ADVERTISEMENT

വൈപ്പിൻ∙ ഉയർന്ന വിലയും വിദേശ വിപണിയിലെ പ്രിയവും കൊണ്ട് എന്നും ഉൾനാടൻ മത്സ്യമേഖലയിലെ താരമായിരുന്ന കാരച്ചെമ്മീനുകൾക്ക് കഷ്ടകാലം. വൈറസ് രോഗത്തിനു പുറമേ കയറ്റുമതി രംഗത്തെ ഡിമാൻഡ് കുറവും കൂടിയായതോടെ വലിപ്പമേറിയ കാരച്ചെമ്മീൻ പോലും പ്രാദേശിക വിപണിയിൽ വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണ് ചെമ്മീൻ കർഷകർ.

 ചെമ്മീനുകളുടെ കൂട്ടത്തിൽ വലുപ്പത്തിൽ എന്ന പോലെ വിലയിലും കാര ആയിരുന്നു എന്നും മുന്നിൽ.  കിലോഗ്രാമിന് 900–1000 രൂപ വരെ വിലയുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അത് 500– 550 രൂപയായി കുറഞ്ഞു.ഇക്കുറി  വൈറസ് ബാധ കാരച്ചെമ്മീനുകളേയും കാര്യമായി ബാധിച്ചിരുന്നുവെന്ന് കർഷകർ പറയുന്നു. ഇത് വർഷങ്ങളായുള്ള പതിവാണെങ്കിലും പിന്നീട് ലഭിക്കുന്ന കാരയുടെ അളവും ഉയർന്ന വിലയും കൊണ്ട് ഈ നഷ്ടം നികത്തുന്നതായിരുന്നു കർഷകരുടെ പതിവ്. എന്നാൽ ഇക്കുറി കാര്യങ്ങൾ നേരെ തിരിച്ചായി.

കാരച്ചെമ്മീൻ എടുക്കാൻ തീരെ ആളില്ലാത്ത അവസ്ഥയാണ്. കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് നൽകുന്നതിനായി പ്രാദേശിക വിപണിയിൽ നിന്ന് കാര സംഭരിച്ചിരുന്നവർ ഇപ്പോൾ താൽക്കാലികമായി പിന്മാറിയിരിക്കുകയാണ്. വിദേശത്തു നിന്നുള്ള ഡിമാൻഡിൽ വൻ കുറവുണ്ടായതായാണ്  ഇവർ പറയുന്നതെങ്കിലും അതിനുള്ള കാരണം വ്യക്തമല്ല. 

ഇതോടെ നാട്ടിൻപുറങ്ങളിലെ കാരച്ചെമ്മീൻ സംഭരിച്ചിരുന്ന ഒട്ടുമിക്ക വിൽപന കേന്ദ്രങ്ങളും അവ എടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇതോടെയാണ് കർഷകർ പ്രാദേശിക മാർക്കറ്റുകളിൽ എത്തിച്ച്  വിൽപന നടത്തുന്നത്. മാർക്കറ്റുകളിൽ ഡിമാൻഡ് ഉണ്ടെങ്കിലും  വലിയ വില ലഭിക്കില്ല. 

 ഇതോടെ ഇക്കുറി വേനൽക്കാല ചെമ്മീൻ കെട്ടുകളിൽ ഭൂരിഭാഗവും നഷ്ടത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. കെട്ടുകളിൽ സാധാരണ കണ്ടു വരാറുള്ള തെള്ളി,ചൂടൻ, നാരൻ തുടങ്ങിയ മറ്റു ചെമ്മീനുകളുടെ ലഭ്യതയും ഇക്കുറി കുറവാണ്. ഞണ്ട് തീരെ കിട്ടാനില്ലാത്ത സ്ഥിതിയും. ഈ സാഹചര്യത്തിൽ ആശ്വാസമാകും  എന്നു പ്രതീക്ഷിച്ചിരുന്ന കാരച്ചെമ്മീൻ വിപണിയും തകർന്നതോടെ കർഷകർ കടുത്ത  നിരാശയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com