ADVERTISEMENT

കൊച്ചി∙ മലയാളത്തിന്റെ അക്ഷര ശ്രീകോവിലിൽ കുരുന്നുകൾ തൊട്ടറിഞ്ഞത് അറിവിന്റെ പുണ്യം. മലയാള മനോരമ കൊച്ചിയിൽ ഒരുക്കിയ വിദ്യാരംഭച്ചടങ്ങിൽ 5 ജോടി ഇരട്ടകൾ ഉൾപ്പെടെ 420 കുരുന്നുകൾ അക്ഷരാമൃതം നുകർന്നു. രാവിലെ 6.30ന് ആരംഭിച്ച വിദ്യാരംഭം 10 വരെ നീണ്ടു. നിറപറയും അധ്യാത്മരാമായണവും എഴുത്തോലയും പുണ്യം പകർന്ന വേദിയിലെ നിലവിളക്കിൽ ആദ്യതിരിക്ക് അഗ്നിപകർന്നു പ്രഫ.എം.കെ.സാനു ചടങ്ങുകൾക്കു തുടക്കമിട്ടു.

ernakulam-vidyarambham-scenes
1- കൊച്ചി മനോരമയിലെ വിദ്യാരംഭച്ചടങ്ങിൽ പ്രഫ എം.കെ. സാനുവിന്റെ കാൽതൊട്ടു വന്ദിക്കുന്ന ഭാഗവതാചാര്യൻ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്. വെൺമണിയുടെ അധ്യാപകൻ കൂടിയാണ് എം.കെ. സാനു. 2- എഴുതും മുൻപ് ഒന്നൊരുങ്ങട്ടെ: കൊച്ചി മലയാള മനോരമയിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുട്ടിയെ മാതാപിതാക്കൾ കുഞ്ഞു മുണ്ട് ഉടുപ്പിക്കുന്നു.

തുടർന്നു ഗുരുക്കൻ‌മാരായ െഹെക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഭാഗവതാചാര്യൻ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്, സംഗീതജ്ഞനും അധ്യാപകനുമായ ഡോ. ശ്രീവത്സൻ ജെ. മേനോൻ, െഎജി പി.വിജയൻ, ഡോ.എം.ബീന, ശിശുരോഗ വിദഗ്ധൻ ഡോ. സച്ചിദാനന്ദ കമ്മത്ത്, ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം എന്നിവരും തിരിതെളിച്ചു. വിജ്ഞാനദേവതയുടെ അനുഗ്രഹം തേടി ശ്രീവത്സൻ ജെ.മേനോൻ ‘സരസ്വതി നമഃസ്തുഭ്യം, വരദേ കാമരൂപിണീ’ എന്ന ശ്ലോകം ചൊല്ലി. തുടർന്നു വിദ്യാരംഭത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം വ്യക്തമാക്കി പ്രഫ.സാനു സന്ദേശം നൽകി.

ernakulam-damodaran-namboothiri
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മേൽശാന്തി ഇ.പി. ദാമോദരൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.

‘അക്ഷരജ്ഞാനം െദെവികമായ അനുഗ്രഹം'

മനുഷ്യനെ സ്വർഗീയമായ മഹനീയതയിലേക്കു നയിക്കുന്നതിനു പര്യാപ്തമാണ് അക്ഷരം അഭ്യസിക്കുക എന്നത്. അക്ഷരം പഠിക്കുകയെന്നതു മനുഷ്യനു ദൈവികമായി ലഭിച്ചിട്ടുള്ള സിദ്ധികളിൽ ഒന്നാണ്. ഒരുപക്ഷേ, ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്ന രീതിയിൽ വിജ്ഞാനത്തെ വികസിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണ് അക്ഷരമാലയും അതു പഠിക്കുന്നതിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസവും. 51 അക്ഷരങ്ങളാകുന്ന ദേവിയുടെ കടാക്ഷം ‍ഞങ്ങൾക്കുണ്ടാകണം എന്നതാണ് ആദ്യ പ്രാർഥനതന്നെ.

ernakulam-photo-corner
കൊച്ചി മലയാള മനോരമയിൽ നടന്ന വിദ്യാരംഭം ചടങ്ങിനു ശേഷം സമീപത്ത് സജ്ജമാക്കിയിരുന്ന ഫോട്ടോ കോർണറിലെത്തി ചിത്രമെടുക്കുന്നവർ.

ധർമത്തിനു ദൈവികസ്പർശമുണ്ടെന്നാണെന്റെ വിശ്വാസം. എവിടെ നാം ധർമത്തിനായി സംസാരിക്കുന്നുവോ അവിടെ നമുക്കു ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുന്നു. ആ തരത്തിൽ തങ്ങളുടേതായ കർമപഥങ്ങളിൽ വ്യക്തിത്വ മഹനീയത കൈവരിച്ച വ്യക്തികളാണു മനോരമയുടെ വിദ്യാരംഭം പരിപാടികളിൽ കുട്ടികളെ ആദ്യാക്ഷരമെഴുതിക്കാൻ എത്തുന്നത്,പ്രഫ. എം.കെ. സാനു പറഞ്ഞു.

മഹാഗുരുവായി എം.കെ.സാനു

ചടങ്ങ് ആരംഭിക്കുന്നതിനു മുൻപുതന്നെ മലയാളത്തിന്റെ അക്ഷര ഗുരുനാഥൻ പ്രഫ.എം.കെ.സാനു സദസ്സിലെത്തി. മക്കളെ അനുഗ്രഹിക്കണമെന്ന മാതാപിതാക്കളുടെ ആദരപൂർണമായ അപേക്ഷ അദ്ദേഹം സ്വീകരിച്ചു. കുരുന്നുകളുടെ തലയിൽ ഗുരുശ്രേഷ്ഠന്റെ വാത്സല്യവും പ്രാർഥനയും നിറഞ്ഞ അനുഗ്രഹസ്പർശം. കുരുന്നുകളെ ആദ്യാക്ഷരമെഴുതിക്കാനെത്തിയ ഗുരുനാഥന്മാരും പ്രഫ.സാനുവിൽനിന്ന് അനുഗ്രഹം തേടി. വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. ശ്രീവത്സൻ ജെ. മേനോൻ, ഐജി പി.വിജയൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ കാൽതൊട്ടു തൊഴുതു.

caligraphy
മലയാള മനോരമ കോട്ടയം യൂണിറ്റിൽ ഗുരുവായിരുന്ന കലിഗ്രഫി കലാകാരൻ നാരായണ ഭട്ടതിരി, വേദിയിൽ ഇരുന്ന് വരച്ചത്.

മനോരമയിൽ ഗുരുശ്രേഷ്ഠരായി 69 പേർ

മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിലെ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരമെഴുതിച്ചത് പ്രമുഖ കലാകാരന്മാരും എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്ധരും ആധ്യാത്മിക രംഗത്തുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരുമായ 69 പേർ. 2002 ൽ മനോരമ പാലക്കാട് യൂണിറ്റിലെ വിദ്യാരംഭത്തിൽ ആദ്യാക്ഷരം എഴുതിയ ബി.കാവ്യയാണ് കോട്ടയത്ത് ഉദ്ഘാടനച്ചടങ്ങിൽ ദീപം കൈമാറിയത്. മനോരമ പത്രാധിപ സമിതിയിലെ പുതിയ അംഗമാണ് കാവ്യ.

വിവിധ യൂണിറ്റുകളിൽ ഗുരുക്കന്മാരായത് ഇവർ:

കോട്ടയം: ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, ഡോ. കെ.എൻ.രാഘവൻ, റോസ്മേരി, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ഷീന ഷുക്കൂർ, നാരായണ ഭട്ടതിരി, ജയിംസ് ജോസഫ്

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ, ഡോ. ജോർജ് ഓണക്കൂർ, ടി.പി.ശ്രീനിവാസൻ, ജേക്കബ് പുന്നൂസ്, സൂര്യ കൃഷ്ണമൂർത്തി

കൊല്ലം: നീലമന വി.ആർ.നമ്പൂതിരി, ഡോ. എ.അജയഘോഷ്, ഡോ. ബി.പത്മകുമാർ, പ്രഫ. പി.ഒ.ജെ.ലബ്ബ, ചവറ കെ.എസ്.പിള്ള

ആലപ്പുഴ: ജി.വേണുഗോപാൽ, വയലാർ ശരത്ചന്ദ്രവർമ, ഡോ. ടി.കെ.സുമ, ഡോ. പി.എം.മുബാറക് പാഷ

പത്തനംതിട്ട : ഡോ. അലക്സാണ്ടർ ജേക്കബ്, ബ്ലസി, ബെന്യാമിൻ, ഡോ. കെ.എസ്.രവികുമാർ, പി.എൻ.സുരേഷ്

കൊച്ചി : പ്രഫ. എം.കെ.സാനു, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. ശ്രീവത്സൻ ജെ.മേനോൻ, പി.വിജയൻ, ഡോ. എം.ബീന, ഡോ. സച്ചിദാനന്ദ കമ്മത്ത്, സിപ്പി പള്ളിപ്പുറം

തൃശൂർ: കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, പ്രഫ. പി.വി.കൃഷ്ണൻ നായർ, പ്രഫ. പി.ഭാനുമതി, പ്രഫ. എം.ഡി.രത്നമ്മ

പാലക്കാട് : ജസ്റ്റിസ് എം.എൻ.കൃഷ്ണൻ, കല്ലൂർ രാമൻകുട്ടി മാരാർ, ഡോ. സി.പി.ചിത്ര, ആഷാ മേനോൻ, ഡോ. കെ.ജി.രവീന്ദ്രൻ, ടി.ഡി.രാമകൃഷ്ണൻ

മലപ്പുറം: ഇ.െക.ഗോവിന്ദ വർമ രാജ, ടി.ബി.വേണുഗോപാലപ്പണിക്കർ, ഡോ. കെ.മുരളീധരൻ, ശ്രീഹരി ഗിരീഷ് നമ്പൂതിരി.

കോഴിക്കോട്: ഡോ. ബീന ഫിലിപ്, ഡോ. ജെ.പ്രസാദ്, കൽപറ്റ നാരായണൻ, എൻ.പി.ഹാഫിസ് മുഹമ്മദ്, പി.പി.ശ്രീധരനുണ്ണി

കണ്ണൂർ: ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ

ഡൽഹി: വിജയ് കെ.നമ്പ്യാർ, ജസ്റ്റിസ് ആശ മേനോൻ

മുംബൈ: ആനന്ദ് നീലകണ്ഠൻ, ജി.വി.ശ്രീകുമാർ.

ബെംഗളൂരു: എ.വി.എസ്.നമ്പൂതിരി, ശ്രീദേവി ഉണ്ണി.

ചെന്നൈ: ശരത്, ഗോപിക വർമ

ദുബായ്: ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ആസാദ് മൂപ്പൻ, ജോസ് പനച്ചിപ്പുറം

അക്ഷരമധുരം നുണഞ്ഞ് 5 ജോടി ഇരട്ടകൾ

വിദ്യാരംഭത്തോടനുബന്ധിച്ചു മനോരമയിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിനെത്തിയത് 5 ജോടി ഇരട്ടകൾ. കിർലോഷ്–ഗ്രീഷ്മ ദമ്പതികളുടെ മക്കളായ നിഹയും നിയയും ഡോ.എം ബീനയുടെ മടിയിൽ ഇരുന്ന് ആദ്യാക്ഷരം എഴുതി. അരിയിൽ ഹരിശ്രീ കുറിക്കുമ്പോൾ ചിണുങ്ങി കരഞ്ഞ നിയയെ നോക്കി ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ഭുതം നിറഞ്ഞ മിഴികളോടെ നിഹയും ആദ്യാക്ഷരം കുറിച്ചു. ഹരികൃഷ്ണൻ–ട്രേസി ദമ്പതികളുടെ മക്കളായ നിഹാലും നിഹാരയും, ഡാൽറ്റൻ–ഹിത ദമ്പതികളുടെ മക്കളായ ഡെറിലും ഡെനിലും, തൃപ്പുണിത്തുറ പുതിയകാവ് സ്വദേശികളായ വിപിൻ– നീതു ദമ്പതികളുടെ മക്കളായ എ.വി.ശ്രീഹരി–എ.വി.ലക്ഷ്മിശ്രീ എന്നിവരും, ഇലോൺ ജോർജ് ലെജിത്– എറിൻ മറിയം എന്നീ ഇരട്ടകളും വിദ്യാരംഭം കുറിച്ചു.

ഒന്നിച്ചിരുന്നെഴുതി സഹോദരങ്ങൾ

ചേച്ചിക്കും അനിയത്തിക്കും ആദ്യാക്ഷരം ഒരുവേദിയിൽ. സഹോദരിമാരായ അലംകൃത ശരതും അനന്യ ശരതും മനോരമയിൽ ഒരുമിച്ചിരുന്നാണ് ആദ്യാക്ഷരം എഴുതിയത്. കുണ്ടന്നൂർ സ്വദേശികളായ ദിവ്യ–ശരത്കുമാർ ദമ്പതികളുടെ മക്കളായ അലംകൃതയും അനന്യയും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമാണുള്ളത്. അച്ഛനമ്മമാർ ഷാർജയിലായതിനാൽ അമ്മൂമ്മ ‍‍ത്സാൻസിക്കും ചെറിയച്ഛൻ ശ്യാമിനും ഒപ്പമാണ് ഇവരുവരും എത്തിയത്.

ചിറ്റൂർ സ്വദേശികളായ ജോഡ്സൻ ലോപ്പസ്– ഡെനീറ്റ ദമ്പതികളുടെ മക്കളായ കാൻസ്റ്റിനോ ലോപ്പസും കാൻമറിനും ഒരു വേദിയിൽ ഒരുമിച്ച് ആദ്യാക്ഷരം എഴുതി. കോവിഡ് പ്രതിസന്ധി കാരണം വിദ്യാരംഭ ചടങ്ങുകൾ ഇല്ലാതിരുന്നതിനാൽ 4 വയസ്സുകാരനായ കാൻസ്റ്റിനോയ്ക്ക് ഔദ്യോഗികമായ എഴുത്തിനിരുത്തൽ ചടങ്ങ് ഉണ്ടായില്ല. അതിനാൽ മൂന്നു വയസ്സുകാരിയായ അനിയത്തിക്കൊപ്പം ചേട്ടനും ഹരിശ്രീ കുറിക്കാൻ എത്തുകയായിരുന്നു.

കളിചിരിയും കരച്ചിലും ഇടകലർന്ന്

കോവിഡ് കവർന്ന രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അക്ഷര ലോകത്തേക്കു പിച്ചവയ്ക്കാൻ കുരുന്നുകൾ മലയാള മനോരമയുടെ മുറ്റത്ത് എത്തിയപ്പോൾ തിരികെ വന്നുചേർന്നതു കുഞ്ഞുങ്ങളുടെ കളിചിരികളും കൊഞ്ചലുകളും കൂടിയാണ്. പുത്തൻ വസ്ത്രങ്ങൾ ധരിച്ചു രക്ഷിതാക്കളുടെ കൈപിടിച്ച് അക്ഷരം കുറിക്കാൻ എത്തിയവർ, വിദ്യാരംഭ വേദിയിലേക്കു കയറിയതോടെ പലവിധ ഭാവങ്ങളിലായി. ചിലർ ചിരിയോടെ ആദ്യാക്ഷരം കുറിച്ചപ്പോൾ, മറ്റു ചിലർ ചെറിയ പിണക്കമായി. കരച്ചിൽ കൂട്ടുപിടിച്ച ചിലർ മാതാപിതാക്കളെ കുറച്ചൊന്നു വലച്ചു.

ഗുരുക്കന്മാരുടെ കൈവിരലുകൾ മുറുകെപ്പിടിച്ചു തെല്ലു പിണക്കം കാണിച്ചവരുമുണ്ട്. എന്നാലും, ഗുരുക്കന്മാർ നൽകിയ മിഠായി മധുരത്തിൽ ഏറെപ്പേരും വാശി അലിയിച്ചുകളഞ്ഞു. ക്യാമറ ഫ്ലാഷുകളിലും കൂടെയെത്തിയവരുടെ മൊബൈൽ സെൽഫിയിലും കൗതുകം കണ്ട കുരുന്നുകളും ഉണ്ടായിരുന്നു. അരിയിലെ അക്ഷരമെഴുത്തും ഗുരുക്കന്മാർക്കുള്ള ദക്ഷിണ സമർപ്പണവും സമ്മാനങ്ങളുടെ വിശേഷങ്ങളും എല്ലാമായി വാതോരാതെ പങ്കുവച്ചു പലരും.

കുഞ്ഞനുജത്തി അരിയിൽ അക്ഷരം കുറിക്കുന്നതുകണ്ട ഒരു സഹോദരനും മോഹം, എനിക്കും എഴുതണം. ഗുരു കൈപിടിച്ച് അവനെയും എഴുതിച്ചു ‘ഹരിശ്രീ...’ കോവിഡ് മാനദണ്ഡങ്ങളോടെ നടന്ന വിദ്യാരംഭച്ചടങ്ങുകൾക്കു ശേഷം സമ്മാനമായി ലഭിച്ച ബാഗുകൾ തൂക്കി മൊബൈൽ ചിത്രങ്ങൾക്കു പോസ് ചെയ്ത ശേഷമായിരുന്നു ഏറെപ്പേരുടെയും മടക്കം; അറിവിന്റെ വഴികളിലേക്കു ചുവടുവയ്ക്കാൻ കുഞ്ഞുങ്ങൾക്കു കരുത്തുണ്ടാകേണമേ എന്ന പ്രാർഥനയോടെ രക്ഷിതാക്കളും.

സർട്ടിഫിക്കറ്റുകൾ

വിദ്യാരംഭം കുറിച്ച കുട്ടികളുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന ദിവസം പത്രത്തിലൂടെ അറിയിക്കും. അതനുസരിച്ചു പനമ്പിള്ളി നഗർ മലയാള മനോരമ ഓഫിസിലെത്തി കൈപ്പറ്റാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com