നെടുമ്പാശേരി ∙ എയർ അറേബ്യയുടെ അബുദാബി വിമാനം ഒരു ദിവസത്തിലേറെ വൈകിയതിനെ തുടർന്നു യാത്രക്കാർ ദുരിതത്തിലായി. വെള്ളിയാഴ്ച രാത്രി 8.20ന് ഇവിടെ നിന്ന് അബുദാബിയിലേക്കു പോകേണ്ട വിമാനമായിരുന്നു ഇത്. അബുദാബിയിൽ നിന്നു രാത്രി ഏഴരയോടെ കൊച്ചിയിലെത്തിയ വിമാനം സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നതിനെ തുടർന്നു കോയമ്പത്തൂരിലേക്കു തിരിച്ചു വിട്ടിരുന്നു. പിന്നീടു രാത്രിയാണു വിമാനം കൊച്ചിയിൽ മടങ്ങിയെത്തിയത്.
പത്തരയോടെ വിമാനം അബുദാബിയിലേക്കു പുറപ്പെടുന്നതിനു യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും പുറപ്പെടാൻ ഒരുങ്ങവേ സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നു യാത്രക്കാരെ മുഴുവൻ ഇറക്കി ടെർമിനലിലേക്കു മാറ്റി. വിമാനത്തിന്റെ തുടർ യാത്ര റദ്ദാക്കി. യാത്രക്കാരുടെ ബാഗുകളും ഇറക്കി. വിമാനം എപ്പോൾ പുറപ്പെടുമെന്നു ചോദിച്ച യാത്രക്കാർക്കു കൃത്യമായ മറുപടി ലഭിക്കാത്തതു യാത്രക്കാരെ പ്രകോപിപ്പിച്ചു. ചെറിയ സംഘർഷത്തിനും ഇതു കാരണമായി. മണിക്കൂറുകളോളം വിമാനത്താവളത്തിൽ ഇരുത്തിയ ശേഷം പുലർച്ചെ 4 മണിയോടെയാണു യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റിയത്. പകുതിയോളം യാത്രക്കാരെ വീടുകളിലേക്ക് അയച്ചു.
അടിയന്തരമായി ഇറക്കിയ വിമാനത്തിന്റെ തകരാർ പരിഹരിച്ചു
നെടുമ്പാശേരി ∙ ലാൻഡിങ് ഗിയറിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നു വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ അടിയന്തരമായി ഇറക്കിയ സ്പൈസ്ജെറ്റ് വിമാനത്തിന്റെ തകരാർ പരിഹരിച്ചു. ജിദ്ദയിൽ നിന്നു പുറപ്പെട്ട് വെള്ളിയാഴ്ച വൈകിട്ടു കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണു വിമാനത്തിന് തകരാർ കണ്ടെത്തിയത്. തുടർന്നു സുരക്ഷിതമായി ഇറങ്ങുന്നതിനു വിമാനം കൊച്ചിയിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തകരാർ പരിഹരിച്ചു. ഡിജിസിഎയുടെ അനുമതി ലഭിച്ചാലേ വിമാനത്തിനു തുടർന്ന് സർവീസ് നടത്താൻ കഴിയൂ. ഇന്നലെ വൈകിട്ട് മുതൽ ഡിജിസിഎ സംഘം വിമാനം പരിശോധിക്കുന്നുണ്ട്.