ADVERTISEMENT

കാഞ്ഞൂർ∙ തെങ്ങിനും ജാതിക്കും കൃഷിഭവൻ വഴി വിതരണം ചെയ്യുന്ന കൂട്ടുവളം വ്യാജനെന്നു പരാതി. കർഷകരുടെ പരാതിയെ തുടർന്നു കാഞ്ഞൂർ കൃഷിഭവനിൽ വളം പെർമിറ്റ് വിതരണം താൽക്കാലികമായി നിർത്തിവച്ചു. വളം വാങ്ങാത്ത കർഷകർ പെർമിറ്റ് കൃഷിഭവനിൽ തിരികെ എൽപ്പിക്കണമെന്ന് കൃഷി ഓഫിസർ നിർദേശിച്ചു. വിതരണം ചെയ്ത വളത്തിന്റെ സാംപിൾ പരിശോധിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത ജൈവവളം എന്ന പേരിൽ കർഷകർക്ക് കിലോഗ്രാമിന് 35 രൂപയ്ക്കാണു വളം വിതരണം ചെയ്തത്. 25 ശതമാനമാണ് ഗുണഭോക്തൃ വിഹിതം. കാഞ്ഞൂര്‍ സഹകരണ ബാങ്ക് മുഖേനയാണ് വളം വിതരണം ചെയ്തത്. വളത്തിന്റെ ഗുണനിലവാരത്തിൽ സംശയം തോന്നിയ കർഷകർ അതു വെള്ളത്തിൽ കലക്കിയപ്പോൾ മണലാണ് അടിഞ്ഞു കൂടിയത്.

ഒരു കിലോഗ്രാം വളത്തിൽ 350 ഗ്രാം മണലായിരുന്നെന്ന് കർഷകർ പരാതിപ്പെടുന്നു. വ്യാജ വളം കർഷകരിൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് ആരോപണം. കർഷകർക്കു നൽകുന്ന വളത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ സംവിധാനമില്ല. വ്യാജ വളം വിതരണം ചെയ്ത കമ്പനിക്കും അതിനു കൂട്ടു നിന്നവർക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞൂരിലെ കർഷകൻ സജി കുടിയിരുപ്പിൽ കൃഷിമന്ത്രിക്കു പരാതി നൽകി. ഓരോ കൃഷിക്കും അനുയോജ്യമായ വളം കൃഷിഭവൻ നിർദേശിക്കുകയും കർഷകർ അതു നേരിട്ടു വാങ്ങി ബിൽ കൃഷിഭവനെ ഏൽപ്പിക്കുകയും തുടർന്നു സബ്സിഡി തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുകയും ചെയ്യുന്ന രീതി വേണമെന്ന് കർഷകർ നിർദേശിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com