ADVERTISEMENT

കൂത്താട്ടുകുളം∙ ചമ്പമല വെങ്കുളത്ത് ടാർ മിക്സിങ് പ്ലാന്റ് വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇലഞ്ഞി പഞ്ചായത്ത് നാലാം വാർഡിലും നഗരസഭ ഡിവിഷൻ പതിനെട്ടിലുമായാണ് പ്ലാന്റ് വരുന്നത്. പ്ലാന്റിനു സമീപം ഒട്ടേറെ വീടുകളും അങ്കണവാടിയും ഉണ്ട്. ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് നിർമാണത്തിന് അനുവദിച്ചിരിക്കുന്ന സ്ഥലവും കടമ്മാറ്റുതാഴം കുടിവെള്ള പദ്ധതിയുടെ ടാങ്കും വെള്ളത്തിനായി പ്രദേശവാസികൾ ആശ്രയിക്കുന്ന വെങ്കുളം കുളവും പ്ലാന്റ് വരുന്ന സ്ഥലത്തിനു സമീപമാണ്.

വായു മലിനീകരണത്തെ തുടർന്ന് മാരക രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പരിസരവാസികളുടെ ആശങ്ക. വ്യവസായ മേഖലയിൽ ഉൾപ്പെടാത്ത സ്ഥലത്താണ് പ്ലാന്റ് നിർമാണം എന്നും ആക്ഷേപമുണ്ട്. പ്ലാന്റിലേക്കുള്ള മെഷീനുകൾ സ്ഥലത്ത് എത്തിച്ചു കഴിഞ്ഞു. പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റിന് അനുമതി നൽകുന്നത്. ജനങ്ങളുടെ ആശങ്ക മുൻനിർത്തി ഇലഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിനു കെട്ടിട നിർമാണത്തിനും മെഷീനുകൾ സ്ഥാപിക്കുന്നതിനും ഉള്ള അനുമതി നിഷേധിച്ചു. എന്നാൽ മാനദണ്ഡങ്ങൾ പരിശോധിച്ച് പഞ്ചായത്ത് സെക്രട്ടറി പ്ലാന്റിന് അനുകൂല റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് വിവരം.

റസിഡൻഷ്യൽ ബിൽഡിങ് നിർമിക്കുന്നതിനുള്ള അനുമതി മാത്രമാണ് കൂത്താട്ടുകുളം നഗരസഭ നൽകിയത് എന്ന് സെക്രട്ടറി പറഞ്ഞു.  ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലെന്ന് കൗൺസിലർ പി.ജി.സുനിൽ കുമാർ ആരോപിച്ചു. മൂന്നര വർഷം മുൻപ് പ്ലാന്റ് ആരംഭിക്കുന്നതിനുള്ള നീക്കം നടത്തിയിരുന്നെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിർത്തി വച്ചു. ഇപ്പോൾ വീണ്ടും ടാർ മിക്സിങ് പ്ലാന്റിനുള്ള നീക്കങ്ങൾ സജീവമാകുമ്പോൾ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

അഞ്ച് കിലോമീറ്ററിൽ 2 ടാർ മിക്സിങ് പ്ലാന്റ്

ഇലഞ്ഞി∙ വെങ്കുളത്ത് പ്ലാന്റ് നിർമാണം പൂർത്തിയായാൽ 5 കിലോമീറ്ററിനുള്ളിൽ 2 ടാർ മിക്സിങ് പ്ലാന്റുകളാകും. ഇപ്പോൾ കൂര് മലയിൽ  പ്രവർത്തിക്കുന്ന പ്ലാന്റിനെതിരെ നാട്ടുകാരുടെ വ്യാപക പരാതിയുണ്ട്. ഇലഞ്ഞി പഞ്ചായത്ത് രണ്ടാം വാർഡിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിനു സമീപം 13 കുടുംബങ്ങൾ താമസിക്കുന്നു. പ്ലാന്റിൽ നിന്നുയരുന്ന പുക ശ്വസിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അലർജി എന്നിവ കൊണ്ടു ബുദ്ധിമുട്ടുകയാണ് പരിസരവാസികൾ. കാൻസർ രോഗികളും പ്രദേശത്തുണ്ട്. കൂലിപ്പണി കൊണ്ട് ഉപജീവനം കഴിയുന്ന ഇവർക്ക് മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണ്. ഇതിനിടെയാണ് ഏതാനും കിലോമീറ്റർ മാത്രം ദൂരെ മറ്റൊരു ടാർ മിക്സിങ് പ്ലാന്റ് കൂടി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com