ഗാന്ധിയോർമകൾ നെഞ്ചിൽ ചേർത്ത പരമേശ്വരൻ മൂത്തത്

Mail This Article
കൊച്ചി ∙ മഹാത്മാ ഗാന്ധിയെ കണ്ട്, ആ കൈകളിൽ പിടിച്ച ഓർമകൾ എന്നും സജീവമായിരുന്നു നെന്മനശേരി ഇല്ലത്ത് ഇ.പി.പരമേശ്വരൻ മൂത്തതിന്. ആ ഓർമകളിൽ പരമേശ്വരൻ മൂത്തത് സബർമതി ആശ്രമത്തിലും രാജ്ഘട്ടിലുമെത്തി. അങ്ങനെ ജീവിച്ച അദ്ദേഹത്തിന്റെ വിയോഗം ഗാന്ധിജയന്തി ദിനത്തിന്റെ തലേ ദിവസമായിരുന്നു. മുൻപു പരമേശ്വരൻ മൂത്തത് കുട്ടിയായിരുന്നപ്പോൾ ഗാന്ധിജി എറണാകുളത്തു വന്നതു വീട്ടുകാർ പറഞ്ഞ് അറിഞ്ഞിരുന്നു. എന്നാൽ, കാണാൻ പോകാൻ അനുവാദമില്ലാത്ത കാലമായിരുന്നു. കൊച്ചി എസ്ആർവി സ്കൂളിൽ പഠിക്കുന്ന കാലത്താണ് പിന്നെ, ഗാന്ധിജി നാട്ടിൽ വന്ന കാര്യം പരമേശ്വരൻ അറിഞ്ഞത്.
ഇന്നത്തെ കണയന്നൂർ താലൂക്ക് ഓഫിസിനു മുന്നിലെ ബോട്ട് ജെട്ടിയിലാണ് അന്നു ഗാന്ധിജി വന്നത്. വീട്ടിൽനിന്നും സ്കൂളിൽ നിന്നും അനുവാദം വാങ്ങാതെയാണ് കാണാൻ പോയത്. ആളുകൾക്കിടയിലൂടെ ഗാന്ധിജിയെ ആദ്യം തൊട്ടു. ബോട്ടിലേക്കു കയറാൻ നടക്കുന്നതിനിടെയാണു ഗാന്ധിജിയുടെ കയ്യിൽ പിടിച്ചത്. പരമേശ്വരന്റെ നേരെ നോക്കി ഗാന്ധിജി പുഞ്ചിരിക്കുകയും ചെയ്തു. അക്കാലത്ത് ഇതൊന്നും ആരോടും പറഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞാണ് പരമേശ്വരൻ മൂത്തത് സംഭവമെല്ലാം പുറത്തു പറഞ്ഞത്. പരമേശ്വരൻ മൂത്തതിന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷവേളയിൽ ആശംസ അറിയിച്ചതിൽ സച്ചിൻ തെൻഡുൽക്കറും ഉണ്ടായിരുന്നു. കോവിഡ് കാലത്ത് നേരിൽ കാണാൻ കഴിയാത്തതിനാൽ ആശംസാ വിഡിയോ തയാറാക്കി അയയ്ക്കുകയായിരുന്നു സച്ചിൻ.