കാക്കനാട്∙ കൊച്ചിയിലും പരിസരത്തും ഗതാഗത നിയമ ലംഘനം പിടികൂടാനിറങ്ങിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു ദിവസം കൊണ്ടു 244 വാഹനങ്ങൾക്കെതിരെ കേസെടുത്തു. 7,68,750 രൂപ പിഴ ചുമത്തി. ഏറ്റവും കൂടുതൽ കണ്ടെത്തിയ കുറ്റം ഹെൽമറ്റ് ധരിക്കാത്തതു തന്നെ. 120 പേർക്കാണ് ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഇനത്തിൽ പണം നഷ്ടപ്പെട്ടത്.
ഇരുചക്ര വാഹനം ഓടിച്ച 85 പേരും പിൻസീറ്റിൽ യാത്ര ചെയ്ത 35 പേരുമാണു ഹെൽമറ്റില്ലാത്തതിനു പിഴ അടച്ചത്. ലൈസൻസില്ലാത്ത ഡ്രൈവർമാരും ഇൻഷുറൻസും പെർമിറ്റുമില്ലാത്ത വാഹനങ്ങളും പിടിയിലായി. അമിത ലോഡ് കയറ്റിയ 3 കുടിവെള്ള ടാങ്കറുകളും കസ്റ്റഡിയിലെടുത്തു. നിയമ വിരുദ്ധമായി രൂപ മാറ്റം വരുത്തിയതിനു 28 വാഹനങ്ങൾ പിടികൂടി.
സൈലൻസറുകൾ, ഹാൻഡിലുകൾ, മഡ്ഗാഡുകൾ, ലൈറ്റുകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ അനധികൃതമായി പിടിപ്പിച്ച ബൈക്കുകളാണ് പിടിയിലായത്. സൈലൻസറിന്റെ രൂപം മാറ്റി കൂടുതൽ ശബ്ദം പുറപ്പെടുവിച്ചും ലൈറ്റുകളിൽ ഡെക്കറേഷൻ നടത്തി റോഡിൽ വെളിച്ച വിപ്ലവമുണ്ടാക്കിയും പാഞ്ഞ ബൈക്കുകളും പിടിയിലായി. അമിത വേഗം, ജംക‍്ഷനുകളിലെ സിഗ്നൽ അവഗണിക്കൽ, മദ്യപിച്ച ശേഷമുള്ള ഡ്രൈവിങ്, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിങ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹന ഗ്ലാസിൽ സൺ ഫിലിം പതിക്കൽ തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തി.