കിഴക്കമ്പലം∙ കനത്ത മഴയിൽ റോഡ് ടാർ ചെയ്യാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. കിഴക്കമ്പലം– നെല്ലാട് റോഡിലാണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. ഇതിനു പിന്നാലെ കനത്ത മഴ പെയ്യുന്നതിനിടെ ടാറിങ് നടത്താനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. 2.12 കോടി രൂപ റോഡിന്റെ അറ്റകുറ്റപ്പണിയ്ക്കായി അനുവദിച്ചെങ്കിലും ഒട്ടേറെ ഘട്ടങ്ങളിലായാണ് ടാറിങ് പലയിടങ്ങളിലും നടത്തിയത്.
പൂർണ തോതിൽ ഒരു സ്ഥലത്തും ടാറിങ് പൂർത്തീകരിച്ചതുമില്ല. പല ഭാഗങ്ങളും ഇപ്പോഴും കുഴിയായി കിടക്കുന്ന സാഹചര്യമാണ്. അതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സമരസമിതിയുടെ കൺവീനർ ബിജു മഠത്തിപ്പറമ്പിൽ പരാതിയുമായി പൊതുമരാമത്ത് വകുപ്പ് വിജിലൻസിനെ സമീപിക്കുകയായിരുന്നു.വിജിലൻസ് സംഘം പരിശോധന നടത്തി പോയതിനു പിന്നാലെ മഴയെ അവഗണിച്ചും രാത്രിയിൽ ടാറിങ് നടത്താൻ കരാറുകാരൻ ശ്രമിച്ചതോടെ തർക്കമായി.
നാട്ടുകാർ സംഘടിച്ചതോടെ ടാറിങ് നടത്താതെ സ്ഥലം വിടുകയായിരുന്നു. 10 വർഷമായി തകർന്നു കിടക്കുന്ന റോഡിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കുഴിയാണ്. അടുത്തിടെ ടാറിങ് നടത്തിയ ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു. കരാറുകാരനെതിരെ വകുപ്പുതല നടപടികളൊന്നും സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ ഡിവിഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാണ്. പഞ്ചായത്തു തല റോഡുകൾ ഉൾപ്പെടെ ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിക്കുമ്പോഴാണ് കൊച്ചി– തേക്കടി സംസ്ഥാന പാതയ്ക്ക് ഇൗ ഗതികേട്.
നല്ല റോഡിനായി എത്ര നാൾ
സംസ്ഥാന പാതയായ കിഴക്കമ്പലം മുതൽ നെല്ലാട് വരെയുള്ള 14 കിലോമീറ്റർ വരുന്ന റോഡ് നിർമാണം ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. ആകെ 32 കോടി രൂപയാണ് ഇൗ റോഡുകൾക്കായി കിഫ്ബി വഴി ടാറിങ്ങിനായി അനുവദിച്ചത്. പള്ളിക്കര–മനയ്ക്കക്കടവ്, പട്ടിമറ്റം–പത്താംമൈൽ റോഡിന്റെ ടാറിങ്ങിനു ശേഷം ബാക്കി വന്ന തുക ഉപയോഗിച്ച് ടാറിങ് പൂർത്തീകരിക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.