കൊലകൊമ്പൻമാരെ മര്യാദക്കാരാക്കുന്ന ‘ആന’പ്പള്ളിക്കൂടം; സ്നേഹം കൊണ്ടു കീഴടക്കുന്ന സിലബസ്

HIGHLIGHTS
  • കാടും നാടും വിറപ്പിക്കുന്ന ആനക്കുറുമ്പന്മാരെ നല്ലകുട്ടികളാക്കുന്ന കോടനാട്ടെ സ്കൂൾ
പാപ്പാൻ അയ്യപ്പൻകുട്ടിയുടെ നിർദേശമനുസരിച്ചു മുൻകാൽ ഉയർത്തിയ പീലാണ്ടി ചന്ദ്രുവിന്റെ മുകളിൽ കയറുന്ന പാപ്പാൻ മുരുകൻ തങ്കപ്പൻ.
SHARE

കാടും നാടും വിറപ്പിക്കുന്ന കൊലകൊമ്പൻമാർ കോടനാട് എത്തിയാൽ അനുസരണയുള്ള നല്ല കുട്ടികളാകും. കേരളത്തിലെ പഴക്കമേറിയ ആന പരിശീലന കേന്ദ്രമായ കോടനാട് ഓരോ ആനയും വർഷങ്ങൾ നീണ്ട പഠനത്തിലൂടെ നാട്ടാനയായി മാറും. ആനപ്പളളിക്കൂടത്തിലെ ആശാൻമാരായ പാപ്പാൻമാരാണ് ഇവരെ പുതിയ ‘ആന’കളായി മാറ്റിയെടുക്കുന്നത്. 

തുടക്കം രാജഭരണകാലത്ത്  

തിരുവിതാംകൂറിൽ 1895ലാണ് ആന പിടിത്തം തുടങ്ങിയത്. റിസർവ് വനങ്ങളിൽ നിന്നായിരുന്നു ആദ്യം ആനകളെ പിടിച്ചിരുന്നത്. അന്നു മുതൽ ആന പരിശീലന കേന്ദ്രം ഉണ്ട്. കോടനാട് ആനക്കളരി നിലവിലെ രൂപത്തിലാക്കിയത് 1965ലാണ്. വാരിക്കുഴിയുണ്ടാക്കി ആനകളെ വീഴ്ത്തി പിടിച്ചു കൊണ്ടു വന്നു മെരുക്കിയെടുക്കുകയായിരുന്നു പതിവ്.

1972ൽ വന്യജീവി സംരക്ഷണ നിയമം പാസായതോടെ ആനപിടിത്തം നിരോധിച്ചു. കിണറുകളിലോ കുഴികളിലോ പുഴയിലോ വീണു പരുക്കേൽക്കുന്ന ആനകളെ പരിശീലിപ്പിക്കൽ മാത്രമായി പിന്നീട്. അപകടകാരികളായ ആനകളെ പിടികൂടി പരിശീലിപ്പിക്കലും തുടങ്ങി. ഏറ്റവും അവസാനം കോടനാട് ആനക്കളരിൽ പരിശീലിപ്പിച്ച പീലാണ്ടി ചന്ദ്രു അത്തരത്തിൽ ഉളള ആനയാണ്.  പാമ്പാടി രാജൻ ഉൾപ്പെടെ ഒട്ടേറെ പൂർവവിദ്യാർഥികളാണ് കോടനാട് പരിശീലനം നേടി പുറത്തിറങ്ങിയത്.

സ്നേഹം കൊണ്ടു കീഴടക്കുന്ന സിലബസ് 

കോടനാട് എത്തിക്കുന്ന ആനകൾക്കായി യൂക്കാലി മരം കൊണ്ടു കൂടു നിർമിക്കലാണ് ആദ്യം ചെയ്യുന്നത്. ബലമുള്ള കൂട്ടിൽ നിന്ന് ആനയ്ക്കു പുറത്തു കടക്കാനാകില്ല. പുറത്തു കടക്കാൻ ശ്രമിക്കുമ്പോൾ ആനയ്ക്കു പരുക്കേൽക്കാതിരിക്കാനാണ് ഉരുണ്ട യൂക്കാലി മരം ഉപയോഗിക്കുന്നത്. മനുഷ്യനുമായി ഇണക്കുക എന്നതാണ് അടുത്ത പടി. ഇതിനായി പാപ്പാൻമാർ 6 മാസം മുതൽ ഒരു വർഷം വരെ കൂടിനു മുന്നിൽ ഷെഡ് കെട്ടി താമസിക്കും. ആന ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ കാണുന്നതു പാപ്പാന്മാരെയാണ്. ഇഷ്ടഭക്ഷണം നൽകിയും കൂടു കഴുകിയും ദേഹത്തു വെള്ളമൊഴിച്ചു തണുപ്പിച്ചും ആനയുടെ സ്നേഹം ഇവർ പിടിച്ചു പറ്റും.

മുതിര, റാഗി, ശർക്കര, ചോറ്, ഇന്തപ്പഴം, പഴം എന്നിവ അരച്ച് ഉരുളയാക്കി കൊടുക്കും. കരിമ്പിൻ തണ്ട്, പുല്ല്, ചക്കപ്പഴം തുടങ്ങിവയും കൊടുക്കും. ഇഷ്ട ഭക്ഷണം നൽകുന്നതിലൂടെ ലഭിക്കുന്ന സ്നേഹം മുതലെടുത്താണു ‘സിലബസ്’ അനുസരിച്ചുള്ള ചട്ടം പഠിപ്പിക്കൽ ആരംഭിക്കുന്നത്. ഇണങ്ങിയെന്നു തോന്നുമ്പോൾ മാത്രമാണു പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നത്. കൂടു വൃത്തിയാക്കുമ്പോഴും വെളളമൊഴിച്ചു തണുപ്പിക്കുമ്പോഴും തീറ്റ കൊടുമ്പോഴും ഓരോന്നു പഠിപ്പിക്കും. 15–20 മിനിറ്റിൽ കൂടുതൽ ഒരേ കാര്യങ്ങൾ പറയുന്നത് ആനയ്ക്ക് ഇഷ്ടമല്ല. അതിനാൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും 3 നേരമായാണു പഠിപ്പിക്കൽ. പരമാവധി 20 മിനിറ്റാണ് ഒരു നേരത്തെ പഠനം.

തുമ്പിക്കൈ ഉയർത്താൻ ‘പീരി ആനേ’എന്നു പറയണം. ഇതു പല ദിവസങ്ങൾ കൊണ്ടാണു പഠിപ്പിക്കുന്നത്. വടി കൊണ്ടു തൊട്ടാൽ കാൽ ഉയർത്താനും താഴ്ത്താനും പഠിപ്പിക്കും. ‘ഇരിക്കാനേ , കിടക്കാനേ, എണീക്കാനേ’ തുടങ്ങിയവയാണു നിർദേശങ്ങൾ. മുന്നോട്ടു പോകാനും പിന്നോട്ടു മാറാനും പഠിപ്പിക്കും. മുന്നോട്ടും പിന്നോട്ടും എന്നത് ആശയക്കുഴപ്പം ഉണ്ടാക്കും എന്നതിനാൽ ഏതെങ്കിലും ഒന്നായിരിക്കും ആദ്യം പഠിപ്പിക്കുന്നത്. 

ആദ്യം തീറ്റ കൂട്ടിൽ വച്ചും കൊടുക്കും. പിന്നീടു തുമ്പിക്കയ്യിൽ കൊടുക്കും. വായിൽ വച്ചു കൊടുക്കുന്നതോടെ കൂടുതൽ ഇണങ്ങും. കൂടു രണ്ടായി പകുത്തു പാപ്പാന്മാർ അകത്തു കയറുന്ന  ഘട്ടമുണ്ട്. ‘കുറുങ്കൂട്’  എന്നാണ് ഇതിനു പറയുന്നത്. ഒരു ഭാഗത്ത് ആനയും മറു ഭാഗത്തു പാപ്പാനും നിൽക്കും. ഈ സമയത്താണു കാലിൽ ചകിരിക്കയർ കെട്ടുന്നത്.  ചകിരിക്കയർ കെട്ടി ഇക്കിളി മാറ്റിയാണ് ഇരുമ്പു ചങ്ങല ഇടുന്നത്. ഇത്തരം ആനകളെ ഒരു വർഷത്തിനുള്ളിൽ കൂട്ടിൽ നിന്നു പുറത്തിറക്കി പറമ്പിൽ തളയ്ക്കും. 

മുരുകനും അയ്യപ്പനും

പീലാണ്ടിയെ മെരുക്കിയെടുത്തതു വനംവകുപ്പിലെ താൽക്കാലിക പാപ്പാന്മാരായ  മുരുകൻ തങ്കപ്പനും എം.സി അയ്യപ്പൻകുട്ടിയുമാണ്. അഞ്ചര വർഷം ഇവർ രാവും പകലും കഠിനാധ്വാനം ചെയ്തു. അതിൽ ആദ്യത്തെ ഒരു വർഷം വീട്ടിൽ പോലും പോകാൻ കഴിയാതെ ആനക്കൂടിനു മുന്നിലായിരുന്നു ഇവരുടെ താമസവും ഭക്ഷണവും. 11 വർഷമായി ഇരുവരും ഇവിടെ പാപ്പാന്മാരായി ജോലി ചെയ്യുന്നു. 6 ആനകൾക്ക്  9 പാപ്പാന്മാരുണ്ട്. ഇവരിൽ ഒരാൾ മാത്രമാണു സ്ഥിരം പാപ്പാൻ. 800 രൂപയാണ് ഇവർക്കു ദിവസക്കൂലി. അപകടകരമായ ജോലി ചെയ്യുന്ന ഇവർക്കു സ്ഥിരം നിയമനം നൽകണമെന്ന ആവശ്യം ഉണ്ട്. 

പഴയ ആനക്കളരി നശിക്കുന്നു

1965ൽ പുതുക്കി നിർമിച്ച ആനക്കളരിയിൽ ഇപ്പോൾ ആന പരിശീലനം ഇല്ല. 10 വർഷം മുൻപു കോടനാട് കപ്രിക്കാട് അഭയാരണ്യം തുടങ്ങിയതോടെ മൃഗങ്ങളെയെല്ലാം അവിടേക്കു മാറ്റി. ആനക്കളരിയും നിർത്തി. ചിതലരിച്ചും കാടു കയറിയും കിടക്കുകയാണ്. പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്നും ആന മ്യൂസിയം സജ്ജമാക്കണമെന്നും ആണു നാട്ടുകാരുടെ ആവശ്യം. 

പീലാണ്ടി ചന്ദ്രു, 43 വയസ്സ് 

കോടനാട് ഒടുവിൽ മെരുക്കിയെടുത്ത ആനയുടെ സമീപത്ത് ഒരു ബോർഡുണ്ട്. നാട്ടാനയായി മാറുന്ന ഓരോ ആനയും പറയുന്ന വാക്കുകളായി ഇവയെ വായിക്കാം.‘ പീലാണ്ടി ചന്ദ്രു, 43 വയസ്സ്, മണ്ണാർകാട് ഡിവിഷനിലെ വന പ്രദേശങ്ങളിൽ സ്വൈരവിഹാരം നടത്തിയിരുന്ന എന്നെ 30.5.17ൽ വനംവകുപ്പ് പിടികൂടി താൽക്കാലിക കൂട്ടിൽ അടയക്കുകയായിരുന്നു. ആദിവാസികൾക്കിടയിൽ പീലാണ്ടി എന്നു വിളിപ്പേരുള്ള എന്നെ കണ്ടു ഭയന്ന് ഓടിയും അപ്രതീക്ഷിതമായും സംഭവിച്ച മനുഷ്യ മരണങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാനൊരു ഭക്ഷണ പ്രിയനാണ്. കരിമ്പും പുല്ലും പ്ലാവിലയും അവലും ഈന്തപ്പഴവും തണ്ണിമത്തനും എന്റെ ഇഷ്ട വിഭവങ്ങളാണ്. ഞാനും ക്യാംപിലെ കൂട്ടുകാരെ പോലെയാകാൻ ശ്രമിക്കുന്നു’.

ആദിവാസികളുടെ ദൈവം 

തമിഴ്നാട് അതിർത്തിയിലെ അഗളി റേഞ്ചിൽപ്പെട്ട അട്ടപ്പാടി മണ്ണാർക്കാട് ഷോളയാർ ഡിവിഷനിലെ സമ്പാർകോട് സെറ്റിൽമെന്റ് കോളനിക്കടുത്തു നിന്നാണു പീലാണ്ടിയെ പിടികൂടിയത്. വനംകൊളളക്കാരുടെയും മറ്റും ആക്രമണത്തിൽ ആന അപകടകാരിയായി മാറുകയായിരുന്നു. സാമ്പാർകോട് കോളനിയിലെ ആദിവാസിയായ പീലാണ്ടിയെ കൊന്നതോടെ ഒറ്റയാൻ മറ്റൊരു അസ്തിത്വത്തിലേക്ക് ഉയർന്നു. ദൈവകോപമാണു പീലാണ്ടിയുടെ കൊലയ്ക്കു കാരണമെന്ന് ആദിവാസികൾ വിശ്വസിച്ചു.

കളിമണ്ണിൽ പീലാണ്ടിയുടെ രൂപമുണ്ടാക്കിയും തിരിതെളിച്ചും വാഴ്ത്തുപാട്ടു പാടിയും ആദിവാസികൾ ഒറ്റയാനെ പ്രീതിപ്പെടുത്തി ദൈവമായി ആരാധിച്ചു തുടങ്ങി. കോളനിയിലെ കൃഷിയിടങ്ങളിൽ ആനയ്ക്കു വേണ്ടി പ്ലാവുകൾ നട്ടുപിടിപ്പിച്ചു. വാഴകൃഷിയും പൈനാപ്പിൾ തോട്ടവും അവനായി വളർന്നു. വർഷത്തിലൊരിക്കൽ ഒറ്റയാൻ വന്നു കൃഷി നശിപ്പിച്ചാൽ പിറ്റേ വർഷം ഇരട്ടി വിളവു ലഭിക്കുമെന്നായിരുന്നു ആദിവാസികളുടെ വിശ്വാസം. ഒൻപതുപേർ കൊല്ലപ്പെട്ടതോടെയാണു വനം വകുപ്പ് അവനെ പിടികൂടിയത്.

തങ്ങളുടെ ദൈവത്തെ കാണണമെന്നാവശ്യപ്പെട്ട് അഗളി റേഞ്ച് ഓഫിസിൽ ആദിവാസികൾ അപേക്ഷ നൽകി. 65 ആദിവാസികളെയും 11കുട്ടികളെയും വനംവകുപ്പിന്റെ ചെലവിൽ കോടനാട് എത്തിച്ചു. തേങ്ങയും ശർക്കരയും പഴക്കുലയും ചക്കപ്പഴവും കാഴ്ച വച്ച ശേഷമാണ് ആദിവാസികൾ മടങ്ങിയത്. കോടനാട് എത്തിച്ച പീലാണ്ടിക്ക് ചന്ദ്രശേഖരൻ എന്നാണു വനം വകുപ്പ് ആദ്യം നൽകിയ പേര്. ഇതു വിവാദമായി. ആദിവാസിയുടെ പേര് ആനയ്ക്കു നൽകണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും വനംവകുപ്പിനും പരാതി നൽകി. അപേക്ഷ വനം വകുപ്പ് അംഗീകരിച്ചു. കൊല്ലപ്പെട്ട പീലാണ്ടിയുടെ പേരും ചന്ദ്രശേഖരന്റെ ചന്ദ്രുവും ചേർത്തു പീലാണ്ടി ചന്ദ്രു എന്നാക്കി പേരു മാറ്റി.

പഠനം അഞ്ചര വർഷം 

ഒൻപതുപേരെ കൊലപ്പെടുത്തി പാലക്കാട് അട്ടപ്പാടിയെ വിറപ്പിച്ച പീലാണ്ടി ചന്ദ്രു ഇന്നു കോടനാട് ആനക്കളരിയിൽ ശാന്തനാണ്. 2017 മേയ് 30നു 4 കുങ്കിയാനകളുടെ സഹായത്തോടെ കോടനാട് എത്തിച്ച പീലാണ്ടി ആനക്കളരിയിലെ അഞ്ചര വർഷത്തെ പഠനത്തിലൂടെ അനുസരണയുള്ള നാട്ടാനയായി മാറി. സ്കൂൾ പ്രവേശന ദിവസമായ 2017 ജൂൺ ഒന്നിനാണ് ആനക്കളരിയിൽ പീലാണ്ടിയുടെ ആദ്യപാഠം തുടങ്ങിയത്. വളഞ്ഞ കൊമ്പിന്റെ അഗ്രഭാഗം മുറിച്ചു നീക്കി ഭംഗിയുള്ളതാക്കി. ചെറിയ പരിശീലനം കൂടി നൽകിയാൽ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS