ADVERTISEMENT

തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനു ചക്കംകുളങ്ങര ശിവക്ഷേത്ര കുളത്തിൽ ആറാട്ടോടെ സമാപനം. സമാപന ദിവസമായ ഇന്നലെ ആറാട്ടുത്സവത്തിൽ പങ്കുകൊള്ളാൻ ഒട്ടേറെ പേരാണു എത്തിയത്. പുലർച്ചെ നടന്ന പള്ളിവേട്ടയും ഭഗവാന്റെ പള്ളിയുറക്കത്തിനു ശേഷം പശുക്കിടാവിന്റെ കരച്ചിൽ കേട്ടാണു ശ്രീപൂർണത്രയീശൻ മണ്ഡപത്തിൽ പള്ളിയുറക്കം ഉണർന്നത്. മലർ നിവേദ്യത്തോടു കൂടി ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തിടമ്പിൽ നിന്നു ചൈതന്യത്തെ മൂലബിംബത്തിലേക്കു സംയോജിപ്പിച്ച് ഉഷഃപൂജ നടത്തി. പ്രത്യേക ശർക്കര പായസം നിവേദിച്ച ശേഷം ക്ഷേത്ര നട അടച്ചു. ശേഷം വൈകിട്ടാണു ക്ഷേത്രനട തുറന്നത്. തുടർന്ന് 15 ഗജവീരന്മാരോടൊപ്പം, പഞ്ചാരിമേളത്തോടെ ഭഗവാന്റെ ഉത്സവ കാഴ്ചശീവേലിയും നടന്നു.

വൃശ്ചികോത്സവത്തിന്റെ അവസാന പകൽ പഞ്ചാരിമേളം കൊണ്ട് നിറയ്ക്കാൻ ചൊവ്വല്ലൂർ മോഹനൻ നായരും മേളകലാകാരന്മാരുമാണ് അണിനിരന്നത്. ശീവേലിയുടെ പഞ്ചാരിമേളം കൊട്ടിയൊഴിഞ്ഞ ശേഷം പുലിയന്നൂർ തന്ത്രി കുടുംബത്തിന്റെ കാർമികത്വത്തിൽ കൊടിയിറക്കു ചടങ്ങുകൾ നടന്നു.ഉത്സവക്കൊടിയിറക്കിയ ശേഷം തന്ത്രിയുടെ കാർമികത്വത്തിൽ ഗജപൂജയും നടത്തി. തുടർന്നാണ് 5 ആനകളുടെ അകമ്പടിയോടെ ഭഗവാനെ ആറാട്ടിനായി എഴുന്നള്ളിച്ചത്.തിടമ്പേറ്റിയ ഗജരാജൻ പടിഞ്ഞാറേ ഗോപുരം കടന്ന് ഇളയെടത്ത് ഇല്ലത്ത് പറയെടുപ്പിന് എഴുന്നള്ളി.

പറ സ്വീകരിച്ച് തിരിച്ച് പടിഞ്ഞാറേ ഗോപുരം വഴി തന്നെ അകത്തു പ്രവേശിച്ച് നടപ്പുരയിലെ പഞ്ചവാദ്യത്തിനു മുൻപിൽ അഞ്ചാനപ്പുറത്ത് ആറാട്ടെഴുന്നള്ളിപ്പിനായി അണിനിരന്നു. ചോറ്റാനിക്കര വിജയൻ മാരാരുടെയും കുനിശ്ശേരി ചന്ദ്രന്റെയും പ്രമാണത്തിൽ പഞ്ചാവാദ്യത്തിന്റെ ആദ്യഘട്ടം പിന്നിട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ നിന്നു പുറത്തേക്കിറങ്ങി. സ്റ്റാച്യു ജംക്‌ഷൻ വഴി ചക്കംകുളങ്ങര ശിവക്ഷേത്ര പരിസരത്തു എത്തിയ ശ്രീപൂർണത്രയീശനെ നിറദീപക്കാഴ്ചയോടെ കുളത്തിലേക്കു വരവേറ്റു. പുലിയന്നൂർ തന്ത്രിമാരുടെ കാർമികത്വത്തിൽ ആറാട്ടു കുളി കഴിഞ്ഞു ഭഗവാനെ തിരികെ എഴുന്നള്ളിച്ചു.

സ്റ്റാച്യു ജംക്‌ഷനിൽ കാണിക്ക സമർപ്പണത്തിനു ശേഷം വൃശ്ചികോത്സവത്തിലെ ഏക പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്ര നടയിലേക്ക് എതിരേറ്റു. ക്ഷേത്രത്തിൽ പ്രവേശിച്ച് കൊടിമരച്ചുവട്ടിൽ പറയെടുപ്പ് നടത്തി. തുടർന്ന് വൃശ്ചികോത്സവത്തിന്റെ അവസാന പഞ്ചാരിമേളത്തോടെ കൂട്ടിയെഴുന്നള്ളിച്ച് വൃശ്ചികോത്സവം സമാപിച്ചു.

കാണിക്ക 19,80,113 രൂപ 

ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്റെ എഴുന്നള്ളിപ്പിന് മുന്നിൽ സ്ഥാപിച്ച സ്വർണക്കുടത്തിൽ തൃക്കേട്ട മുതൽ വലിയവിളക്ക് വരെയുള്ള  ദിവസം ഭക്തജനങ്ങൾ സമർപ്പിച്ചത് 19,80,113 രൂപ. തൃക്കേട്ട ദിനത്തിൽ  12,57,062 രൂപയും, പിറ്റേ ദിവസം 3,19,204 രൂപയും, ചെറിയ വിളക്ക് ദിവസം 2,36,940 രൂപയും, വലിയ വിളക്ക് ദിവസം 1,66,907 രൂപയുമാണ് ലഭിച്ചത്.  സ്വർണമായി 59.500 ഗ്രാമും വെള്ളിയായി 5.500 ഗ്രാമും ലഭിച്ചു. വിദേശ കറൻസികൾ 10 എണ്ണവും 116 വിദേശ നാണയവും ലഭിച്ചിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com