ADVERTISEMENT

കൊച്ചി∙ 2016ലെ എസ്റ്റിമേറ്റ് അനുസരിച്ചു കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 11.17 കിലോമീറ്റർ മെട്രോ നിർമിക്കാൻ കെഎംആർഎൽ 2577 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ടാണു കേന്ദ്രത്തിനു സമർപ്പിച്ചത്. ഇത് 1957.05 കോടി രൂപയായി കേന്ദ്രം വെട്ടിക്കുറച്ചു. നഗര വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു കിലോമീറ്റർ മെട്രോ നിർമിക്കാൻ 250 കോടി രൂപ ചെലവു വരും.

അതാണെങ്കിൽ പോലും 2750 കോടി രൂപ വേണം കാക്കനാട് ലൈൻ നിർമിക്കാൻ. പൂർത്തിയാക്കുമെന്ന് ഉറപ്പില്ലാത്ത പദ്ധതിക്കു വായ്പ നൽകാനാവില്ലെന്നാണ് എഎഫ്ഡി നിലപാട്. 5181.79 കോടി രൂപ എസ്റ്റിമേറ്റിൽ നിർമാണം തുടങ്ങിയ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ചെലവ് 7100 കോടി രൂപയായി. മെട്രോ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ ഇപ്പോഴത്തെ നിലയിൽ 3500 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു എഎഫ്ഡി വിലയിരുത്തൽ. 

പ്രതിദിനം നാലരലക്ഷം യാത്രക്കാർ

കൊച്ചി മെട്രോയ്ക്ക് ഡിഎംആർസി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച്, മെട്രോ തൃപ്പൂണിത്തുറ പേട്ട വരെ സർവീസ് നടത്തുമ്പോൾ പ്രതിദിനം 4.5 ലക്ഷം യാത്രക്കാരുണ്ടാവുമെന്നാണു കണക്ക്. 

ഇത് യഥാർഥത്തിൽ 70,000 മാത്രമേയുള്ളു. ഡിപിആറിലെ കണക്കുകളും യഥാർഥ കണക്കുകളും താരതമ്യം ചെയ്തു പരിശോധിക്കാൻ എഎഫ്ഡി ഫ്രഞ്ച് കൺസൽറ്റിങ് ഏജൻസിയായ ‘സിസ്ട്ര’യെ ചുമതലപ്പെടുത്തി. മെട്രോ രണ്ടാം ഘട്ടത്തിനു വായ്പയില്ല എന്ന തീരുമാനത്തിന് ഇതും കാരണമായി.

കേന്ദ്രവിഹിതം വെറും 274.90 കോടി! 

കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 11 സ്റ്റേഷനുകളുള്ള രണ്ടാം ഘട്ടത്തിനു കേന്ദ്ര വിഹിതം 274.90 കോടി മാത്രമാണ്. വൻകിട പദ്ധതികൾക്ക് 20 വർഷത്തേക്കാണ് എഎഫ്ഡി വായ്പയെങ്കിലും കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിന് എഎഫ്ഡി 25 വർഷം അനുവദിച്ചു. പ്രോജക്ട് അവലോകനത്തിന്റെ എല്ലാ ഘട്ടത്തിലും തൃപ്തി പ്രകടിപ്പിച്ച പദ്ധതിയിൽ നിന്നാണ് എഎഫ്ഡി പിൻമാറുന്നത്. 

പൊതുഗതാഗതം സുഗമമായില്ല; ലക്ഷ്യങ്ങൾ നിറവേറാതെ വായ്പയില്ല

സ്വകാര്യ വാഹനങ്ങളിൽ നിന്നു പൊതു വാഹനങ്ങളിലേക്കുള്ള മാറ്റം കൊച്ചിയിൽ നടപ്പാക്കാനായില്ലെന്നതും തിരിച്ചടിയായി. ബസ് യാത്രക്കാരാണു കൊച്ചിയിൽ മെട്രോ യാത്രക്കാരായത്. ഇതുമൂലം പൊതു ഗതാഗത സംവിധാനമായ ബസുകളുടെ എണ്ണം കുറഞ്ഞു.സ്വകാര്യ വാഹനങ്ങൾ അതേപടി തുടരുന്നതിനാൽ മലിനീകരണവും തിരക്കും കുറയ്ക്കാൻ കഴിഞ്ഞില്ല.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു എഎഫ്ഡി മെട്രോകൾക്കു വായ്പ നൽകുന്നത്. ലക്ഷ്യങ്ങൾ നിറവേറ്റാത്തിടത്തു വായ്പ നൽകാനാവില്ലെന്നു എഎഫ്ഡി ബോർഡ് നിലപാട് എടുത്തു.കൊച്ചി മെട്രോയ്ക്ക് അനുമതി ലഭിക്കുമ്പോൾ ഉറപ്പു നൽകിയ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം, ഓട്ടമേറ്റഡ് ഫെയർ കലക്‌ഷൻ, ട്രാൻസ്ഫർ ഓറിയന്റ് ഡവലപ്മെന്റ്, മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയൊന്നും നടപ്പാക്കാൻ കെഎംആർഎലിനു കഴിഞ്ഞില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com