ADVERTISEMENT

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് കോടതി തേടി. കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് അറിയിക്കാൻ ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു.

ഹർജി 7നു പരിഗണിക്കാൻ മാറ്റി.അക്രമത്തിനു പ്രേരണ നൽകിയവർക്കെതിരെ എന്ത് നടപടിയെടുത്തെന്നു കോടതി ചോദിച്ചു. ഹർജിയിലെ എതിർകക്ഷികളിൽ എത്ര പേരെ അറസ്റ്റു ചെയ്തെന്നും കോടതി ആരാഞ്ഞു.5 പേർക്കെതിരെ കേസെടുത്തെന്നും ഗൗരവമായി നടപടികൾ എടുക്കുന്നുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം ആർച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. അക്രമം തടയാൻ വെടിവയ്പ് ഒഴികെയുള്ള നടപടികൾ സ്വീകരിച്ചു. വെടിവയ്പിൽ കലാശിച്ചിരുന്നെങ്കിൽ നൂറുകണക്കിനുപേർ മരിക്കുമായിരുന്നു. കേന്ദ്രസേനയുണ്ടായിരുന്നെങ്കിലും ഇതുതന്നെയാകും സ്ഥിതി. തുറമുഖ മേഖലയിൽ അതിക്രമിച്ചു

കടക്കരുതെന്നു കോടതിയുടെ ഉത്തരവുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ലെന്നും 64 പൊലീസുകാർക്ക് ഉൾപ്പെടെ പരുക്കുണ്ടാക്കിയ അക്രമമാണു നടന്നതെന്നും അദാനിയുടെ അഭിഭാഷകൻ അറിയിച്ചു.കോടതി ഉത്തരവ് നടപ്പാക്കുമെന്ന ഉറപ്പുപോലും പൊലീസ് നൽകുന്നില്ല. പൊലീസ് നിസ്സഹായരായിരിക്കാം. എന്നാൽ പൊലീസിനു കഴിയില്ലെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാമെന്നും ഇക്കാര്യത്തിൽ ‘ഈഗോ’യുടെ കാര്യമില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

കേരളം ചോദിക്കണം

കേന്ദ്രസേന വരണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. ചീഫ് സെക്രട്ടറിയോ ‍ഡിജിപിയോ കത്തു നൽകിയാൽ സേന എത്തും. നിലവിൽ രാജ്യാന്തര തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ കേന്ദ്രവ്യവസായ സുരക്ഷാസേനയ്ക്കാണ് (സിഐഎസ്എഫ്). വിഴിഞ്ഞം തുറമുഖം നിർമാണ ഘട്ടത്തിലായ‍തിനാൽ സിഐഎ‍സ്എഫിന് സ്വമേധയാ ചുമതല ഏറ്റെടുക്കാനാവില്ല.

700 പൊലീസുകാർ

വിഴിഞ്ഞം പദ്ധതി മേഖലയുടെ സുരക്ഷാ ചുമതല നിലവിൽ കേരള പൊലീസിനാണ്. സംഘർഷത്തിന്റെ സാഹചര്യത്തിൽ 700 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ട് എസ്പിമാരുടെ സേവനവും തിരുവനന്തപുരം സിറ്റി ‍പൊലീസ് കമ്മിഷണർ ജി.സ്പർജൻ‍കുമാറിനു ലഭ്യമാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com