കൊച്ചി∙ വേമ്പനാട്ടു കായലിൽ ആവേശത്തിന്റെ അഗ്നി പടർത്തി നാവികസേനാഭ്യാസം. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായാണു ഇന്നലെ വൈകിട്ട് ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനത്തിനു സമാന്തരമായി കൊച്ചിക്കായലിൽ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. മുഖ്യാതിഥിയായെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം. എ. ഹം പിഹോളിക്കൊപ്പം അഭ്യാസപ്രകടനങ്ങൾ വീക്ഷിച്ചു.

ഐഎൻഎസ് തിർ, ഐഎൻഎസ് ശാരദ, ഐഎൻഎസ് സുജാത എന്നിവയുൾപ്പെടെ നാവികസേനയുടെ പടക്കപ്പലുകൾ സീകിങ്, ചേതക്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ഡോണിയർ വിമാനങ്ങൾ എന്നിവ അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി. തദ്ദേശീയമായി നിർമിച്ച പട്രോളിങ് യാനമായ ഐഎൻഎസ് സുനൈന, ഇന്ത്യൻ നേവിയുടെ പരിശീലന പായ്ക്കപ്പലായ ഐഎൻഎസ് സുദർശിനി എന്നിവയും പങ്കെടുത്തു.