ADVERTISEMENT

കൊച്ചി∙ 100 വർഷത്തെ പാരമ്പര്യവും പൈതൃക മന്ദിരമെന്ന തലയെടുപ്പുമുള്ള കണയന്നൂർ താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ നേർമുറ്റത്തു ശുചിമുറി സമുച്ചയം നിർമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. താലൂക്ക് ഓഫിസ് പരിസരത്ത് വേറെയും സ്ഥലമുണ്ടായിട്ടും ഓഫിസുകളുടെ മുന്നിൽ തന്നെ സമുച്ചയം നിർമിക്കാനുള്ള തീരുമാനത്തിനെതിരെയാണു വിമർശനം. കെട്ടിടത്തിന്റെ ജാലകത്തിലോ മുന്നിലെ മതിലിലോ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പോലും പൈതൃക മന്ദിരമെന്ന നിലയിൽ ഒട്ടേറെ തടസ്സങ്ങൾ നിലനിൽക്കുമ്പോഴാണു നേർമുറ്റത്തു ശുചിമുറി കെട്ടാനുള്ള അടിത്തറ പാകലും നിർമാണവും നടക്കുന്നത്.

പത്തുലക്ഷത്തിന്റെ പദ്ധതി

സർക്കാർ ഓഫിസുകളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി ‘ ബാരിയർ ഫ്രീ എറണാകുളം’ എന്ന പേരിൽ നിർമിക്കുന്ന മൂന്നാമത്തെ ശുചിമുറി സമുച്ചയമാണിത്. തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലും കാക്കനാട് കലക്ടറേറ്റിലും പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ ശുചിമുറി സമുച്ചയം നിർമിച്ചു.

ഈ പദ്ധതിയിലെ മൂന്നാമത്തെ ശുചിമുറി സമുച്ചയമാണു കണയന്നൂർ താലൂക്ക് ഓഫിസിന്റെ മുറ്റത്ത് അടിത്തറ പാകി നിർമാണം തുടങ്ങിയത്.10 ലക്ഷം രൂപയാണു സർക്കാർ പൊതുമരാമത്ത് വകുപ്പിന് ഇതിനായി നൽകുന്നത്. ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണു വ്യവസ്ഥ. ഭിന്നശേഷിക്കാർക്കായുള്ള ഒന്നടക്കം 3 ശുചിമുറികൾ അടങ്ങിയ കോൺക്രീറ്റ് കെട്ടിടമാവും പൈതൃക മന്ദിരത്തിനു മുന്നിൽ ഉയരുക.

ഹെറിറ്റേജിന്റെ തെളിമ

കൊച്ചി രാജ്യത്തിന്റെ സെക്രട്ടേറിയറ്റായിരുന്നു കണയന്നൂർ താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയം. കൊച്ചി ദിവാന്റെ ഓഫിസായി പ്രവർത്തിച്ച ഈ കെട്ടിടം മുതൽ മറൈൻഡ്രൈവിലെ ഗെസ്റ്റ് ഹൗസ് വരെയുള്ള നിർമാണങ്ങളിൽ പഴമയുടെ പ്രൗഢി ഇന്നും കാണാം. നഗരമായി വളരുമെന്നു മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്താണ് ഈ മേഖലയിലെ കെട്ടിടങ്ങൾ ബ്രിട്ടിഷ് ഭരണകാലത്തു കെട്ടിപ്പൊക്കിയത്. യോർക്ക് ഷെയറിൽ നിന്ന് ഇറക്കുമതി ചെയ്ത ഇരുമ്പുതൂണിലും സ്പാനിലുമാണ് കെട്ടിടത്തിന്റെ നിർമ്മിതി.

വേറെ ഇടമില്ലെന്ന്

കലക്ടറും റവന്യൂ വിഭാഗത്തിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ഈ സ്ഥലം തീരുമാനിച്ചത്. കണയന്നൂർ താലൂക്ക് ഓഫിസും കോടതിയും ട്രഷറിയും അടങ്ങിയ കോംപൗണ്ടിൽ ശുചിമുറിക്കു പറ്റിയ വേറെ സ്ഥലമില്ലെന്നാണു സ്ഥലം നിർണയിച്ചു നൽകിയ റവന്യു വിഭാഗത്തിന്റെ വിശദീകരണം. ട്രഷറിയിൽ എത്തുന്ന വയോധികർക്കും വിവിധ ഓഫിസുകളിൽ എത്തുന്ന ഭിന്നശേഷിക്കാർക്കും ഏറെദൂരം അലയേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യവും നടമുറ്റത്തു തന്നെ ശുചിമുറി നിർമിക്കുന്നതിനു പിന്നിലുണ്ട്. 

വിവിധ ഓഫിസുകളുള്ള കണയന്നൂർ താലൂക്ക് ഓഫിസ് പരിസരത്തു പൊതുജനത്തിന് ഉപയോഗിക്കാൻ ശുചിമുറി സംവിധാനം തീരെയില്ലെന്നു പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ശുചിമുറി സമുച്ചയം വരുന്നത് നല്ലതാണെങ്കിലും പൈതൃകമന്ദിരത്തിന്റെ ശോഭ കെടുത്തുന്ന നിലയിൽ നേരേ മുന്നിൽ തന്നെ സ്ഥാപിക്കുന്നതിലാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com