ADVERTISEMENT

മൂത്തകുന്നം ∙ ജില്ലാ കലോത്സവ വേദിയിൽ വിധിനിർണയം സംബന്ധിച്ച് ഇന്നലെയും തർക്കം. കുച്ചിപ്പുഡി എച്ച്‌എസ്, എച്ച്എസ്എസ് മത്സരങ്ങൾക്കു ശേഷമാണു മൂത്തകുന്നത്തു കലോത്സവ നഗരിയിലെ ഡിഡിയുടെ താൽക്കാലിക ഓഫിസിനു സമീപത്തു രാത്രി തർക്കമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്തതായി ആരോപണമുണ്ട്. വിവിധ നൃത്ത ഇനങ്ങളിൽ ഒരേ അധ്യാപകന്റെ ശിഷ്യർക്കുതന്നെ സമ്മാനം നൽകുന്നതായാണു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. 

പ്രതിഷേധിച്ചവർ പരിശീലിപ്പിച്ച മത്സരാർഥിക്കു ലഭിച്ച സ്ഥാനവും മാർക്ക് കുറയാനുള്ള കാരണവും തിരക്കിയപ്പോൾ അറിയിച്ചില്ലെന്നും ഇവർ പറയുന്നു. ഇക്കാര്യങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുമെന്നും പരാതിയുണ്ടെങ്കിൽ നിയമപ്രകാരം അപ്പീൽ നൽകണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, മത്സരശേഷം ഫലം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ വൈകുന്നതിനാൽ കൃത്യസമയത്ത് അപ്പീൽ കൊടുക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഫലം വെബ്‌സൈറ്റിൽ വന്ന് ഒരു മണിക്കൂറിനകം അപ്പീൽ നൽകിയാൽ മതിയെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. പ്രതിഷേധക്കാർ പിരിഞ്ഞുപോകാതിരുന്നതോടെ വടക്കേക്കര സിഐ വി.സി.സൂരജിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് അവരെ നീക്കിയത്.

വയലിൻ പൗരസ്ത്യം (എച്ച്എസ്) ഒന്നാം സ്ഥാനം നേടിയ പി.പി.ദേവദത്ത് അച്ഛൻ പി.കെ.പ്രസാദുമൊത്ത്.

കോച്ചിങ് സൂപ്പർ

മൂത്തകുന്നം ∙ ഒന്നാം ക്ലാസ് മുതൽ അച്ഛൻ പി.കെ.പ്രസാദ് പഠിപ്പിച്ച വയലിൻ പാഠങ്ങൾ പി.പി.ദേവദത്തിനു നൽകിയത് എച്ച്‌എസ്‌ വയലിനിൽ (പൗരസ്‌ത്യം) ഒന്നാം സ്ഥാനം. അച്ഛൻ നിർമിച്ച വയലിനിലായിരുന്നു പറവൂർ പുല്ലംകുളം എസ്‌എൻ എച്ച്‌എസ്‌എസ്‌ 10–ാം ക്ലാസ് വിദ്യാർഥിയായ ദേവദത്തിന്റെ ആദ്യപാഠങ്ങൾ. വരാപ്പുഴ സ്വദേശിയായ പ്രസാദ് ശിൽപിയും വയലിൻ അധ്യാപകനുമാണ്. വട്ടപ്പാട്ട്‌ (എച്ച്‌എസ്‌) മത്സരത്തിലും ദേവദത്ത്‌ അംഗമായ പുല്ലങ്കുളം എസ്‌എൻ എച്ച്‌എസ്‌എസ്‌ സംഘം ഒന്നാമതെത്തി. 

നാടകാരവം

മൂത്തകുന്നം ∙ കലോത്സവത്തിലെ നാടക മത്സരങ്ങളിൽ ചർച്ചയായതു സമകാലിക വിഷയങ്ങൾ. ഷാരോൺ വധക്കേസ്, നരബലി കേസ്, കർഷക–പരിസ്ഥിതി പ്രശ്നങ്ങൾ, ട്രാൻസ്ജെൻഡർ വിഷയങ്ങൾ എന്നിവ വിദ്യാർഥികൾ വേദിയിലെത്തിച്ചു. എച്ച്എസ്എസ് വിഭാഗം നാടകത്തിൽ ഒന്നാം സ്ഥാനം നേടിയത് ആതിഥേയരായ മൂത്തകുന്നം എസ്എൻഎം എച്ച്എസ്എസിന്റെ ‘കൂവാഗ’മാണ്. ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന അവഗണനയാണ് അവതരിപ്പിച്ചത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രാർഥന ടി.പ്രദീപാണ് മികച്ച നടി. രണ്ടാം സ്ഥാനം നേടിയ ‘കൃഷിക്കാരൻ’ എന്ന നാടകത്തിൽ കേശവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിസ്മയ് വാസ് മികച്ച നടനായി. കോലഞ്ചേരി മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസ് വിദ്യാർഥിയാണ്.

അച്ഛനാണ് പാഠം

മൂത്തകുന്നം ∙ അച്ഛൻ പഠിപ്പിച്ച പാഠങ്ങൾ മൃദംഗ മത്സരവേദിയിൽ (എച്ച്എസ്) മാറ്റുകൂട്ടിയെടുത്തതോടെ മട്ടാഞ്ചേരി ടിഡിഎച്ച്എസിലെ 10–ാം ക്ലാസ് വിദ്യാർഥി ഭരത്കൃഷ്ണ ബി.കമ്മത്തിന് കന്നിയങ്കത്തിൽത്തന്നെ ഒന്നാം സ്ഥാനം. അച്ഛനും പ്രമുഖ മൃദംഗം വിദ്വാനുമായ ബാലകൃഷ്ണ കമ്മത്താണു ഗുരു. ഒട്ടേറെ പ്രമുഖരുടെ കച്ചേരികളിലെ സ്ഥിരം മൃദംഗ വിദ്വാനാണു ബാലകൃഷ്ണ കമ്മത്ത്. സംഗീത സംവിധായകൻ രവീന്ദ്രന്റെ ‘ഗംഗേ...’ എന്ന ഗാനത്തിന് ഉൾപ്പെടെയുള്ള സിനിമാ ഗാനങ്ങൾക്കു മൃദംഗം വായിച്ചിട്ടുണ്ട്. എച്ച്എസ്എസ് വിഭാഗം മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയ അശ്വിൻ എസ്.ഗോവിന്ദും ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com