ADVERTISEMENT

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ബുധനാഴ്ച ഉണ്ടായ 2 സംഘട്ടനങ്ങളിൽ 4 കേസ്. ഇവയിൽ 2 കേസിൽ കുസാറ്റ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഹാരിസ് മെഹ്റൂഫ് അടക്കം 43 പേർക്കെതിരെ വധശ്രമമാണ് ചുമത്തിയിട്ടുള്ളത്. 4 പേരെ അറസ്റ്റ് ചെയ്തു. സ്റ്റുഡന്റ് കമ്യൂണിറ്റി പ്രവർത്തകരായ മലപ്പുറം പുറമണ്ണ് പാറമ്മേൽ നിഹാൽ (20), പട്ടാമ്പി കോതേപ്പുറത്ത് നിതിൻ ശ്രീനിവാസ് (23), പാലക്കാട് എംഎ ലെയിനിൽ മുഹമ്മദ് സാബിത് (23), എസ്എഫ്ഐ പ്രവർത്തകൻ വടകര ഒഞ്ചിയം ഇല്ലക്കാട്ട് താഴേക്കുടിയിൽ അശ്വന്ത് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സഹാറ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി മെസ് സെക്രട്ടറി ഹാനി അറ്റയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് അപായപ്പെടുത്താനും മാരകമായി മുറിവേൽപിച്ചതിനുമാണു യൂണിയൻ ചെയർമാൻ അടക്കം 23 പേർക്കെതിരെ വധശ്രമ കേസ്. ലഹരിവിരുദ്ധ പ്രചാരണത്തിനോടുള്ള വിരോധം മൂലം തന്നെയും സഹപ്രവർത്തകരായ 4 പേരെയും കമ്പിവടിയും മദ്യക്കുപ്പികളും ഉപയോഗിച്ച് ആക്രമിച്ചുവെന്ന എസ്എഫ്ഐ പ്രവർത്തകൻ ടി.ജിതിന്റെ പരാതിയിൽ 20 സ്റ്റുഡന്റ് കമ്യൂണിറ്റി പ്രവർത്തകർക്കെതിരെയും വധശ്രമത്തിനു കേസ് എടുത്തിട്ടുണ്ട്. സ്കൂൾ ഓഫ് എൻജിനീയറിങ് ക്യാംപസിൽ വച്ചുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ കാക്കനാട് വാഴക്കാല മൂലേപ്പാടം മുഹമ്മദ് നയീമിനെ (23) ആക്രമിച്ച സംഭവത്തിൽ 11 പേർക്ക് എതിരെയും ഇതേ സംഭവത്തിൽ തന്നെ ആക്രമിച്ചുവെന്നു കാണിച്ചു കോട്ടയ്ക്കൽ സൗരവ് സാഗർ (21) നൽകിയ പരാതിയിൽ 7 പേർക്ക് എതിരെയുമാണ് കേസെടുത്തിട്ടുള്ളത്.

പൊലീസ് നടപടിയിൽ പ്രതിഷേധം

കുസാറ്റിന്റെ സഹാറ ഹോസ്റ്റലിൽ കയറി എസ്എഫ്ഐക്കാർ നടത്തിയ ആക്രമണത്തിൽ പൊലീസ് നടപടികളിലും പ്രതിഷേധം ഉയർന്നു. ആക്രമണം കഴി‍ഞ്ഞ് എസ്എഫ്ഐക്കാർ തിരിച്ചു പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ് നടത്തിയതെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു.

ഇതിനു തെളിവായി വിഡിയോ ദൃശ്യങ്ങളും അവർ കാണിച്ചു. 2 കാറിലാണ് എസ്എഫ്ഐക്കാർ എത്തിയത്. ഈ കാറുകൾ പൊലീസ് ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. സംഭവത്തിൽ എസ്എഫ്ഐക്കാരനായ ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റു 3 പേരും സ്റ്റുഡന്റ് കമ്യൂണിറ്റിയിലുള്ളവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com