കൊച്ചി∙ എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് മേൽക്കൈയെന്ന് എസ്എഫ്െഎ. അതേസമയം മുൻവർഷത്തെക്കാൾ കൂടുതൽ കോളജുകളിൽ നേട്ടമുണ്ടാക്കിയതായി കെഎസ്‌യുവും അറിയിച്ചു. തിരഞ്ഞെടുപ്പ് നടന്ന 48 കോളജുകളിൽ 40 കോളജുകളിലും എസ്എഫ്ഐ വിജയം നേടിയെന്ന് എസ്എഫ‌്ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു പറഞ്ഞു.
കെഎസ്‌യു കൈവശം വച്ചിരുന്ന എറണാകുളം ലോ കോളജ് പിടിച്ചെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിൽ കഴിഞ്ഞ വർഷം 6 ക്യാംപസുകളിൽ മാത്രം സ്വന്തമാക്കിയ കെഎസ്‌യു 15 കോളജുകൾ ഇക്കുറി പിടിച്ചെടുത്തതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. തൃക്കാക്കര ഭാരതമാത കോളജ് യൂണിയൻ 6 വർഷത്തെ ഇടവേളയ്ക്കു ശേഷം എല്ലാ ജനറൽ സീറ്റുകളും കയ്യടക്കി. മൂവാറ്റുപുഴ നിർമല കോളജ് യൂണിയൻ എസ്എഫ്ഐയിൽ നിന്നു പിടിച്ചെടുത്തു. അദ്ദേഹം അറിയിച്ചു.
ഇലാഹിയ ആർട്സ് ആൻഡ് കോളജിൽ ഭൂരിപക്ഷം നേടിയെന്ന് എംഎസ്എഫ് അറിയിച്ചു. കൂത്താട്ടുകുളം മണിമലക്കുന്ന് ടിഎം ജേക്കബ് മെമ്മോറിയൽ ഗവ. കോളജിൽ കെഎസ്‌യു – എസ്എഫ്ഐ വിഭാഗങ്ങൾ വിജയവാദം ഉന്നയിച്ചു. പൂത്തോട്ട ലോ കോളജിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എതിർ പാനലിനെ പിന്തുണയ്ക്കുന്ന പ്രവർത്തകർ കാറിൽ കയറ്റിക്കൊണ്ടുപോയി തടങ്കലിൽ വച്ചതായി ഒരു ക്ലാസ് പ്രതിനിധി പൊലീസിൽ പരാതി നൽകി. ലോ കോളജിലെ തിരഞ്ഞെടുപ്പിന് എതിരെ പൊലീസിൽ പരാതി നൽകുമെന്നു കെഎസ‌്‌യു നേതാക്കൾ പറഞ്ഞു.