ADVERTISEMENT

മൂവാറ്റുപുഴ∙ എണ്ണായിരം ടൺ പൈനാപ്പിൾ സംഭരണത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികൾ എത്തിയതിന്റെ ഉണർവിൽ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്. ഇത്തവണത്തെ സീസണിൽ പൈനാപ്പിളിനു റെക്കോർഡ് വില ഉൾപ്പെടെ ലഭിക്കുകയും വൻതോതിലുള്ള വിലയിടിവ് ഇല്ലാതിരുന്നതും കോവിഡ് കാലത്ത് തകർച്ച നേരിട്ട കർഷകർക്ക് വലിയ ആശ്വാസമായിരുന്നു. ഇതിനിടയിലാണ് പൈനാപ്പിൾ ശേഖരിക്കാൻ ഇതര സംസ്ഥാനങ്ങളിലെ പൈനാപ്പിൾ കമ്പനികൾ വാഴക്കുളത്ത് സജീവമായിരിക്കുന്നത്.

കോവിഡിനു മുൻപ് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം സംസ്കരണ കമ്പനികൾ വാഴക്കുളത്തു നിന്ന് 8000 ടൺ പൈനാപ്പിൾ സംഭരിച്ചത്. തുടർന്ന് വൻ വിലയിടിവു ഭീഷണിയിൽ ആയിരുന്ന പൈനാപ്പിളിനു നല്ല വില ലഭിക്കുകയും ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറി വ്യാപാരം വീണ്ടും സജീവമായതോടെ പൈനാപ്പിൾ സംഭരിക്കാൻ കമ്പനികൾ പൈനാപ്പിളിനു ഓർഡർ നൽകി തുടങ്ങിയിട്ടുണ്ട്.

പൈനാപ്പിൾ പൾപ്പും മറ്റു മൂല്യവർധിത ഉൽപന്നങ്ങളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന കമ്പനികൾ വിപണിയിൽ സജീവമായതിനാൽ പൈനാപ്പിൾ വില ഈ വർഷത്തിന്റെ തുടക്കത്തിലും കർഷകരെ കഷ്ടത്തിലാക്കുന്ന വിധത്തിൽ ഇടിഞ്ഞിട്ടില്ല. ഇപ്പോഴും വില 24 – 26 രൂപയായി നിലനിൽക്കുന്നുമുണ്ട്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി പൈനാപ്പിളിനു വില സ്ഥിരത ലഭിച്ച വർഷമായിരുന്നു 2022. പൈനാപ്പിൾ വില റെക്കോർഡ് വിലയായ 60 രൂപ വരെയായി ഉയർന്നിരുന്നു. റെക്കോർഡ് വിലയിൽ നിന്ന് 40, 30, 25 വരെയായി ഘട്ടം ഘട്ടമായി താഴ്ന്നെങ്കിലും വൻ ഇടിവ് ഉണ്ടായില്ല.

മുൻ വർഷങ്ങളിൽ കോവിഡ്, വെള്ളപ്പൊക്കം, കാലാവസ്ഥ വ്യതിയാനം, തൊഴിൽ ക്ഷാമം എന്നിവ കാരണം പൈനാപ്പിൾ വില 7 രൂപ വരെയായി കുറഞ്ഞിരുന്നു. തോട്ടത്തിൽ കിടന്നു ടൺ കണക്കിനു പൈനാപ്പിൾ ചീഞ്ഞു പോകുകയും പൈനാപ്പിൾ കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. ഫെബ്രുവരിയോടെ ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുന്നതും മാർച്ച‌ിൽ റമസാൻ ആരംഭിക്കുന്നതും പൈനാപ്പിൾ വിലയ്ക്കു താങ്ങാകുമെന്നു കർഷകർ  പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com