വിഴിഞ്ഞം; മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ലെന്നു തരൂർ

shashi-tharoor-1
ശശി തരൂർ (Screengrab: Manorama News)
SHARE

കൊച്ചി ∙ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കിയില്ലെന്നു ശശി തരൂർ എംപി. തുറമുഖ പദ്ധതി നടപ്പാക്കരുത് എന്ന ആവശ്യം ഒഴികെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച മറ്റു കാര്യങ്ങളെല്ലാം ന്യായമാണ്. വികസനത്തിനു വേണ്ടി ജനങ്ങളെ യോജിപ്പിച്ചു കൊണ്ടുവരണം. വിഴിഞ്ഞം പദ്ധതി വന്നാൽ രാജ്യത്തിനും സംസ്ഥാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണമാണ്. ജനങ്ങൾക്കാണ് അതുവഴി ഗുണം ലഭിക്കുന്നത്. അനാവശ്യമായ തടസ്സങ്ങൾ പാടില്ല. വികസനം ജനങ്ങൾക്കു വേണ്ടതാണെന്നു മനസ്സിലാക്കിക്കൊടുക്കണമെന്നും  അദ്ദേഹം പറഞ്ഞു. 

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർദിനാളുമായി വിഴിഞ്ഞം വിഷയം ചർച്ച ചെയ്തില്ല. പൊതുകാര്യങ്ങൾ മാത്രമാണു സംസാരിച്ചതെന്നും തരൂർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ  മനസ്സിലാക്കണം. അവരെ വികസന വിരുദ്ധരെന്നും  ദേശവിരുദ്ധരെന്നും പറയുന്നതു തെറ്റാണ്. ജീവൻ പണയംവച്ചു പ്രളയകാലത്തു ജനങ്ങളെ രക്ഷിച്ചത് അവരാണ്. 

നമ്മൾ അവർക്കു വേണ്ടി എന്തു ചെയ്തു എന്നു ചോദിക്കാൻ അവർക്ക് അവകാശമുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ് ഭൂരിപക്ഷവും. അവർ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ അനുകമ്പയോടെ സഹായം ചെയ്തു കൊടുക്കേണ്ടതു സർക്കാരിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമെന്ന് കർദിനാൾ

വിഴിഞ്ഞം പ്രശ്നപരിഹാരത്തിനുള്ള സമയം അതിക്രമിച്ചുവെന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഴിഞ്ഞത്തു തുറമുഖം നിർമിക്കരുതെന്ന നിലപാടു മത്സ്യത്തൊഴിലാളികൾക്കില്ല. പക്ഷേ, അവരുടെ അവസ്ഥ പരിതാപകരമാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണം. ശശി തരൂരുമായി നടന്നതു സൗഹൃദ കൂടിക്കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS