ADVERTISEMENT

ആലുവ∙ 10 വർഷം ശിവരാത്രി മണപ്പുറത്തു ഭാഗ്യദേവതയുടെ കൈപിടിച്ചു കുടുംബം പോറ്റിയ പ്രഭയുടെ പ്രതീക്ഷ ഇപ്പോൾ കളിപ്പാട്ടങ്ങളിലാണ്! ക്ഷേത്ര പരിസരത്തു ദേവസ്വം ബോർഡ് ലോട്ടറി വിൽപന നിരോധിച്ചതോടെ ജീവിക്കാൻ കളിപ്പാട്ടങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ് അറുപതുകാരി കരുമാലൂർ കളവമ്പാറ പ്രഭ. മടക്കു കട്ടിലിൽ കളിപ്പാട്ടങ്ങൾ നിരത്തി പുലർച്ചെ മുതൽ ഉച്ചവരെ ആൽച്ചുവട്ടിൽ ഭക്തജനങ്ങളെ കാത്തിരിക്കും. 

അതുകഴിഞ്ഞു വീട്ടിലേക്കു മടങ്ങും. 18 വർഷം മുൻപു റോഡ് പണിക്കിടെ ഉരുകിയ ടാർ ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ഭദ്രനു പരസഹായമില്ലാതെ കാര്യമായൊന്നും ചെയ്യാനാവില്ല. അതുകൊണ്ടാണു കച്ചവടം നേരത്തേ അവസാനിപ്പിച്ചു മടങ്ങുന്നത്. കളിപ്പാട്ടം വിൽക്കാൻ ഒട്ടേറെ അതിഥിത്തൊഴിലാളികളും മണപ്പുറത്തുണ്ട്. അതിനാൽ ലോട്ടറി വിൽപനയിൽ നിന്നു കിട്ടിയിരുന്ന വരുമാനം കളിപ്പാട്ടങ്ങളിൽ നിന്നു ലഭിക്കുന്നില്ലെന്നു പ്രഭ പറഞ്ഞു. 

3 വർഷമായി അർബുദ രോഗത്തിനു ചികിത്സയിലാണു പ്രഭ. ഭർത്താവിനും തനിക്കും മരുന്നിനുള്ള തുകയെങ്കിലും കിട്ടിയാൽ മതിയെന്ന പ്രാർഥനയേ അവർക്കുള്ളൂ. കുടുംബശ്രീയിൽ നിന്നു 10,000 രൂപ വായ്പ എടുത്താണു കളിപ്പാട്ട വിൽപന തുടങ്ങിയത്. ഉച്ചവരെ കളിപ്പാട്ടം വിൽക്കുന്നതിനു ദേവസ്വം ബോർഡിനു ദിവസവും 50 രൂപ നൽകണം. വൈകിട്ടു വരെ കച്ചവടം ചെയ്യുന്നതിനു 100 രൂപയാണു നിരക്ക്. ലോട്ടറി വിൽപന പുനരാരംഭിക്കാൻ അനുമതി തേടി നൽകിയ അപേക്ഷ അധികൃതർ തള്ളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com