ADVERTISEMENT

കൊച്ചി ∙ മരിയാർപുതമെന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് കുളച്ചൽ പോണംകാട് വെസ്റ്റ് നെയ്യൂർ വാരിവിളയിൽ മരിയ അർപുതം ജോൺസൺ (54) മോഷണശ്രമത്തിനിടെ വീണ്ടും പൊലീസ് പിടിയിൽ. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണു കലൂർ കതൃക്കടവ് കാട്ടാക്കര റോഡ് ഈസ്റ്റ് നെടുങ്ങോരപ്പറമ്പ് ലെയിനിലെ ദിനേശന്റെ വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെ പിടിയിലായത്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശി കന്തസ്വാമി  ഉണർന്നു ബഹളം വച്ചതാണു മരിയാർപുതത്തെ കുടുക്കിയത്. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ മരിയാർപുതത്തെ പിടികൂടി കെട്ടിയിട്ട ശേഷം പൊലീസിനു കൈമാറുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കന്തസ്വാമിയെ പ്രതി വാക്കത്തി കൊണ്ടു വെട്ടി പരുക്കേൽപിക്കുകയും ചെയ്തു.

കലൂർ ഇഗ്നോ ഓഫിസിലെ കംപ്യൂട്ടർ എൻജിനീയറായ കന്തസ്വാമിയുടെ തലയ്ക്കു മൂന്നു തുന്നലുണ്ട് സമീപത്തെ മൂന്നു വീടുകളിൽ പ്രതി മോഷണശ്രമം നടത്തിയെങ്കിലും ട്രിപ്പിൾ ലോക്കിട്ടു പൂട്ടിയിരുന്നതിനാൽ തുറക്കാനായില്ല. വധശ്രമത്തിനും കവർച്ചയ്ക്കും മരിയാർപുതത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരുന്നൂറിലേറെ കേസുകളിലെ പ്രതിയാണു മരിയാർപുതം. ഇതിൽ മിക്കതിലും ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം മോഷണം നടത്തുന്ന മരിയാർപുതം ഇക്കുറിയും പതിവു തെറ്റിച്ചില്ല.

ഇയാൾ ജയിലിൽ നിന്നിറങ്ങിയാൽ പൊലീസും നോർത്ത് സ്റ്റേഷൻ പരിധിയിലെ നാട്ടുകാരും ജാഗ്രതയിലാകാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തു മോഷ്ടാക്കളുടെ ശല്യമുള്ളതിനാൽ നാട്ടുകാർ സ്ക്വാഡ് രൂപീകരിച്ചിരുന്നു. പൊലീസിന്റെയും റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി ഇയാളെ കുടുക്കാനുള്ള ശ്രമങ്ങൾ മുൻപും നടന്നിട്ടുണ്ട്. പ്രതി ജയിലിൽ നിന്നിറങ്ങിയെന്നറിഞ്ഞാൽ വാട്സാപ് ഗ്രൂപ്പുകൾ സജീവമാകും. അവയിലൂടെ പുതിയ ചിത്രങ്ങളടക്കം പ്രചരിപ്പിക്കാറുള്ളതിനാൽ പ്രദേശത്തുള്ളവർക്കെല്ലാം പ്രതിയുടെ മുഖവും രീതികളും കാണാപ്പാഠമാണ്. ഇന്നലെയും പിടികൂടിയ നിമിഷം തന്നെ കയ്യിലുള്ള മോഷ്ടാവ് മരിയാർപുതമാണെന്നു നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. 

ബഹളം കേട്ടുണർന്നു; കണി മരിയാർപുതം

‘നീ ഇങ്കെ എതുക്ക് വന്തേ? എപ്പടി ഉള്ളെ വന്തേ?’ അയൽവീട്ടിൽ നിന്ന് രാത്രി 2.30ന് അലർച്ച പോലെ ഈ ചോദ്യം കേട്ടാണു ധനലക്ഷ്മി ഉണർന്നത്. ജനാല തുറന്നു നോക്കിയപ്പോൾ കാണുന്നതു രക്ഷപ്പെടാൻ ശ്രമിക്കുന്ന മരിയാർപുതത്തിന്റെ ഇടത്തേ കയ്യിൽ പിടിച്ചു നിർത്തിയിരിക്കുന്ന അയൽവാസിയായ തമിഴ്നാട് സ്വദേശിയെ. തന്റെ വീട്ടിൽ വെളിച്ചം തെളിഞ്ഞതു കണ്ടതോടെ മരിയാർപുതം കയ്യിലിരുന്ന വാക്കത്തി കൊണ്ട് അയൽവാസിയുടെ തലയ്ക്കു വെട്ടുന്നതാണു പിന്നെ കണ്ടത്. വെട്ടുകൊണ്ട അയൽവാസി വെപ്രാളത്തിൽ മരിയാർപുതത്തിന്റെ കൈ കടിച്ചു പറിച്ചു.

ഇതോടെ ധനലക്ഷ്മി ഭർത്താവിനെയും കൂട്ടി വാതിൽ തുറന്നു പുറത്തേക്കോടിയെത്തുകയായിരുന്നു. അടുത്തുള്ള വീടുകളിൽ നിന്നുള്ള ഏതാനും ചെറുപ്പക്കാരും ശബ്ദം കേട്ടു വീട്ടുമുറ്റത്തേക്കു പാഞ്ഞെത്തി. കയ്യും കാലും കെട്ടിയിട്ട ശേഷമാണു സംഭവം പൊലീസിനെ അറിയിച്ചത്. നാലു മിനിറ്റിനുള്ളിൽ നോർത്ത് പൊലീസ് സ്ഥലത്തെത്തി. മരിയാർപുതത്തെ കണ്ടയുടൻ പൊലീസ് ഉദ്യോഗസ്ഥൻ ‘ജോൺസണല്ലേടാ നീ, ഏതു ട്രെയിനിനാ വന്നത്’ എന്നു ചോദിച്ചപ്പോൾ താൻ ബസിലാണു വന്നതെന്നായിരുന്നു മരിയാർപുതത്തിന്റെ മറുപടിയെന്നും ധനലക്ഷ്മി പറയുന്നു.

രക്ഷപ്പെടുന്നത് തള്ളവിരലിൽ ഓടി

കാലിന്റെ തള്ള വിരലിൽ ഊന്നി ഓടാനുള്ള കഴിവാണ് ഇയാളെ വേഗത്തിൽ രക്ഷപ്പെടാൻ സഹായിക്കുന്നത്. ചെരിപ്പ് ഉപയോഗിക്കാത്ത പ്രതി തള്ളവിരൽ മാത്രം ഉപയോഗിച്ചു മതിലിലൂടെയും റെയിൽവേ ട്രാക്കിലൂടെയും ഓടി രക്ഷപ്പെടുന്നതിൽ അതിവിദഗ്ധനാണ്. രാത്രികളിൽ മാത്രം പുറത്തിറങ്ങി നടക്കുന്നതാണ് പതിവ്.  തമിഴ്നാട്ടിലെ കുളച്ചലിൽ നിന്ന് ഏഴാം വയസ്സിൽ ആക്രി പെറുക്കുന്നതിനു കൊച്ചിയിലെത്തിയതാണ്.

ദീർഘമായ ഇടവേളകളിട്ടു മാത്രം മോഷ്ടിക്കുന്നതാണു പതിവ്. മോഷ്ടിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ മുകളിൽ കയറിപ്പറ്റി മുകളിലെ വാതിൽ പൊളിച്ച് അകത്തു കടന്നു മോഷണം നടത്തും. മോഷണ ശേഷം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ കയറി സ്ഥലം വിടും. ലഭിച്ച പണം തീർന്നു കഴിയുമ്പോൾ അടുത്ത മോഷണത്തിനു നോർത്ത് സ്റ്റേഷൻ പരിധിയിൽ തന്നെ എത്തും. സ്ത്രീകൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ കയറി മോഷ്ടിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നതും പതിവാണ്. 

കമ്പിപ്പാരയോ വെട്ടുകത്തിയോ ആണ് ഇഷ്ട ആയുധങ്ങൾ. ഇന്നലെയും കയ്യിൽ വാക്കത്തിയും ഏണിപ്പടിക്കു താഴെ കമ്പിപ്പാരയും സൂക്ഷിച്ച ശേഷമാണു മോഷണത്തിനു തുനിഞ്ഞത്. വാതിൽ തുറക്കാൻ സ്ക്രൂ ഡ്രൈവറും ഉപയോഗിച്ചു. ആക്രി പെറുക്കി നടന്നുള്ള പരിചയം ഉള്ളതിനാൽ വഴികൾ മനഃപ്പാഠമാണ്. 2018ലാണു മരിയാർപുതം ഇതിനു മുൻപ് അറസ്റ്റിലായത്. 2020ൽ ജയിൽ മോചിതനായപ്പോഴും നോർത്ത് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിരുന്നു. 2008, 2012, 2017 എന്നീ വർഷങ്ങളിലും പിടിയിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com