ADVERTISEMENT

ആലുവ∙ ദേശീയപാതയിൽ കമ്പനിപ്പടി യു ടേണിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരു വാഹനം പൂർണമായി തകർന്നു. ഒരാൾക്കു പരുക്കേറ്റു. രാവിലെ 8.35നാണ് സംഭവം. എറണാകുളം റോഡിൽ നിന്ന് ആലുവ റോഡിലേക്കു യു ടേൺ എടുത്ത ലോറിയിൽ എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന വാൻ ആണ് ആദ്യം ഇടിച്ചത്. വാനിന്റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു. ഇരു വാഹനങ്ങളുടെയും ഇടയിൽ പെട്ടു വാൻ തകർന്നു. വാനിൽ ഉണ്ടായിരുന്ന ചോറ്റാനിക്കര കരിഞ്ഞാക്കരകാട്ടിൽ സി.എസ്. ബാബുവിനെ (58) വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തു. തലയിലും കാലിലും മുറിവുണ്ട്. ബാബുവിനെ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ 45 മിനിറ്റ് ഗതാഗതം സ്തംഭിച്ചു. ക്രെയിൻ ഉപയോഗിച്ചു വാൻ നീക്കിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.  

 അമിത വേഗവും അനധികൃത പാർക്കിങ്ങും

ദേശീയപാതയിൽ പുളിഞ്ചോട് മുതൽ മുട്ടം വരെ ജീവൻ കയ്യിൽ പിടിച്ചാണു ജനങ്ങളുടെ യാത്ര. വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാർക്കിങ്ങും നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്നു. പുളിഞ്ചോടിനും മുട്ടത്തിനും ഇടയിൽ 3 കിലോമീറ്ററിനുള്ളിൽ 9 യു ടേണുകൾ ഉണ്ട്. ഇവിടെയൊന്നും മുന്നറിയിപ്പു ബോർഡുകളോ സിഗ്നൽ സംവിധാനമോ ഇല്ല. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ യു ടേണിനു മുന്നിൽ എത്തുമ്പോഴാണ് അവിടെ വളവു തിരിയാൻ കാത്തുകിടക്കുന്ന വാഹനങ്ങൾ കാണുക. പെട്ടെന്നു വെട്ടിച്ചു തിരിച്ചാൽ അപകടം തീർച്ചയാണ്.

മിക്കവാറും ഏതെങ്കിലും വാഹനത്തിലായിരിക്കും ചെന്നിടിക്കുക. അല്ലെങ്കിൽ റോഡ് കുറുകെ കടക്കാൻ കാത്തുനിൽക്കുന്നവരുടെ ദേഹത്തു കയറും. ദേശീയപാതയുടെ ഇരുഭാഗത്തും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതാണു മറ്റൊരു പ്രശ്നം. മൂന്നാഴ്ച മുൻപു ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ ദാറുസ്സലാം സ്വദേശി നബീസയെ കാർ ഇടിച്ചു തെറിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് അവർ. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വാഹനത്തിരക്കു മൂലം പലപ്പോഴും പത്തോ പതിനഞ്ചോ മിനിറ്റ് എടുത്താണു മറുവശത്ത് എത്തുന്നത്. 

4 മാസം മുൻപു മുട്ടം തൈക്കാവിനു സമീപം കടയിൽ ചായ കുടിച്ച് ഇരുന്നവരുടെ ഇടയിലേക്കു കാർ പാഞ്ഞു കയറി എടത്തല സ്വദേശി മരിച്ചു. വെള്ളിയാഴ്ച അമ്പാട്ടുകാവിൽ ട്രെയ്‌ലർ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. ആളുകൾ റോഡ് കുറുകെ കടക്കുന്ന പ്രധാന പോയിന്റുകളിൽ ഫുട്‌ഓവർ ബ്രിജ് നിർമിക്കുകയും ട്രാഫിക് വാർഡനെ നിയമിക്കുകയോ വേണമെന്നു ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക് എന്നിവർ ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com