മട്ടാഞ്ചേരി∙ കോവിഡിന് ശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്ക് ഉണർവേകി രാജ്യാന്തര വിനോദസഞ്ചാരികളുമായി സീസണിലെ ആദ്യ കപ്പൽ എംഎസ് യൂറോപ്പ-2 കൊച്ചിയിലെത്തി. യാത്രികരെ വരവേൽക്കാനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേർന്ന് താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകൾ എന്നിവ ഒരുക്കിയിരുന്നു.
ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ സഞ്ചാരികൾ സന്ദർശനം നടത്തി. കപ്പലിൽ 257 വിനോദസഞ്ചാരികളും 372 ജീവനക്കാരുമാണുള്ളത്. 7 സ്റ്റാർ നിലവാരത്തിലുള്ള കപ്പലിലെ 7 നിലകളിലായി 900 ക്യാബിനുകളുണ്ട്. ഇന്നലെ രാത്രി 10ന് കപ്പൽ തായ്‌ലൻഡിലേക്ക് യാത്രയായി.
ഡിസംബർ രണ്ടിന് ആഡംബര കപ്പലായ അസമര ക്യുസ്റ്റ് കൊച്ചിയിലെത്തും. വരും മാസങ്ങളിൽ കൂടുതൽ വിദേശ വിനോദസഞ്ചാരികളുമായി കൂടുതൽ കപ്പലുകൾ കൊച്ചിയിൽ എത്തുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.