക്കു തിരിയാൻ ഇവിടെ ഫ്രീ ലെഫ്റ്റ് ഇല്ല. അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഫ്രീ ലെഫ്റ്റ് ഭാഗത്തും നിർത്തുന്നതോടെ ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു പോകാൻ കഴിയില്ല.

കുരുക്കും മുറുകും. വട്ടയ്ക്കാട്ടുപടിയിൽ വലിയ വാഹനങ്ങൾ പാതയോരത്തു പാർക്ക് ചെയ്യുന്നതും റോഡിലേക്കു കയറ്റി തിരിക്കുന്നതും വാഹനക്കുരുക്കിനു കാരണമാകുന്നുണ്ട്. പെരുമ്പാവൂർ ടൗണിൽ എഎം റോഡ്, എംസി റോഡ്, പിപി റോഡ് എന്നിവയാണു പ്രധാന പാതകൾ. ബദൽ മാർഗങ്ങൾ ഇല്ലാത്തതിനാൽ ഏതെങ്കിലും റോഡിൽ കുരുക്കായാൽ ആകെ വലയും. 

കാലടി കടക്കാൻ പെടാപ്പാട് 

എംസി റോഡ്, മലയാറ്റൂർ, ആലുവ റോഡുകളും കൂടിച്ചേരുന്ന ജംക്‌ഷനാണു കാലടി ടൗൺ. ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാറി മറ്റൂർ ജംക്‌ഷനിലാണു കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയുള്ള റോഡ് ചേരുന്നത്. കാലടിയിലെ കുരുക്ക് ഈ റോഡുകളെയെല്ലാം വലയ്ക്കും. കാലടി പാലത്തിൽ കുഴികൾ കൂടിയാൽ ഇവിടെ കുരുക്കു കൂടും. മറ്റൂരിലും ഗതാഗതക്കുരുക്കുണ്ട്. എംസി റോഡിനെയും കാലടി- മലയാറ്റൂർ റോഡിനെയും ബന്ധിപ്പിക്കുന്ന മറ്റൂർ- ചെമ്പിശേരി- കൈപ്പട്ടൂർ‍ റോഡ് വീതി കൂട്ടി നവീകരിച്ചതാണ്. 

അതോടെ മലയാറ്റൂർ, മഞ്ഞപ്ര മേഖലയിൽനിന്ന് ഈ റോഡ് വഴിയുള്ള തിരക്കുകൂടി. ഈ റോഡിൽനിന്നും വിമാനത്താവളം റോഡിൽ നിന്നുമുള്ള വാഹനങ്ങൾ മറ്റൂർ ജംക്‌ഷനിൽ എത്തുന്നതോടെ അവിടെ കുരുക്കാകും. മറ്റൂർ ജംക്‌ഷനിൽ 2 മാസം മുൻപ് സിഗ്നൽ സ്ഥാപിച്ചെങ്കിലും അശാസ്ത്രീയ സമയ ക്രമീകരണംമൂലം പ്രവർത്തനം മുടങ്ങി. 2 ഗാർഡുമാരെ നിയോഗിച്ചാണ് ഇപ്പോൾ ഗതാഗത നിയന്ത്രണം. മറ്റൂർ– മരോട്ടിച്ചോട് ഭാഗം സ്ഥിരം അപകട കേന്ദ്രമാണ്. വാഹനങ്ങളുടെ അമിത വേഗമാണു പ്രധാന കാരണം. എന്നിട്ടും ഈ ഭാഗത്തു ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ല. 

കൂനിൻമേൽ ‘കുരു’ക്കായി കാലടി പാലം

കാലടി ശ്രീശങ്കര പാലത്തിൽ ‘മാന്ത്രികക്കുഴികളാണ്’. എത്ര മൂടിയാലും വീണ്ടും പൊളിയും; വർഷങ്ങളായുള്ള ‘അദ്ഭുത പ്രതിഭാസം’. പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗങ്ങളിലും പാലത്തിലും ടാറിങ് അടർന്നു വിള്ളൽ ഉണ്ടാകും. ഇതിൽ ഓരോ വാഹനങ്ങളും ചാടുമ്പോൾ കുരുക്കാകും. ഇതിനിടെ നിര തെറ്റിച്ചു വാഹനങ്ങൾ കയറിവരും. അതോടെ കുരുക്കു മുറുകും. കുഴികൾ ഇല്ലെങ്കിൽ ഇവിടെ കുരുക്ക് കുറയാറുണ്ട്. എന്നാൽ, ഇക്കാര്യത്തിലൊന്നും സ്ഥിരം പരിഹാരമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com