ADVERTISEMENT

ആലുവ∙ മഹാശിവരാത്രിക്കു മണപ്പുറത്ത് എത്തുന്ന ഭക്തജനങ്ങളെ നഗരസഭ ‘ചുവപ്പു പരവതാനി’ വിരിച്ചു സ്വീകരിക്കും. ദേവസ്വം ബോർഡ് 116 ബലിത്തറകൾ ഒരുക്കും. 75 രൂപയാണു ബലിതർപ്പണത്തിന്റെ നിരക്ക്. ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ വർധന പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷയ്ക്കു മുൻ വർഷങ്ങളുടെ ഇരട്ടി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കെഎസ്ആർടിസി 100 സ്പെഷൽ ബസ് സർവീസുകൾ നടത്തും. ശിവരാത്രി നാളിൽ രാത്രി 12.30 വരെ കൊച്ചി മെട്രോ സർവീസ് നടത്തും. പിറ്റേന്നു പുലർച്ചെ 4നു വീണ്ടും സർവീസ് ആരംഭിക്കും. മണപ്പുറത്ത് 1360 മീറ്റർ സ്ഥലത്തും പുഴയിൽ 240 മീറ്റർ സ്ഥലത്തും ബാരിക്കേഡ് കെട്ടും.

programme
തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ആലുവ ശിവരാത്രി അവലോകന യോഗത്തിൽ പ്രസിഡന്റ് കെ. അനന്തഗോപൻ പ്രസംഗിക്കുന്നു.

നേവിയുടെയും അഗ്നിരക്ഷാസേനയുടെയും സ്കൂബാ സംഘം ഉണ്ടാകും. ദേവസ്വം ബോർഡ് 3 നേരം അന്നദാനം നടത്തും. കുളിക്കടവുകളിൽ ഇത്തവണ മണൽ ചാക്കുകൾ വിരിക്കില്ല. ചാക്കുകൾക്കു മുകളിൽ ചെളിയടിഞ്ഞു പിന്നീടു കുളിക്കാനിറങ്ങുന്നവർ അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് മണൽ ചാക്കുകൾ ഒഴിവാക്കാൻ തീരുമാനിച്ചത്.നഗരസഭയുടെ വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും നടക്കുന്ന വടക്കേ മണപ്പുറത്താണു പൊടിശല്യം ഒഴിവാക്കാൻ പരവതാനി വിരിക്കുന്നത്. ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചു നനയ്ക്കുന്നതിനു പകരം മണപ്പുറം പൂർണമായും പരവതാനി വിരിക്കുന്നത് ആദ്യമായാണ്. 

വ്യാപാരമേള ലേലത്തിൽ പിടിച്ച ബെംഗളൂരുവിലെ ഫൺ വേൾഡ് ആൻഡ് റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മണപ്പുറത്തു പരവതാനി വിരിക്കുന്നതെന്നു ദേവസ്വം ബോർഡ് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി അറിയിച്ചു. മണപ്പുറത്തെ ബലിത്തറകളുടെ രൂപരേഖ പൂർത്തിയായെന്ന് അധ്യക്ഷത വഹിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. ലേലം ഉടൻ ആരംഭിക്കും.ദേവസ്വം ബോർഡ് അംഗം എസ്.എസ്. ജീവൻ, കമ്മിഷണർ ബി.എസ്. പ്രകാശ്, ചീഫ് എൻജിനീയർ ആർ. അജിത്കുമാർ, അസി. എൻജിനീയർ യു. ഹരീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com