ADVERTISEMENT

മറ്റൂർ∙ മറ്റൂർ-കോളജ് റോഡ് കുഴിയും വെള്ളക്കെട്ടും ചെളിയുമായി സഞ്ചരിക്കാനാവാത്ത അവസ്ഥയിലായി. വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ഇവിടെ ഈ അവസ്ഥയിലായത്. റോഡിൽ കപ്പേള ഭാഗത്താണ് ദുരിതാവസ്ഥ. 9 ദിവസമായി വെള്ളം പാഴായി പോയിക്കൊണ്ടിരിക്കുന്നു.നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫിസിലേക്കു വിളിക്കുമ്പോൾ മിക്കവാറും ഫോൺ എടുക്കാറില്ല. ‘വാട്ടർ അതോറിറ്റിയിലേക്ക് സ്വാഗതം’ എന്ന സന്ദേശം മാത്രമാണ് കേൾക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. ഇടയ്ക്ക്‍ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി ലീക്ക് പരിഹരിക്കാൻ റോഡ് വെട്ടിപ്പൊളിച്ചു.

ഏറെ പരിശ്രമം നടത്തിയിട്ടും അവർക്ക് പൈപ്പിലെ പൊട്ടൽ കണ്ടെത്താനായില്ല. അവർ കുഴിച്ച സ്ഥലം മണ്ണിട്ടു നികത്തി തിരികെ പോയി. വെള്ളം പൂർവാധികം ശക്തിയിൽ ലീക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ മണ്ണു കുഴഞ്ഞ് ചെളിയായി. റോഡ് മുഴുവൻ അതു പരന്നു. നേരത്തെയുണ്ടായിരുന്ന കുഴികൾ വലുതായി. പല ഇരുചക്ര വാഹന യാത്രക്കാരും മറിഞ്ഞു വീണു. ശ്രീശങ്കര കോളജ്, ആദിശങ്കര എൻജിനീയറിങ് കോളജ്, ആദിശങ്കര ട്രെയ്നിങ് കോളജ്, ശ്രീശാരദ വിദ്യാലയ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിനു വിദ്യാർഥികൾ സഞ്ചരിക്കുന്ന വഴിയാണിത്. കാൽ നടയായി വിദ്യാർഥികൾക്കു പോകുവാൻ കഴിയുന്നില്ല. വാഹനങ്ങൾ പോകുമ്പോൾ വെള്ളവും ചെളിയും തെറിക്കും. എന്നാൽ വാട്ടർ അതോറിറ്റി അധികൃതർ ഇപ്പോഴും അനങ്ങാപ്പാറ നയം തുടരുകയാണ്.

മറ്റൂരിൽ ഫാർമേഴ്സ് ബാങ്കിനു മുന്നിലും പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് അനേകം നാളുകളായി. എന്നാൽ ഇവിടെ വെള്ളം നേരെ കാനയിലേക്കാണ് ഒഴുകുന്നത് എന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ല. വാട്ടർ അതോറിറ്റിയുടെ കാലടിയിലെ പമ്പ് ഹൗസിൽ നിന്നു പൊതിയക്കരയിലെ ജലസംഭരണ ടാങ്കിലേക്കു പോകുന്ന പൈപ്പാണ് രണ്ടിടത്തും പൊട്ടി വെള്ളം പാഴാകുന്നത്. കാലടിയിലും പരിസര പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കുമ്പോഴാണ് വെള്ളം പാഴായി പോകുന്ന അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com