ADVERTISEMENT

അങ്കമാലി ∙ അങ്കമാലി മേഖലയിൽ ദേശീയപാത കുറുകെ കടക്കൽ ദുഷ്കരം. കാൽനടയാത്രക്കാരും ബൈക്ക് യാത്രക്കാരുമാണ് ജീവഭയത്തോടെ റോഡ് കുറുകെ കടക്കുന്നത്. കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് കുറുകെ കടക്കുന്നതിന് ദേശീയ പാതയിൽ വിവിധ ഇടങ്ങളിൽ മേൽ നടപ്പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ദേശീയപാത അതോറിറ്റി ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല.

കറുകുറ്റി കേബിൾ നഗർ, കറുകുറ്റി ജംക്‌ഷൻ,  കരയാംപറമ്പ് , അങ്കമാലി കെഎസ്ആർടിസി ജംക്‌ഷൻ,  ബാങ്ക് ജംക്‌ഷൻ,  മുനിസിപ്പൽ ബസ് സ്റ്റാൻഡ് ജംക്‌ഷൻ  എന്നിവിടങ്ങളിലാണ് മേൽനടപ്പാലം ആവശ്യമുള്ളത്. ദേശീയപാതയുടെ ഏറ്റവും വീതി കുറവുള്ള ഭാഗങ്ങളിൽ ഒന്നാണ് അങ്കമാലി ടൗൺ.വൻ ഗതാഗതക്കുരുക്കുള്ള സമയത്ത് റോഡ് കുറുകെ കടക്കുക പ്രയാസമാണ്. ഒട്ടേറെ ബൈക്ക് യാത്രക്കാർക്കു പരുക്കേറ്റിട്ടുമുണ്ട്.

റോഡിന് വീതി കൂടുതലുള്ള ഭാഗമായതിനാൽ കറുകുറ്റി കേബിൾ നഗർ ഭാഗത്താണ് കൂടുതൽ അപകട സാധ്യതയുള്ളത്. യു ടേണിൽ എല്ലാ ദിവസവും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ചാലക്കുടി ഭാഗത്തു നിന്നു വരുന്ന യാത്രക്കാർ ജംക്‌ഷനിൽ  ഇറങ്ങി റോഡ് കുറുകെ കടക്കുമ്പോൾ അപകടത്തിൽ പെടുന്നു. കയറ്റിറക്കങ്ങൾക്ക് നടുവിലുള്ള ജംക്‌ഷൻ ആയതിനാൽ വാഹനങ്ങൾ വളരെ വേഗത്തിലാണ് കടന്നു പോകുന്നത്.

കാൽനടയാത്രക്കാർ ഓടിയാണ് ഇവിടെ റോഡ് കുറുകെ കടക്കുന്നത്. സാവധാനം പോയാൽ വാഹനങ്ങൾ ഇടിച്ചു വീഴ്ത്തും. യു ടേൺ തിരിയുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്. ദേശീയപാതയ്ക്കു കുറുകെ മേൽ നടപ്പാലം സ്പോൺസർഷിപ്പിലൂടെ നിർമിക്കാനായി അങ്കമാലി നഗരസഭ ശ്രമം നടത്തിയിരുന്നു.എന്നാൽ ദേശീയപാത അതോറിറ്റി നിർമാണത്തിന് അനുമതി നൽകാതെ വന്നതോടെ നിർമാണം നടത്താനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com