ADVERTISEMENT

പറവൂർ ∙ ചേന്ദമംഗലം കൈത്തറി ഗ്രാമം പദ്ധതി പരമ്പരാഗത വ്യവസായമായ കൈത്തറിക്കു പുത്തൻ ഉണർവാകും. കൈത്തറിയുടെ ഈറ്റില്ലമായതിനാലാണു പദ്ധതിക്കായി ചേന്ദമംഗലം  തിരഞ്ഞെടുത്തത്. ഭൗമസൂചിക പദവി ലഭിച്ച ഉൽപന്നങ്ങൾ ചേന്ദമംഗലം കൈത്തറിക്കുണ്ട്. മുസിരിസ് പ്രദേശമായതിനാൽ ടൂറിസം സാധ്യതകളും പദ്ധതി ചേന്ദമംഗലത്ത് എത്താൻ സഹായകമായി. കൈത്തറി ഗ്രാമം യാഥാർഥ്യമാകുന്നതോടെ കൈത്തറി മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകും. ഷർട്ടുകളും ഡിസൈൻ സാരികളും ഇറക്കി കൈത്തറി മാറ്റത്തിനു തുടക്കമിട്ടു കഴിഞ്ഞു. 

പുതുതലമുറയെ ആകർഷിക്കുന്ന കൂടുതൽ ഡിസൈൻ വസ്ത്രങ്ങൾ ഒരുക്കുക എന്നതു പ്രധാന ലക്ഷ്യമാണ്.   യുവതലമുറയെ മേഖലയിലേക്ക് ആകർഷിക്കാനും തൊഴിലാളികൾക്കു മികച്ച വേതനം ലഭ്യമാക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.10 വർഷം മുൻപു വിഭാവനം ചെയ്ത പദ്ധതിക്കു തുടക്കമിടാൻ ഒട്ടേറെ തടസ്സങ്ങളുണ്ടായി. ചേന്ദമംഗലം ഗ്രാമത്തെ ആഴത്തിൽ പ്രളയം ബാധിച്ചതും കോവിഡ് വ്യാപനവും വിലങ്ങുതടിയായി. പദ്ധതിക്കായി കണ്ടെത്തിയ പ്രദേശത്തേക്കുള്ള വഴിക്കു വീതി കുറവായതും പ്രതിസന്ധിയായി. പിന്നീടു 10 സ്ഥല ഉടമകൾ സ്ഥലം വിട്ടു നൽകിയതിനെത്തുടർന്നാണു പുതിയൊരു വഴി നിർമിക്കാൻ തീരുമാനമെടുത്തത്. 

വഴിയുടെ നിർമാണ പ്രവർത്തനം നടന്നുവരികയാണ്. വഴിക്കായി 44 സെന്റ് ആവശ്യമായി വന്നതിൽ 40 സെന്റും ഭൂവുടമകൾ സൗജന്യമായി വിട്ടു നൽകിയതാണ്. ബാക്കി സ്ഥലം ചേന്ദമംഗലം ഹാൻഡ്‌ലൂം വീവേഴ്സ് യാൺ സംഘം വില കൊടുത്തു വാങ്ങി. മൂന്നുഘട്ടമായാണു പദ്ധതി പൂർത്തിയാക്കുകയെന്നു ജില്ലാ പഞ്ചായത്ത് അംഗം എ.എസ്.അനിൽകുമാർ, കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ശ്രീധന്യൻ, സ്പെഷൽ ഓഫിസർ കെ.എസ്.പ്രദീപ്കുമാർ, ചേന്ദമംഗലം ഹാൻഡ്‌ലൂം വീവേഴ്സ് യാൺ സംഘം പ്രസിഡന്റ് ടി.എസ്.ബേബി എന്നിവർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com