പ്ലൈവുഡ് കമ്പനിയിലെ തീപിടിത്തം നഷ്ടം 2 കോടിയിലേറെ

മാനാറിയിലെ പ്ലൈവുഡ് കമ്പനിയിലെ തീ അണയ്ക്കുന്ന ഫയർ ഫോഴ്സ് ജീവനക്കാർ.
SHARE

പെരുമ്പാവൂർ ∙ രായമംഗലം പഞ്ചായത്തിന്റെയും പായിപ്ര പ‍ഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ കീഴില്ലം ത്രിവേണിക്കു സമീപം മാനാറിയിലെ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ 2 കോടിയിലേറെ രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. അന്തിമ കണക്കെടുപ്പിൽ നഷ്ടം ഉയരും. വെളളിയാഴ്ച രാത്രി 10.15നാണ് തീപിടിത്തമുണ്ടായത്. 12 സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ പരിശ്രമിച്ച് ഇന്നലെ രാവിലെ 11നാണ് തീനിയന്ത്രണ വിധേയമാക്കിയത്. യന്ത്രങ്ങളിലെ ഓയിൽ ചോർച്ചയും ഷോർട്ട് സർക്യൂട്ടുമാണു തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം.

യന്ത്രങ്ങളും 5 ലോഡ് പ്ലൈവുഡും 40 ലക്ഷം ചതുരശ്രയടിയിൽ സൂക്ഷിച്ചിരുന്ന വിനീറുമാണു കത്തി നശിച്ചത്. പ്ലാന്റ് പ്രവർത്തിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു തീപിടിത്തം. തീപിടിത്ത സമയത്ത് 10 ജോലിക്കാർ ഫാക്ടറിയിലുണ്ടായിരുന്നു. അവർ ഉടൻ പുറത്തു കടന്നതിനാൽ ആളപായം ഒഴിവായി. പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ , കല്ലൂർക്കാട്, തൃപ്പുണിത്തുറ, ഗാന്ധിനഗർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ചാലക്കുടി മട്ടാഞ്ചേരി,തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നു ഫയർ യൂണിറ്റുകൾ എത്തി. 80 ജീവനക്കാർ പണിയെടുത്താണ് തീ അണച്ചത്. പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി കാനാമ്പുറം ഷംസുദീന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ് പ്ലൈ ആൻഡ് ബോർഡ്സ് എന്ന കമ്പനിക്കാണ് തീ പിടിച്ചത്.

സമീപത്തെ കമ്പനികളിലേക്കു തീ പടരാതെ ഫയർഫോഴ്സ് സംഘം മുൻകരുതൽ എടുത്തതിനാൽ വൻ അപകടം ഒഴിവായി. സമീപത്തെ വൈദ്യുതിബന്ധവും തകരാറിലായിരുന്നു. ഫയർ ഫോഴ്സ് എത്താൻ വൈകിയതായി ആരോപണമുണ്ട്. 10.45നാണ് ഫയർ ഫോഴ്സ് എത്തിയത്. ഇത് നഷ്ടം വർധിപ്പിക്കാൻ ഇടയാക്കിയെന്നു പരാതിയുണ്ട്.മാനാറിയിലെ പ്ലൈവുഡ് കമ്പനിയിലെ തീയണയ്ക്കൽ വെല്ലുവിളിയായിരുന്നെന്ന് അധികൃതർ പറഞ്ഞു. ഫയർ യൂണിറ്റുകൾ എത്തുമ്പോൾ കമ്പനിക്കും ചുറ്റും തീ പടർന്നിരുന്നു. സമീപത്തും കമ്പനികളുണ്ട്. ഇവിടേക്ക് തീപടരാതിരിക്കാൻ ആദ്യം മുൻകരുതൽ എടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS