ADVERTISEMENT

കോതമംഗലം∙ ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചതും തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ദേശാടനപക്ഷികളുടെ വരവും കിഴക്കൻമേഖലയിൽ വിനോദസഞ്ചാരത്തിന് ഉണർവേകി. മഴ മാറിയതോടെ ഭൂതത്താൻകെട്ട് ബാരേജിൽ ഷട്ടറുകൾ അടച്ചു പെരിയാറിൽ വെള്ളം സംഭരിച്ചതിനാലാണു ബോട്ടിങ് തുടങ്ങാനായത്. കുട്ടമ്പുഴ, നേര്യമംഗലം ഭാഗങ്ങളിലേക്കു കാനനഭംഗി ആസ്വദിച്ചു ശുദ്ധജല യാത്ര നടത്താം. തട്ടേക്കാട് പക്ഷികളെ നിരീക്ഷിക്കാം. ഭൂതത്താൻകെട്ട് ബാരേജിനു താഴെ പെരിയാറിൽ രൂപപ്പെട്ട വിശാലമായ മണൽപരപ്പ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. മണൽപരപ്പിൽ വിശ്രമിക്കാനും പെരിയാറിനെ അടുത്തു കാണാനും സാധിക്കും. പഴയ ഭൂതത്താൻകെട്ട് സന്ദർശനവും നടത്താം.

ബ്ലാക് ബസ (Black baza), 2. ഇന്ത്യൻ പിറ്റ (Indian pitta)

സുരക്ഷ ഒരുക്കണം 

മണൽപരപ്പിൽ എത്തുന്നവർക്കു സുരക്ഷ ഒരുക്കേണ്ടതുണ്ട്. പെരിയാറിന്റെ മുക്കാൽ ഭാഗം വീതിയിൽ മഴക്കാലത്തു മണൽ വന്നടിഞ്ഞതിനാൽ ബാക്കി ഭാഗത്തുകൂടി ഒഴുകുന്ന വെള്ളത്തിന് ആഴക്കൂടുതലാണ്. ഇതു മനസ്സിലാകാതെ മണൽപരപ്പിലെത്തുന്നവർ അപകടത്തിൽ പെടാനിടയുണ്ട്.

ബ്ലൂത്രൊയേറ്റഡ് ബ്ലൂ ഫ്ലൈക്യാച്ചർ (Bluthroated blue flycatcher)

തട്ടേക്കാട് ദേശാടകരെത്തി

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ദേശാടനപക്ഷികളുടെ കളകളാരവം തുടങ്ങി. ഭൂരിഭാഗം ദേശാടകരും എത്തിയിട്ടുണ്ട്. ഒക്ടോബറിൽ വരവു തുടങ്ങിയിരുന്നു. 322 ഇനം പക്ഷികളെയാണ് ഇവിടെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 40 ശതമാനം തദ്ദേശീയരും ബാക്കി വിദേശീയരുമായ ദേശാടകരാണ്. സൈബീരിയയിൽനിന്നുള്ള പക്ഷികളാണു കൂടുതൽ ദൂരം സഞ്ചരിച്ച് എത്തുന്നത്. ഇവ എത്തുമ്പോഴേക്കും ഡിസംബറാകും. മാർച്ച് വരെ ദേശാടകരുടെ വരവുണ്ടാകും.

ഇന്ത്യൻ പിറ്റ, ബ്ലാക് ബസ, വിവിധ ഇനം ഫ്ലൈക്യാച്ചറുകൾ തുടങ്ങി ഒട്ടേറെ പക്ഷികളെ നിരീക്ഷിക്കാം. 4 ഗ്രാം മുതൽ 3 കിലോഗ്രാം വരെ ഭാരമുള്ള പക്ഷികൾ ദേശാടകരിലുണ്ട്. പെരിയാർ തീരത്ത് 25.16 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പക്ഷിസങ്കേതം അപൂർവ സസ്യ–ജന്തുജാലങ്ങളുടെ കലവറയാണ്. പക്ഷികൾ കൂടാതെ 46 ഇനം മൃഗങ്ങൾ, 222 ഇനം പ്രാണികൾ, 32 ഇനം ഇഴജന്തുക്കൾ, 29 ഇനം തവളകൾ തുടങ്ങിയവയും സർവേകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ദേശാടന പക്ഷികൾ എത്തിയതോടെ തട്ടേക്കാട് പക്ഷിനിരീക്ഷകരും സജീവമായതായി പക്ഷിസങ്കേതത്തിലെ ഏക വനിതാ ഗൈഡ് സുജാത ചന്ദ്രൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com