ADVERTISEMENT

മൂവാറ്റുപുഴ∙ ഇതര സംസ്ഥാനക്കാരനായ പഴക്കച്ചവടക്കാരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നഗരസഭ കാര്യാലയത്തിലേക്കു മാർച്ച് നടത്തി. സ്ഥിരം സമിതി അധ്യക്ഷനായ പി.എം. അബ്ദുൽ സലാം അസഭ്യവർഷം നടത്തുന്ന ഓഡിയോ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണു ഡിവൈഎഫ്ഐയും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയത്. കൗൺസിലറുടെ മൊത്തക്കച്ചവട സ്ഥാപനത്തിൽ നിന്ന് പഴം വാങ്ങാത്തതിന്റെ പേരിൽ കിഴക്കേക്കരയിൽ ചില്ലറ വിൽപന നടത്തുന്ന അതിഥിത്തൊഴിലാളിയുടെ കടയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.

തൊഴിലാളിക്കു പിന്തുണയുമായി ഭരണപക്ഷ കൗൺസിലർ അജി മുണ്ടാടനും നാട്ടുകാരും എത്തിയതോടെയാണ് അബ്ദുൽ സലാം പിന്തിരിഞ്ഞത്. ഇതിനിടെ അജി മുണ്ടാടനും നാട്ടുകാർക്കും എതിരെ അസഭ്യം പറഞ്ഞെന്നാണ് ആക്ഷേപം. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ടൗൺ ജുമാ മസ്ജിദിന്റെ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്ന് അബ്ദുൽ സലാം രാജിവച്ചു. ജമാ അത്ത് കമ്മിറ്റിയിൽ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് രാജി നൽകിയത്. അധികാരത്തിന്റെ മറവിൽ സാധാരണക്കാർക്കു നേരെ പരസ്യമായി ബലപ്രയോഗവും ഭീഷണിയും മുഴക്കുന്ന കൗൺസിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് നഗരസഭ കാര്യാലയത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. ധർണ ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, കമ്മിറ്റി അംഗങ്ങളായ വിജയ് കെ. ബേബി, അഖിൽ പ്രകാശ്, ജഗൻ ജോഷി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com