ADVERTISEMENT

കളമശേരി ∙ കുസാറ്റ് ക്യാംപസിൽ റോഡരികിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമാണം ആരംഭിച്ച കാനകൾ മണ്ണിട്ടു നികത്താനുള്ള ശ്രമം കോൺഗ്രസ്–യൂത്ത്കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പോസ്റ്റ് ഓഫിസിനു സമീപം വർഷങ്ങളായി നിർമാണം സ്തംഭിച്ചു കിടക്കുന്ന ഒരു മീറ്ററോളം ആഴമുള്ള കോൺക്രീറ്റ് കാനകളാണ് ഇന്നലെ മണ്ണിട്ടു മൂടാൻ ശ്രമിച്ചത്. കുസാറ്റ് ക്യാംപസിൽ കിഫ്ബി ഫണ്ടുപയോഗിച്ചു ആർബിഡിസിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കോടിക്കണക്കിനു രൂപയുടെ നിർമാണങ്ങളുടെ ഭാഗമായിരുന്നു കാന നിർമാണവും. ലാബ് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഇന്റർനാഷനൽ ഗെസ്റ്റ് ഹൗസ് എന്നിവയുടെയെല്ലാം നിർമാണം സ്തംഭിച്ചിരിക്കുകയാണ്.

ernakulam-staff-quarters-building
കുസാറ്റിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സ് മന്ദിരം പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള കേന്ദ്രമായി മാറിയപ്പോൾ.

ഇന്റർനാഷനൽ ഗെസ്റ്റ് ഹൗസിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗം മാലിന്യം തള്ളുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. പണി തീരാതെ കിടക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ഒരുഭാഗം പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഇടമായും ഉപയോഗിക്കുന്നു. നിർമാണം ഏറ്റെടുത്ത കരാറുകാരനുമായി നിയമ തർക്കം നിലനിന്നിരുന്നു. നിർമാണം പുനരാരംഭിക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതിയോടെ 2 പ്രാവശ്യം റീ–ടെൻഡർ ചെയ്തുവെങ്കിലും ഒരാൾ മാത്രമാണു ടെൻഡറിൽ പങ്കെടുത്തത്. കിഫ്ബിയുടെയും സർക്കാരിന്റെയും അനുമതി ലഭിക്കാത്തതിനാൽ ടെൻഡർ ഉറപ്പിച്ചു നൽകാനായിട്ടില്ല.

നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനക്ക് അപേക്ഷിച്ചിട്ടുള്ള കുസാറ്റിൽ ക്യാംപസ് സൗന്ദര്യവൽക്കരണ ജോലികൾ നടക്കുകയാണ്. ഇക്കാരണത്താലും കുട്ടികൾ അപകടത്തിൽ പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയും കുസാറ്റിന്റെ ആവശ്യപ്രകാരം കാനകൾ മൂടുന്നതിനു അനുമതി നൽകിയിരുന്നതായി ആർബിഡിസി അധികൃതർ പറഞ്ഞു. നിർമാണം തുടങ്ങുമ്പോൾ കാനകളിലെ മണ്ണ് നീക്കം ചെയ്തു ജോലി പുനരാരംഭിക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.

കാനയുടെ കോൺക്രീറ്റ് ചെയ്യാതിരുന്ന ശേഷിക്കുന്ന ഭാഗം വർഷങ്ങൾക്കു മുൻപ് മണ്ണിട്ടു മൂടിയിരുന്നു. കിഫ്ബി ഫണ്ട് ധൂർത്തടിക്കുകയാണെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ്, മണ്ഡലം പ്രസിഡന്റ് പി.എം.നജീബ്, യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ കരീം, മണ്ഡലം പ്രസിഡന്റ് റസീഫ് അടമ്പയിൽ, മധു പുറക്കാട്, എം.എ.വഹാബ് എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി. പ്രതിഷേധത്തെത്തുടർന്നു കാന മൂടുന്ന ജോലികൾ അധികൃതർ നിർത്തിവച്ചുവെങ്കിലും അപകടം ഒഴിവാക്കുന്നതിനുള്ള മുന്നറിയിപ്പുകളൊന്നും സ്ഥാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com