ADVERTISEMENT

കൊച്ചി ∙ ഒറ്റ ദിവസത്തിന്റെ വ്യത്യാസത്തിൽ നിസമോൾക്കു നഷ്ടമായത് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ജോലിയാണ്. 2015 മാർച്ച് 30നു കാലാവധി അവസാനിച്ച എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നയാളായിരുന്നു പറവൂർ സ്വദേശി കെ.കെ. നിസമോൾ (44). ആ വർഷം ജൂൺ 30 വരെ, പ്രതീക്ഷിക്കാവുന്ന ഒഴിവുകൾക്കു കൂടി കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നൽകാമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു.

എന്നാൽ ഈ ഒഴിവുകൾ മാർച്ച് 30നു മുൻപു റിപ്പോർട്ട് ചെയ്യണം. മുസ്‌ലിം വിഭാഗത്തിൽ അടുത്തതായി പരിഗണിക്കേണ്ടിയിരുന്ന നിസ അതിനാൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിലുമായിരുന്നു. മാർച്ച് 30നു രാത്രി 12 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെല്ലാം പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തി. എന്നാൽ ചില വകുപ്പുകളിൽ ജൂൺ 30നു മുൻപ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന 4 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തത് മാർച്ച് 31ന്. റാങ്ക് ലിസ്റ്റിന്റെ കാലാവധി 30ന് അവസാനിച്ചതിനാൽ നിസ പുറത്തായി. ചില വകുപ്പുകൾ ഒഴിവുകളുടെ വിവരം ഇമെയിലിനു പകരം തപാൽ മാർഗം പിഎസ്‌സിയെ അറിയിച്ചതു കൊണ്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയതെന്നു നിസ പറയുന്നു. പ്രായപരിധി കഴിഞ്ഞതിനാൽ നിസയ്ക്ക് ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയില്ല.

നിയമനത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു ഉത്തരവ്. 31നു റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമനം നൽകാൻ കഴിയില്ലെന്ന പിഎസ്‌സി നിലപാട് സർക്കാർ ശരിവച്ചതോടെ നിസ പ്രതിസന്ധിയിലായി. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി കാത്തിരിക്കുകയാണു നിസ. ഉദ്യോഗസ്ഥർ ഒഴിവുകൾ കൃത്യസമയത്തു റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ തനിക്കു ജോലി ലഭിക്കുമായിരുന്നുവെന്നു നിസ വേദനയോടെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com