ADVERTISEMENT

ആലുവ∙ പ്ലസ് ടുവിനു പഠിക്കുന്ന പയ്യനോട് എന്തു സമ്മാനം വേണമെന്നു വീട്ടുകാർ ചോദിച്ചാൽ യാത്രയ്ക്കൊരു ബൈക്ക് എന്നാകും മിക്കവാറും പേരുടെ മറുപടി. തോട്ടയ്ക്കാട്ടുകര സ്വദേശി ജോർജ് ആലപ്പാട്ട് പക്ഷേ, മാതാപിതാക്കളോടു ചോദിച്ചത് ഒരു കുതിരയെ വാങ്ങിത്തരാമോ എന്നാണ്. കളമശേരി അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥനായ പിതാവ് ഡയസും മാതാവ് ജെന്നിയും മകന്റെ ആഗ്രഹം എതിർപ്പൊന്നും പറയാതെ സാധിച്ചു കൊടുത്തു. ഇന്നു പഠനത്തിനൊപ്പം കുതിരയെ വാടകയ്ക്കു നൽകി പണം സമ്പാദിക്കുകയാണു ജോർജ് (18). വിവാഹ ഫോട്ടോ ഷൂട്ടിനു 3000 രൂപയും സിനിമ, സീരിയൽ ഷൂട്ടിനു 4000 രൂപയുമാണു പ്രതിദിന വാടക.

താൽപര്യമുള്ളവരെ ഫീസ് വാങ്ങി കുതിര സവാരി പഠിപ്പിക്കാനും ജോർജ് തയാർ. മാള ഹോളി ഗ്രേസ് അക്കാദമിയിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ ജോർജിനെ അവിടത്തെ അധ്യാപകൻ നിസാർ ആണു കുതിര സവാരി പഠിപ്പിച്ചത്. ഗുജറാത്തിൽ നിന്ന് 70,000 രൂപയ്ക്കു 10 മാസം മുൻപു ജോർജ് പെൺകുതിരയെ വാങ്ങി, അധ്യാപകന്റെ സഹായത്തോടെ. ഇപ്പോൾ മൂന്നര വയസ്സ്. പേര് ലോറ. പഴയ ഉടമകളിട്ട പേരാണിത്. അതുമായി ലോറ  ഇണങ്ങിയതിനാൽ മാറ്റിയില്ല. കുതിരയെ പരിപാലിക്കാൻ പ്രതിദിനം 500 രൂപ ചെലവു വരും. അതു വാടകയിനത്തിൽ കിട്ടും. 2 പേർക്കു യാത്ര ചെയ്യാം.

ഹ്രസ്വ യാത്രകൾക്കാണ് ജോർജ് കുതിരപ്പുറത്തു പോകാറുള്ളൂ. ഇടയ്ക്ക് ആലുവ ഭാഗത്ത് ഒന്നു കറങ്ങും. പറവൂർ, അങ്കമാലി, കൊച്ചി എയർപോർട്ട് എന്നിവിടങ്ങളിലും കുതിരപ്പുത്തു പോകാറുണ്ട്. മണപ്പുറം ക്ഷേത്ര പരിസരം വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ ജോർജ് അവിടെ കുതിരപ്പുറത്തു സഞ്ചരിച്ചിരുന്നു. പെരിയാറിലാണു ദിവസവും ലോറയുടെ കുളി. ജോർജ് ഷാംപൂ തേച്ചു വിട്ടാൽ മതി. ലോറ തനിച്ചു മുങ്ങിക്കുളിച്ചു കരയിൽ തിരിച്ചെത്തും. ലോറയ്ക്കു 3 ഭാഷ കേട്ടാൽ മനസ്സിലാകും. ഹിന്ദി, മലയാളം, ഇംഗ്ലിഷ്. ഇവിടെ വരുമ്പോൾ ഹിന്ദി മാത്രമേ അറിയാമായിരുന്നുള്ളൂ. ബാക്കി രണ്ടും ജോർജ് പഠിപ്പിച്ചെടുത്തതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com