ADVERTISEMENT

ചോറ്റാനിക്കര ∙ ദേവി ചൈതന്യം പകർന്നു തെളിഞ്ഞ തൃക്കാർത്തിക ദീപപ്രഭയിൽ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം സുവർണകാന്തിയണിഞ്ഞു. ചോറ്റാനിക്കരയമ്മയുടെ തിരുനാൾ നിറവിൽ ക്ഷേത്രത്തിൽ നടന്ന തൃക്കാർത്തിക ദീപക്കാഴ്ചയിൽ ഭക്തസഹസ്രങ്ങൾ പങ്കാളികളായി. ദീപാരാധനയ്ക്കു മുൻപായി കൊച്ചിൻ ദേവസ്വം ബോർഡ് അംഗം വി.കെ. അയ്യപ്പൻ ആദ്യദീപം തെളിച്ചതോടെയാണു കാർത്തിക വിളക്കിനു തുടക്കമായത്. തുടർന്നു പ്രദക്ഷിണ വഴിയിലും നടപ്പന്തലിലും നിരത്തിയ നിലവിളക്കുകളിലും ചുറ്റുവിളക്കുകളിലും ദീപനാളം പകർന്നതോടെ ദേവീക്ഷേത്രം ദീപപ്രഭയിൽ നിറഞ്ഞു. ശ്രീകോവിലിൽ നെയ്ത്തിരികളാണു ശോഭ പകർന്നത്.

51 കുത്തുവിളക്കുകളുടെ അകമ്പടിയോടെ 5 ആനകളും തൃക്കാർത്തിക വിളക്കിന് അണിനിരന്നു. തുടർന്നു ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ കാർത്തിക വിളക്കെഴുന്നള്ളിപ്പ് നടന്നു. തിരുനാൾ ദിനത്തിൽ മകം നാളിൽ ചാർത്തുന്ന വിശേഷാൽ തങ്കഗോളകയും ആടയാഭരണങ്ങളും ചാർത്തി സർവാഭരണ വിഭൂഷിതയായ ദേവിയെ ദർശിക്കാൻ ആയിരങ്ങളാണു ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ വിശേഷാൽ അഭിഷേകത്തിനു പുറമേ നവകം, പഞ്ചഗവ്യം, 25 കലശം, ശ്രീഭൂതബലി എന്നിവയും തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പന്തീരടിപൂജയും നടന്നു.

ഉച്ചയ്ക്ക് തൃക്കാർത്തിക സദ്യയ്ക്കും തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രചടങ്ങുകൾക്കു മേൽശാന്തിമാരായ എൻ.കെ. രാമൻ നമ്പൂതിരി, ഇ.പി. ദാമോദരൻ നമ്പൂതിരി എന്നിവർ കാർമികരായി. ചടങ്ങുകൾക്കു ദേവസ്വം അസി. കമ്മിഷണർ പി.കെ. അംബിക, മാനേജർ കെ.എൻ. ദീപേഷ്, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്, പ്രകാശൻ ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി. രോഹിണി നാളായ ഇന്നു രാവിലെ ക്ഷേത്ര ചടങ്ങുകൾ, ഉച്ചകഴിഞ്ഞ് 3നു ഭക്തമീര ഭജൻസ്, 4നു നൃത്തം, 5.30നു തിരുവാതിര, 6നു ഭരതനാട്യ കച്ചേരി, 6.30നു തായമ്പക, തൃക്കാർത്തിക നാദോത്സവം, 8 മുതൽ ഭരതനാട്യ കച്ചേരി, 8.30നു തിരുമുപ്പം ഉണ്ണിക്കൃഷ്ണ മാരാരുടെ പ്രമാണത്തിൽ പ‍ഞ്ചാരിമേളത്തോടെ 5 ആനകൾ അണിനിരക്കുന്ന രോഹിണി വിളക്ക്. നാളെ രാത്രി 8.30നു മകയിരം വിളക്കോടെ ഉത്സവം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com