അങ്കമാലി ∙ എംസി റോഡ് വികസനം വീണ്ടും. വികസനവുമായി ബന്ധപ്പെട്ട് പഠനം തുടങ്ങി. റോഡിനായി നേരത്തെ സ്ഥലം വിട്ടുകൊടുക്കുകയും ബാക്കി വന്ന സ്ഥലത്ത് ലക്ഷങ്ങൾ മുടക്കി വീടു നിർമിക്കുകയും ചെയ്തവർ ആശങ്കയിൽ. തലസ്ഥാന നഗരിയുമായി സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയുമായുള്ള ബന്ധം മെച്ചമാക്കുന്നതിനാണ് എംസി റോഡ് വികസിപ്പിക്കാൻ സർക്കാർ പദ്ധതി ഇട്ടിട്ടുള്ളത്.
2004ൽ എംസി റോഡ് വികസിപ്പിക്കുന്നതിന് സ്ഥലം വിട്ടു നൽകിയവർക്ക് അന്ന് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊളിച്ചുമാറ്റേണ്ടി വന്നിരുന്നു. വൻ നഷ്ടമാണ് അന്ന് ഉണ്ടായിട്ടുള്ളത്. റോഡ് നിർമിച്ച് കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് കെട്ടിടങ്ങൾ നിർമിച്ചു. 15 വർഷം കഴിഞ്ഞപ്പോൾ ഒട്ടേറെ കെട്ടിടങ്ങൾ ഉയരുകയും മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു. ഈ കെട്ടിടങ്ങൾ വീണ്ടും പൊളിക്കേണ്ട സാഹചര്യം വന്നാൽ പ്രദേശവാസികൾക്ക് താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കും. നേരത്തെ സ്ഥലം വിട്ടു നൽകിയവർ ഏറെ വർഷങ്ങൾക്കു ശേഷമാണ് ജീവിതം കരുപ്പിടിപ്പിച്ചത്.
ദേശീയപാതയുടെയും എം സി റോഡിന്റെയും അങ്കമാലി ടൗൺ ഭാഗത്ത് വീതി കുറവാണ്. ദേശീയപാതയും എം സി റോഡും പുനർനിർമിച്ച സമയത്ത് വേണ്ടത്ര വീതിയെടുക്കാതിരുന്നതാണ് പ്രശ്നമായത്. ദേശീയ പാതയോ എം സി റോഡോ ഏതെങ്കിലും ഒന്നു മാത്രം വീതി കൂട്ടിയാലും ഗതാഗതക്കുരുക്കിന് പരിഹാരമാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ സ്ഥലം ഏറെയൊന്നും ഏറ്റെടുക്കാതെ റോഡ് നിർമിച്ച് അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും.
അങ്കമാലി ടൗണിനു മുൻപ് എംസി റോഡിൽ വേങ്ങൂർ ഡബിൾ പാലവും ദേശീയ പാതയിൽ കരയാംപറമ്പ് പാലത്തിനെയും ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിച്ചാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും.കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള 240 കിലോമീറ്റർ എംസി റോഡ് വീതികൂട്ടുന്നതിനുള്ള സാധ്യതാ പഠനം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ആരംഭിച്ചിട്ടുണ്ട്.
എംസി റോഡിന്റെ എല്ലാ പ്രധാന ടൗണുകളിലും വീതികൂട്ടാനാണ് തീരുമാനം.എംസി റോഡിന്റെയും കൊല്ലം-ചെങ്കോട്ടൈ ഹൈവേയുടെയും വികസനത്തിന് 1500 കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്നാണ് നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പഠനത്തിന് ശേഷം കിഫ്ബി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുകയും റിപ്പോർട്ട് 4 മാസത്തിനകം സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.
പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിൽ ഉണ്ടാകും. ജനങ്ങൾക്ക് പ്രശ്നങ്ങൾ കുറഞ്ഞ പദ്ധതികൾ ഉണ്ടെങ്കിലും അതൊന്നും പൂർത്തീകരിക്കാതെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വേങ്ങൂരും കരയാംപറമ്പും തമ്മിൽ ബന്ധിച്ച് ഒഴുകുന്ന തോടിനറ വശത്തുകൂടി റോഡ് നിർമിച്ചാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാം. ഇത് സംബന്ധിച്ച നിർദേശങ്ങൾ ഒട്ടേറെ പ്രാവശ്യം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ആയിട്ടില്ല. നിർദിഷ്ട കുണ്ടന്നൂർ ബൈപാസ് വിഭാവനം ചെയ്തിട്ടുള്ളതും ഈ തോടിന്റെ വശങ്ങളിലൂടെയാണ്.
കുണ്ടന്നൂർ ബൈപാസിന്റെ സർവേ നടപടികൾ തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. അങ്കമാലി ബൈപാസ് നിർമാണത്തിന്റെ നടപടികളും മുന്നോട്ടു നീങ്ങുന്നതേയുള്ളു. അങ്കമാലി ബൈപാസ് നിർമാണം യാഥാർഥ്യമാകണമെങ്കിൽ ഇനിയും വർഷങ്ങൾ പിടിക്കും. അങ്കമാലി ബൈപാസിനായി ഏറ്റെടുക്കുന്നതിനായുള്ള വസ്തുവകകളുടെ മൂല്യം നിർണയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ചെയ്യേണ്ടതുണ്ട്.